ന്യൂദല്‍ഹി:എല്ലാവർക്കും കുറഞ്ഞ നിരക്കിൽ കോവിഡ് വാക്‌സിന്റെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകാരോഗ്യ സംഘടനയിൽ ഇന്ത്യ തുല്യതയ്‌ക്കായി ശക്തമായി വാദിക്കുന്നുവെന്നും, കൊവിഡ് വാക്‌സിനുകൾ, രോഗനിർണ്ണയ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയെ WTO-യുടെ TRIPS കരാറിൽ (ബൗദ്ധിക സ്വത്തവകാശ കരാർ) നിന്ന് ഒഴിവാക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം മുന്നോട്ടുവച്ചിട്ടുണ്ടെന്നും, ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾഎന്നിവ സംബന്ധിച്ച ഏഴാം വാർഷിക മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യ ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻ (GAVI), ലോകാരോഗ്യ സംഘടന (WHO), ആക്‌സസ് ടു കോവിഡ്-19 ടൂൾസ് (ACT) ആക്‌സിലറേറ്റർ എന്നിവയുമായി ചേർന്ന് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2030 ഓടെ പൂർണ്ണമായും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം കൊറോണ വൈറസ് ബാധയിൽ നിന്ന് കരകയറുന്നതിനുള്ള ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ ഈ വർഷത്തെ മൾട്ടി-സ്റ്റേക്ക്ഹോൾഡർ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വാക്‌സിൻ ഗവേഷണത്തിലെ പ്രമുഖ അന്തർദേശീയ ശാസ്‌ത്ര കൂട്ടായ്‌മകളിൽ ഒരു പ്രമുഖ അംഗമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ലോകത്തിലെ ആദ്യത്തെ DNA അധിഷ്‌ഠിത വാക്‌സിൻ ഉൾപ്പെടെ, സുരക്ഷിതവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ വാക്‌സിനുകൾ വികസിപ്പിക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലും കരുത്തുറ്റ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന്റെ പിന്തുണയാൽ നമ്മുടെ ശാസ്‌ത്രസമൂഹം വിജയിച്ചിരിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ദക്ഷിണ-ദക്ഷിണ സഹകരണത്തിൽ (South-South Cooperation) നിന്ന് പ്രേരണ ഉൾക്കൊണ്ട്, ശാസ്ത്രം,സാങ്കേതികവിദ്യ, നൂതനാശയങ്ങൾ,സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മാർഗ്ഗരേഖ എന്നിവ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും ആഫ്രിക്കയിൽ നിന്നും മറ്റ് വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള തത്പര രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ടെക്നോളജി ഫെസിലിറ്റേഷൻ മെക്കാനിസവുമായും ഐക്യരാഷ്‌ട്രസഭയുടെ ഇന്റർ ഏജൻസി ടാസ്‌ക് ടീമുമായും (IATT) ഇന്ത്യ സഹകരിക്കുന്നതായും ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: