കൊച്ചി: ഉന്മൂലകരെപ്പോലും സ്വാംശീകരിക്കാനുള്ള സവിശേഷസിദ്ധിയാണ്, ലോകത്ത് എത്രയോ മതങ്ങള്‍ നാമാവശേഷമായപ്പോഴും ഹിന്ദുമതം നിലനില്‍ക്കുന്നതിനു ഹേതുവെന്നു ലോകപ്രശസ്ത നര്‍ത്തകി ഡോ. പദ്മ സുബ്രഹ്മണ്യം. പ്രബലമായിരുന്ന പല മതങ്ങളുടെയും പേരു പോലും ഇന്ന് ആര്‍ക്കും അറിയില്ല. ഇത്തരം വെല്ലുവിളികള്‍ ഹിന്ദു മതവും നേരിട്ടിട്ടുണ്ട്. പക്ഷേ, ഉന്മൂലനം ചെയ്യാന്‍ വന്നവരെയും സ്വന്തം ചിറകിനുള്ളിലേക്കു സ്വാംശീകരിക്കാന്‍ ഈ മതത്തിനു കഴിഞ്ഞു. ഹിന്ദു മതത്തിന്റെ സവിശേഷതയും ശക്തിയും അനന്യതയുമാണത്. ആലുവ വൈഎംസിഎ ഹാളില്‍ തപസ്യ കലാസാഹിത്യവേദി 46-ാമത് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ലോകത്ത് ഒരു മതത്തിലും ഹിന്ദു മതത്തിലെപ്പോലെ സ്ത്രീകള്‍ക്ക് ആദരവും സ്ഥാനവും നല്‍കുന്നില്ല. നമ്മുടെ അര്‍ദ്ധനാരീശ്വര സങ്കല്പം തന്നെ അതിന് തെളിവാണ്. അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. തലച്ചോറിന്റെ ഒരുഭാഗം ശക്തിയും മറുഭാഗം ബുദ്ധിയുമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎന്‍ നടത്തിയ ലോക ആത്മീയ സമ്മേളനത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ അര്‍ദ്ധനാരീശ്വരമാണ് അവതരിപ്പിച്ചത്. അവിടെ ആദരിച്ച ആത്മീയ വ്യക്തിത്വം മാതാ അമൃതാനന്ദമയി ആയിരുന്നു. ഇന്ത്യയുടെയാകെ അഭിമാന നിമിഷമായിരുന്നു അത്, പദ്മ സുബ്രഹ്മണ്യം പറഞ്ഞു.
എത്രയോ വിപരീത ഘടകങ്ങളുണ്ടായിട്ടും തപസ്യ 46 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്നത് വലിയ നേട്ടമാണ്. തപസ്യ ഗുരുവാണ്. ദേശീയതയുടേയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റേയും പ്രാധാന്യമെന്താണെന്ന് തപസ്യ നമ്മെ പഠിപ്പിക്കുന്നു. ശങ്കരാചാര്യരുടെ കാലടി പതിഞ്ഞ മണ്ണില്‍ നില്‍ക്കുമ്പോള്‍ ചാരിതാര്‍ഥ്യമുണ്ട്. അദ്ദേഹത്തിന്റെ ആത്മീയത കേരളത്തിലും ഭാരതത്തിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല, പദ്മ സുബ്രഹ്മണ്യം പറഞ്ഞു. എതിര്‍ക്കുന്ന ശക്തികളെപ്പോലും ആഗിരണം ചെയ്യാനുള്ള കഴിവാണ് ഹിന്ദു മതത്തിന്റെ അനന്യതയെന്ന ഡോ. പദ്മ സുബ്രഹ്മണ്യത്തിന്റെ നിരീക്ഷണത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് മുഖ്യപ്രഭാഷകന്‍ ആഷ മേനോന്‍ പറഞ്ഞു.
ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. ഡോ. കലാമണ്ഡലം സുഗന്ധിയെ ഡോ. പദ്മ സുബ്രഹ്മണ്യം ആദരിച്ചു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. എം.എ. കൃഷ്ണന്‍, തപസ്യ സംസ്ഥാന സെക്രട്ടറി അനൂപ് കുന്നത്ത്, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ മുരളി പാറപ്പുറം, ജില്ലാ സെക്രട്ടറി വി.എന്‍. സന്തോഷ്, സംസ്‌കാര്‍ ഭാരതി ദേശീയ സമിതിയംഗം ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തപസ്യ മുന്‍ അധ്യക്ഷന്‍ എസ്. രമേശന്‍ നായരെക്കുറിച്ച് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ എഴുതിയ ‘കവി പൗര്‍ണമി’ പുസ്തകം ആഷാ മേനോന് നല്‍കി ഡോ. പത്മ സുബ്രഹ്മണ്യം പ്രകാശനം ചെയ്തു. വാര്‍ഷികോത്സവം ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: