ദുര്‍ഗാപൂര്‍: മുബൈയില്‍ നിന്ന് ദുര്‍ഗാപുരിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ ആകാശച്ചുഴിയില്‍ പെട്ടത് കഴിഞ്ഞ ദിവസമാണ്. പിന്നാലെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. വിമാനത്തിന്റെ തറയില്‍ നിരവധി സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. പരിഭ്രാന്തരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അതേസമയം ആകാശച്ചുഴിയില്‍ പെട്ട് വിമാനം ആടിയുലഞ്ഞപ്പോള്‍ മുകളിലിരുന്ന ബാഗുകള്‍ ഉള്‍പ്പെടെ താഴെ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ജീവനക്കാര്‍ ഉള്‍പ്പെടെ 17ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പത്ത് പേരുടെ പരിക്ക് സാരമുള്ളതായാണ് റിപ്പോര്‍ട്ട്. പലര്‍ക്കും തലയില്‍ തുന്നല്‍ ഇടേണ്ടി വന്നു. ഒരു യാത്രക്കാരന് നട്ടെല്ലിന് സാരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പൈസ് ജെറ്റിന്റെ എസ്ജി945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാന്‍ഡിങ്ങിനിടെ ആടിയുലഞ്ഞത്.
മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം ആടിയുലഞ്ഞതെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടതായും കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: