മനുഷ്യസ്വഭാവത്തെ അവന്റെ വികാരം നിയന്ത്രിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴത് അത്രത്തോളം പ്രബലമല്ല. എങ്കിലും ഇന്നും മനുഷ്യനെ സ്വാധീനിക്കുന്ന തീവ്രമായ ഘടകമാണത്. ഭൗതീകശരീരത്തെ ഉല്‍ക്കടമായ അവസ്ഥയില്‍ എത്തിയ്‌ക്കാന്‍, പലരും പ്രാപ്തരല്ല. ഉന്നതമായൊരു മാനസികാവസ്ഥയില്‍ ചിലര്‍ക്കു മാത്രമേ മാറ്റമില്ലാതെ നില്ക്കാനാവുന്നുള്ളൂ. പൊതുവേ ഊര്‍ജപരമായൊരു പരമായ തീവ്രത, ആരുമനുഭവിക്കുന്നില്ല. എന്നാല്‍ വികാരത്തെ വളരെയധികം തീവ്രമാക്കാം. പ്രണയത്തിലല്ലെങ്കില്‍, കോപത്തിലെങ്കിലും നിങ്ങളുടെ വികാരം തീവ്രമാണ്. ഞാന്‍ നിങ്ങളെ ആക്ഷേപിച്ചാല്‍, ആ രാത്രി ഉറങ്ങാനാവാത്തവിധം നിങ്ങള്‍ വൈകാരിക തീവ്രതയിലാവും.
വികാരത്തെ മാധുര്യമുള്ളതും അത്ഭുതകരവുമാക്കാം. അതേപോലെ അപ്രിയവും ഭീകരവുമാക്കാം. മാധുര്യമുള്ളതാക്കാന്‍ നിങ്ങള്‍ പരിശീലിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ വികാരത്തെ നിഷേധാത്മകതയില്‍ നിന്ന് മാധുര്യമുള്ളതാക്കാന്‍ പര്യാപ്തമായ മാര്‍ഗമാണ് ഉപാസന. നോക്കൂ, പ്രണയിക്കുന്നവര്‍ ലോകത്ത് നടക്കുന്ന ഒന്നിലും താല്പര്യം പ്രകടിപ്പിക്കുന്നില്ല. വികാരത്തെ സ്വീകാര്യമാക്കിക്കൊണ്ട് അവര്‍ ജീവിതത്തെ ആനന്ദദായകമാക്കി.
പ്രണയത്തിന്റെ, പതിന്മടങ്ങിലേറെ മെച്ചപ്പെട്ട രൂപമാണ് ഭക്തി. നിങ്ങള്‍ പ്രണയത്തിലായാല്‍ പ്രണയിക്കുന്നയാള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെയല്ലെങ്കില്‍ ഒടുവിലത് പ്രതിസന്ധിയിലായിതീരും. അതു കൊണ്ടാണ് എല്ലാവരും ദൈവത്തെ തിരഞ്ഞെടുത്തത്. അതൊരു പ്രേമബന്ധം മാത്രമല്ല, ദൈവത്തിന്റെ പ്രതികരണം ആരും പ്രതീക്ഷിക്കുന്നുമില്ല. അപ്പോള്‍ നിങ്ങളുടെ ജീവിതം അതിമനോഹരമാവുന്നു. കാരണം, നിങ്ങളുടെ വികാരം മാധുര്യമുള്ളതായിരിക്കുന്നു. ആ മാധുര്യത്തില്‍ ഭക്തര്‍ വളരുന്നു.
ഉപാസന കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ അമ്പലവാസി ആകണമെന്നോ, എന്നും തേങ്ങാ ഉടയ്‌ക്കണമെന്നോ ഒന്നുമല്ല. ഈ നിലനില്പിലെ തന്റെ സ്ഥാനമെന്തെന്ന് ഉപാസകന് ബോധ്യപ്പെട്ടിട്ടുണ്ട്.
ബ്രഹ്മാണ്ഡം അതിവിശാലമാണ്. അതിന്റെ തുടക്കമോ ഒടുക്കമോ നിങ്ങള്‍ക്കറിയില്ല. കോടാനുകോടി ക്ഷീരപഥങ്ങളുണ്ട്. വിശ്വപ്രപഞ്ചത്തില്‍ ഈ സൗരയൂഥം ഒരു ചെറിയ ബിന്ദുവാണ്. സൗരയൂഥം തന്നെ അപ്രത്യക്ഷമായാലും ശ്രദ്ധിക്കപ്പെടില്ല. ഈ ചെറിയ സൗരയൂഥത്തില്‍ ഭൂമി അതിലും ചെറിയ ഒരു ബിന്ദുവാണ്. അതില്‍ നിങ്ങള്‍ ജീവിക്കുന്ന നഗരം അത്യന്തം സൂക്ഷ്മമാണ്. അവിടെ ജീവിക്കുന്ന നിങ്ങള്‍ വലിയ മനുഷ്യനും! ഇത് കാഴ്‌ച്ചപാടിലെ വൈകല്യമാണ്. ഇതു കൊണ്ടുമാത്രമാണ് നിങ്ങളില്‍ അല്‍പവും ഭക്തിയില്ലാതിരിക്കുന്നത്.
ശുഷ്‌കാന്തിയോടെയും കരുതലോടെയും നിങ്ങള്‍ ചുറ്റുപാടിനെ ശ്രദ്ധിക്കാന്‍ പഠിച്ചാല്‍, ഒരണുവിനെ പോലും അതിന്റെ സമ്പൂര്‍ണതയില്‍ ഗ്രഹിക്കാനാവില്ലെന്നത് നിങ്ങള്‍ക്ക് ബോധ്യപ്പെടും. എല്ലാം നമ്മുടെ ബൗദ്ധികതയ്‌ക്കും ഉപരിയാണ്. നിങ്ങളെക്കാളുപരിയാണ് എല്ലാമെങ്കില്‍, സ്വാഭാവികമായി നിങ്ങളൊരു ഭക്തനായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: