പാലക്കാട്: ആര്‍എസ്എസ് മുന്‍ പ്രചാരകനും ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായ എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. പ്രതികളെ ഒളിപ്പിക്കാനും മറ്റു സഹായങ്ങളും നല്‍കുകയും, കൃത്യം നടന്ന ദിവസത്തിന് മുന്‍പും അതിന് ശേഷവും പ്രതികള്‍ക്ക് സഹായം നല്കിയ മുണ്ടൂര്‍ പൂതനൂര്‍ പള്ളിപ്പറമ്പ് അബൂബക്കര്‍ മകന് നിഷാദ് (38), ശംഖുവാരത്തോട് സ്വദേശികളായ അക്ബര്‍ അലി (25), അബ്ബാസ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 16 ആയി. നിഷാദ് പാലക്കാട് എന്നപേരില്‍ നിഷാദിന് യൂ ട്യൂബ് ചാനലുമുണ്ട്. മൂന്നുപ്രതികളും എസ്ഡിപിഐ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്.
ഇതിനിടെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയ നാലുപ്രതികളെ റിമാന്‍ഡ് ചെയ്തു. മുണ്ടൂര്‍ ഒമ്പതാംമൈല്‍ അബ്ദുല്‍ ഖാദര്‍ (ഇക്ബാല്‍34), ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാല്‍ (22), റിയാസുദ്ദീന്‍ (35), പോപ്പുലര്‍ ഫ്രണ്ട് കാവില്‍പ്പാട് യൂണിറ്റ് പ്രസിഡന്റ് കല്ലമ്പറമ്പില്‍ അഷ്റഫ് (29) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. മൂന്നുദിവസങ്ങളില്‍ വിവിധയിടങ്ങളില്‍ ഇവരുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
കൊലപാതകത്തിനുപയോഗിച്ച രണ്ട് വാളുകള്‍, മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തുമ്പോള് ഉപയോഗിച്ച ഹെല്‍മറ്റ് എന്നിവ കണ്ടെടുത്തു. ശ്രീനിവാസനെ വെട്ടിയ ശങ്കുവാരത്തോട് അബ്ദുള്‍ റഹ്മാന് എന്ന അദ്രുവിന്റെ (20) തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡിയില്‍ വാങ്ങും. മുമ്പ് 16 പേരാണ് കേസിലുള്ളതെന്നാണ് എഡിജിപി പറഞ്ഞിരുന്നതെങ്കിലും അത് 40ലധികം വരുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: