ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതത്തിന് അറബ് ദേശങ്ങളുമായി വ്യാപാര, സാംസ്കാരിക ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സിന്ധു നദിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഭാരതത്തെ ഹിന്ദുദേശം എന്ന് വിളിയ്‌ക്കാന്‍ തുടങ്ങിയത് അറബികളാണ്. ആദ്യം ഭൂമിശാസ്ത്ര പരമായ അര്‍ത്ഥത്തില്‍ പ്രചാരം നേടിയ ഹിന്ദു എന്ന ഈ ഐഡന്റിറ്റി പിന്നീട് സാംസ്കാരികവും ദേശീയവുമായ അര്‍ത്ഥത്തിലും പ്രയോഗിയ്‌ക്കപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഭാരതവാസികള്‍ സ്വയം എന്നു മുതലാണ് ഈ ഐഡന്റിറ്റി ഉപയോഗിയ്‌ക്കാന്‍ തുടങ്ങിയത് എന്നതിന് വളരെയൊന്നും ചരിത്ര രേഖകള്‍ ലഭ്യമല്ല. അതുകാരണം ഹിന്ദു എന്നത് ഒരു ഐഡന്റിറ്റി എന്ന നിലയില്‍ പത്തൊമ്പതാം നൂറ്റാണ്ട് പോലെ ഈയടുത്ത കാലത്ത് പ്രയോഗത്തില്‍ വന്ന ഒരു ആശയമാണ് എന്നാണ് ഇടതു ബുദ്ധിജീവികള്‍ പ്രചരിപ്പിച്ചിരുന്നത്. ഹിന്ദുത്വം അഥവാ ഹിന്ദു അസ്മിത എന്നതിന് ചരിത്രത്തിന്റെ പിന്‍ബലമില്ല എന്ന് വരുത്തി തീര്‍ക്കുകയാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യത്തെ എത്രതന്നെ മൂടിവയ്‌ക്കാന്‍ ശ്രമിച്ചാലും മറകള്‍ നീക്കി ഒരുനാള്‍ അത് പുറത്തു വരികതന്നെ ചെയ്യും.
ഛത്രപതി ശിവജിയുടെ കാലഘട്ടത്തിനും മുന്നൂറു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഭാരതീയ രാജാക്കന്മാര്‍ സ്വയം ഹിന്ദു എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിച്ചിരുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. മുഗളന്മാര്‍ ഭാരതത്തില്‍ എത്തുന്നതിനും ഒന്നര ശതാബ്ദങ്ങള്‍ക്കു മുമ്പ് വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന രാജക്കന്മാരാണ് ‘ഹിന്ദുരായ സുരത്രാണ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നത്. ഹിന്ദു രാജാക്കന്മാരുടെ സംരക്ഷകന്‍ എന്നാണ് ആ വിശേഷണത്തിനര്‍ത്ഥം. രാജാക്കന്മാരെ വിശേഷിപ്പിയ്‌ക്കാന്‍ ഹിന്ദു എന്ന വാക്ക് ഉപയോഗിച്ചിരുന്നതിന്റെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴയ ചരിത്ര രേഖയാണ് ഇത്. ദാവന്‍ഗരെയിലെ ഹരിഹര്‍ പട്ടണത്തില്‍ പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ശകവര്‍ഷം 1309 (പൊതുവര്‍ഷം 1387) എന്ന് രേഖപ്പെടുത്തിയ ശിലാഫലകം സ്ഥിതി ചെയ്യുന്നു. വിജയനഗരത്തിന്റെ മൂന്നാമത്തെ രാജാവായ ഹരിഹരരായ രണ്ടാമന്റെ കാലഘട്ടമാണിത്.
1970 കളില്‍ പ്രസിദ്ധീകരിയ്‌ക്കപ്പെട്ട ശ്രീ ഹരിഹര ദേവാലയ എന്ന പുസ്തകത്തില്‍ എച് എം ശങ്കരനാരായണ ഈ ലിഖിതത്തെ പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ തീയതിയെ കുറിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. പിന്നീട് ചരിത്രകാരനായ ഡോ രവികുമാര്‍ കെ നവലഗുണ്ട, ഈ ലിഖിതം വീണ്ടും വായിയ്‌ക്കുകയും, അതില്‍ കൊടുത്തിരിയ്‌ക്കുന്ന തിയതി ശക വര്‍ഷത്തിലെ പ്രഭവ സംവത്സര എന്ന 1309 മാണ്ട്, കാര്‍ത്തിക മാസത്തിലെ ആദ്യ തിങ്കളാഴ്ച അഥവാ പൊതുവര്‍ഷം ജൂലൈ 1, 1387 ആണെന്ന് കണ്ടെത്തുകയുമായിരുന്നു. എകനാതി, ഹരിഹര ക്ഷേത്രങ്ങള്‍ക്ക് കൊടുത്തിട്ടുള്ള പല പാരിതോഷികങ്ങളെ കുറിച്ചും ലിഖിതം രേഖപ്പെടുത്തുന്നു.
കര്‍ണ്ണാടക സാമ്രാജ്യത്തിലെ (വിജയനഗര സാമ്രാജ്യം) പല രാജാക്കന്മാരും ‘ഹിന്ദുരായ’ എന്ന പദവി സ്വീകരിച്ചിരുന്നു. രാജാക്കന്മാര്‍ സ്വയം ഹിന്ദു എന്ന് വിളിച്ചിരുന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളാണ് ഇവ. ഹരിഹരന്‍ രണ്ടാമന്റെ മുന്‍ഗാമികളായിരുന്ന ഹരിഹരന്‍ ഒന്നാമനും, ബുക്കാരയന്‍ ഒന്നാമനും ഇതേ പദവി ഉണ്ടായിരുന്നു. ഹിന്ദു അസ്മിത ഉറപ്പിച്ചു പറഞ്ഞു തുടങ്ങിയത് ശിവജിയുടെ കാലഘട്ടത്തിലാണ് എന്ന പൊതു ധാരണയ്‌ക്ക് വിരുദ്ധമായി ശിവജിയുടെ ജനനത്തിനും വളരെ മുമ്പ്, മുഗളന്മാരുടെ വരവിനും മുമ്പാണ് ഇതുണ്ടായിരുന്നത് എന്നതാണ് ഇതിന്റെ പ്രാധാന്യം.’ നവലഗുണ്ട പറഞ്ഞു.
ഹരിഹരന്‍ രണ്ടാമന്റെ ശിലാലിഖിതം ഇന്ന് വളരെ പരിതാപകരമായ അവസ്ഥയിലാണ്. ഹരിഹറിലെ കോട്ട നില്‍ക്കുന്ന പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ നിറഞ്ഞിരിയ്‌ക്കുന്നു. ശിലാലിഖിതം അത്തരമൊരു സ്വകാര്യകെട്ടിടത്തിന്റെ പിന്നാമ്പുറത്താണ് ഉള്ളത്. അവയെ സംരക്ഷിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നവലഗുണ്ട പ്രാദേശിക പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് എഴുതിയിട്ടുണ്ട്. അവ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ സൂക്ഷിയ്‌ക്കുകയെങ്കിലും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. തുടര്‍ന്ന് പുരാവസ്തു ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിയ്‌ക്കുകയും നടപടികള്‍ എടുക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടക സാമ്രാജ്യം ഹൊയ്‌സാല സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് പടുത്തുയര്‍ത്തിയത്. അവസാന ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല മൂന്നാമന്‍, പതിന്നാലാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ വടക്കു നിന്നുള്ള ഖില്‍ജിയുടെയും, തുഗ്ലാക്കിന്റെയും ആക്രമണങ്ങളെ നേരിടേണ്ടി വന്നു. ദല്‍ഹി സുല്‍ത്താന്മാരുടെ അധിനിവേശങ്ങള്‍ തെക്കുള്ള എല്ലാ രാജ്യങ്ങളേയും തുടച്ചു നീക്കിയിരുന്നു. അതില്‍ നിന്നാണ് ഹൊയ്‌സാല രാജാവിന്റെ സേനാനായകരായിരുന്ന ഹരിഹരന്‍ ഒന്നാമനും ബുക്കാരയന്‍ ഒന്നാമനും ചേര്‍ന്ന് സ്വന്തമായി ഒരു സ്വതന്ത്ര സാമ്രാജ്യത്തിന്റെ അടിത്തറ പാകിയത്. വിജയനഗരം തലസ്ഥാനമാക്കി നിലവില്‍ വന്ന കര്‍ണ്ണാടക സാമ്രാജ്യം ആയിരുന്നു അത്.
ഇന്നത്തെ കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ വ്യാപിച്ചിരുന്ന കര്‍ണ്ണാടക സാമ്രാജ്യം, ബ്രിട്ടീഷ് കോളനി വാഴ്ചക്കാലം വരെ നല്ല നിലയില്‍ മുന്നോട്ടു പോയി.
അക്കാലത്തെ ലിഖിതങ്ങള്‍ ഈ സാമ്രാജ്യത്തെ കര്‍ണ്ണാടക സാമ്രാജ്യം, വിജയനഗര സാമ്രാജ്യം, ഹംപി എന്നെല്ലാം പലയിടത്തും വിശേഷിപ്പിയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: