തിരുവനന്തപുരം: സര്‍വീസ് ആനുകൂല്യങ്ങള്‍ ഇനി വേണ്ട. ആഗ്രഹിച്ച മുഖങ്ങള്‍ ഇനി കാണാനും വരേണ്ട. അഞ്ചു തെങ്ങിലെ വീട്ടിലേക്ക് പോകുകയും വേണ്ട. എല്ലാത്തിനും വിരാമമിട്ട് കെ. വി രാധാ റാണി വിടചൊല്ലി. ശ്രീകാര്യത്തെ ശരണാലയത്തില്‍ താളം തെറ്റിയ മനസ്സുമായി കഴിയുകയായിരുന്ന രാധാമണി അന്തരിച്ചു. സംസ്ക്കാരം ശാന്തി കവാടത്തില്‍ നടന്നു.
ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലെ അംഗം. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി ചര്‍ച്ച നടത്തി, അവകാശങ്ങള്‍ നേടിയെടുത്ത തൊഴിലാളി നേതാവ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഒഎന്‍ജിസിയിലും ആകാശവാണിയിലും എന്‍ജിനീയര്‍. വിപ്ലവബോധവും സാമൂഹികബോധവും തുളുമ്പി പ്രസരിപ്പിച്ച യൗവ്വനം. സ്ത്രീകള്‍ അധികം കടന്നു ചെല്ലാതിരുന്ന എന്‍ജിനീയറിങ് മേഖലയില്‍ അറുപതുകളിലും എഴുപതുകളിലും ശോഭിച്ച ഔദ്യോഗിക ജീവിതം. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത്, എ.കെ ഗോപാലന് തുടങ്ങിയ ദേശീയ നേതാക്കളുടെ വാത്സല്യം….. അരനൂറ്റാണ്ടു മുന്‍പ് തിളക്കമുള്ള ജീവതം നയിച്ച രാധാ റാണിയുടെ ദുരന്തം ജന്മഭൂമിയാണ് കഴിഞ്ഞ ജനുവരി 14 ന് പുറത്തുകൊണ്ടുവന്നത്.
എണ്‍പത്തിനാലാമത്തെ വയസില്‍ കടിഞ്ഞാണ്‍ പൊട്ടിയ മനസ്സുമായി മാനസികരോഗാശുപത്രിയിലും പോകാനിടമില്ലാതെ ശരണാലയത്തിലുമായി അഭയം പ്രാപിച്ച അഞ്ചുതെങ്ങ് സ്വദേശിയായ രാധാ റാണിയുടെ ദുരിതകഥ അറിഞ്ഞ് കേരളം കണ്ണീര് വാര്‍ത്തു.
കൊല്ലം എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായി. റിക്കാര്‍ഡ്മാര്‍ക്കോടെ ഫിസിക്സില്‍ ബിരുദാന്തര ബിരുദം. Â രാധാ റാണിയെ മുഖ്യമന്ത്രി ഇഎംഎസ് പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത് മികവ് അറിഞ്ഞാണ്. ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടപ്പോള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് ദല്‍ഹിയിലേക്ക്. ആദ്യം പൊതു മേഖലാസ്ഥാപനമായ ഒഎന്‍ജിസിയിലും പിന്നീട് ആകാശവാണി ദല്‍ഹി കണ്ട്രോള് റൂമിലും എന്‍ജിനീയര്‍ ജോലി. അസോസിയേഷന് ഓഫ് റേഡിയോ ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനീയറിങ് എംപേ്ളോയീസിന്റെ സെക്രട്ടറിയായി രാധാ റാണിയെ തെരഞ്ഞെടുത്തു.1982ല്‍ ദല്‍ഹി ഏഷ്യന്‍ഗെയിംസ് സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ ബോണസ് സമരത്തിന്റെ കേന്ദ്രസ്ഥാനത്ത് ആകാശവാണി എന്‍ജിനീയറിങ് ജിവനക്കാരുടെ സംഘടനയായിരുന്നു. രാധാ റാണി സമരത്തിന്റെ ദല്‍ഹി കോഓര്‍ഡിനേറ്റര്‍. സമരം വിജയിച്ചു എല്ലാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബോണസ് അനുവദിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സമരം ഒത്തുതീര്‍പ്പിലെത്തിച്ചു.
അസോസിയേഷന്റെ ഇംഗ്ലീഷ് മാസിക ആയിരുന്ന ‘ഫിലമെന്റ്’ എഡിറ്ററായും രാധാറാണി പ്രവര്‍ത്തിച്ചു.
മനസില്‍ ചില കലഹങ്ങള്‍ തുടങ്ങിയതും ചിന്തകള്‍ ഇടറിത്തുടങ്ങിയതും ഇക്കാലത്താണ്. സഹപ്രവര്‍ത്തകരുടെയും, സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി 1984ല്‍ തൃശ്ശൂര്‍ ആകാശവാണിയിലേക്ക് സ്ഥലംമാറ്റം വാങ്ങി. സമരക്കാരി എന്ന പ്രതിച്ഛായ അധികാരികള്‍ക്ക് പകവീട്ടാനുള്ള പഴുതായി. ഏഴു മാസത്തിന്ശേഷം ബാംഗ്ലൂര്‍ ആകാശവാണിയിലേക്ക് മാറ്റി. അനധികൃതമായി അവധിയില്‍ തുടര്‍ന്നുവെന്ന പറഞ്ഞ് 1986 ഏപ്രില്‍ 29ന് ബാംഗ്ലൂര്‍ ആകാശവാണിയില്‍ നിന്ന് പിരിച്ചുവിട്ടു. നിയമാനുസൃതം ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചില്ല.
ഒഎന്‍ജിസിയില്‍ സഹപ്രവര്‍ത്തകനായിരുന്ന പഞ്ചാബിയായിരുന്നു ഭര്‍ത്താവ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ജോഗ്രഫിയില്‍ പി എച്ച് ഡി എടുത്ത ഒരേയൊരു മകള്‍ അധ്യാപികയായിരുന്നു. അവിവാഹിതയായ അവരും മാനസിക ചികിത്സയിലാണ്. മുപ്പത്തഞ്ച് വര്‍ഷമായി രാധാറാണിയെക്കുറിച്ച് ആരും അന്വേഷിച്ചില്ല. അഞ്ചുതെങ്ങിലെ തകര്‍ന്ന വീടിനുള്ളില്‍ മൃതപ്രായയായി കിടന്ന രാധാറാണിയെ സാമൂഹ്യപ്രവര്‍ത്തകരാണ് കണ്ടെത്തി തിരുവനന്തപുരത്തെ മനോരോഗാശുപത്രിയില്‍ എത്തിച്ചത്. ശ്രീകാര്യത്തെ ചികിത്സയ്ക്ക്ശേഷം പോകാനിടമില്ലാതെ ശരണാലയത്തില്‍ അഭയം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: