മുംബൈ: മഹാരാഷ്ട്ര എം.പി നവ്നീത് റാണ, ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണ എന്നിവര്‍ക്ക് രാജ്യദ്രോഹക്കുറ്റത്തില്‍ ജാമ്യം അനുവദിച്ച് കോടതി. 50,000 രൂപ ബോണ്ടിലും ആള്‍ജാമ്യത്തിലുമാണ് ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും ഇരുവരേയും കോടതി വിലക്കിയിട്ടുണ്ട്. ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറുടെ വസതിയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഏപ്രല്‍ 23നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരേയും മുംബൈ ബൈക്കൂള ജയിലില്‍ നിന്നും മോചിപ്പിച്ചു. താക്കറെ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഇവരുടെ ജാമ്യത്തിലൂടെ നേരിടേണ്ടി വന്നിരിക്കുന്നത്. ഇവരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. നവനീത് റാണയും ഭര്‍ത്താവ് രവി റാണയും കഴിഞ്ഞ 12 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഇവരെ എങ്ങനെ ശിക്ഷിക്കാന്‍ കഴിയും എന്നാണ് റാണ ദമ്പതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് അബാദ് പോണ്ട കോടതിയില്‍ വാദിച്ചത്.
എംപിയും എംഎല്‍എയും മുസ്ലീം പള്ളിക്ക് മുന്നില്‍ പോയി നിന്ന് ഹനുമാന് ചാലിസ ജപിക്കുമെന്ന് പറഞ്ഞിരുന്നെങ്കില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കേസെടുക്കാമായിരുന്നു. എന്നാല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പോയി ഹനുമാന് ചാലിസ ചൊല്ലുമെന്നാണ് പറഞ്ഞത് എന്നും അത് കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷകന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: