ബെര്‍ലിന്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ജര്‍മനിയില്‍ എത്തി. ബര്‍ലിന്‍-ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് അഡ്ലോണ്‍ കെംപിന്‍സ്കി ഹോട്ടലില്‍ എത്തിയ പ്രധാനമന്ത്രി ഇന്ത്യക്കാരുമായി സംവദിച്ചു.

ഇതിനിടെ പ്രധാനമന്ത്രിയെ ഒരു കുട്ടി ദേശഭക്തിഗാനം ആലപിച്ച് കേള്‍പ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മാതാപിതാക്കള്‍ക്കൊപ്പം വന്ന പെണ്‍കുട്ടി താന്‍ വരച്ച മോദി ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു. ചിത്രം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഇതു വരയ്ക്കാന്‍ എത്രദിവസം എടുത്തുവെന്ന് കുട്ടിയോട് ചോദിച്ച് അറിഞ്ഞു. വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിച്ച് ആളുകള്‍ പ്രധാനമന്ത്രിക്ക് ചുറ്റും കൂടി. ഇതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്.
ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബര്‍ലിനിലെത്തിയത്. ജര്‍മനിയും ഡെന്മാര്ക്കും ഫ്രാന്‍സും സന്ദര്‍ശിക്കുന്ന തിരക്കിട്ട ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്.

65 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ത്രിദിന സന്ദര്‍ശനത്തില്‍ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: