തൃശൂർ: ജനസാഗരം ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ മുഖ്യ പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റ് നടന്നത്. ഇതോടെ നാടും നഗരവും പൂരലഹരിയിലായി. പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ ഒമ്പതിനും 10.30നും മദ്ധ്യേയായിരുന്നു കൊടിയേറ്റം. വലിയപാണിയ്‌ക്ക് ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ കൊടി ഉയർത്തി.
ചെമ്പില്‍ കുട്ടനാശാരി നിര്‍മ്മിച്ച കവുങ്ങിന്‍ കൊടി മരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകള്‍, ദര്‍ഭപുല്ല് എന്നിവയാല്‍ അലങ്കരിച്ചു. ക്ഷേത്രത്തില്‍ നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിയുയർത്തിയത്. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി. പാറമേക്കാവ് ശ്രീപത്മനാഭന്‍ ഭഗവതിയുടെ തിടമ്പേറ്റി. തുടര്‍ന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നെള്ളിപ്പ്. ഭഗവതിക്ക് വടക്കുന്നാഥ ക്ഷേത്രം കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ആറാട്ടും നടക്കും.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30നും 10.55നും ഇടയ്‌ക്കുമാണ് കൊടിയേറ്റ് നടന്നത്. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്‌ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിര്‍മ്മിച്ചശേഷം ഭൂമിപൂജ നടത്തി. തുടര്‍ന്ന് ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ ചേര്‍ന്ന് കൊടിയേറ്റ് നടത്തി. ഉച്ചതിരിഞ്ഞ് മൂന്നിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള പൂരംപുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ ഭഗവതിയുടെ തിടമ്പേറ്റും. 3.30ന് എഴുന്നെള്ളിപ്പ് നായ്‌ക്കനാലില്‍ എത്തുന്നതോടെ നായ്‌ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയര്‍ത്തും. ശ്രീകൃഷ്ണന്റേയും ശ്രീഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല, മഞ്ഞ നിറങ്ങളിലുള്ള തുന്നിയ കൊടികളാണ് ഉയര്‍ത്തുക. പൂരപ്പതാകകള്‍ ഉയര്‍ത്തുമ്പോള്‍ ആചാരവെടി മുഴങ്ങും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച് നടുവില്‍ മഠത്തിലെത്തി ആറാട്ട് കഴിഞ്ഞ് വൈകീട്ട് അഞ്ചോടെ ഭഗവതി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെള്ളും.
പൂരത്തില്‍ പങ്കെടുക്കുന്ന ലാലൂര്‍, അയ്യന്തോള്‍ എന്നിവിടങ്ങളിലും രാവിലെ കൊടിയേറി. ചെമ്പൂക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക്, കണിമംഗലം, ചൂരക്കോട്ടുകാവ്, നെയ്തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിൽ വൈകിട്ടാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ രാവിലെ 8.00-8.30 മദ്ധ്യേയും അയ്യന്തോള്‍ കാര്‍ത്യായനിദേവീ ക്ഷേത്രത്തില്‍ രാവിലെ 10.30-11.30 ഇടയിലും കൊടിയേറി. ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തില്‍ വൈകിട്ട് 5.30നും കണിമംഗലം ശാസ്താ ക്ഷേത്രത്തില്‍ വൈകിട്ട് 6.30നും പനമുക്കുംപിള്ളി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ വൈകിട്ട് 6.30-7.30ന് മദ്ധ്യേയും കൊടിയേറ്റം നടക്കും.
പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രത്തില്‍ വൈകീട്ട് 6.30, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വൈകിട്ട് 6.30-7.00, ചൂരക്കോട്ടുകാവ് ദുര്‍ഗാദേവീ ക്ഷേത്രത്തില്‍ വൈകിട്ട് 7.00-7.30 മദ്ധ്യേ എന്നിങ്ങനെയാണ് കൊടിയേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: