തിരുവനന്തപുരം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതിലെല്ലാം ഉറച്ചുനില്‍ക്കുന്നു. തെറ്റ് പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കാന്‍ മടിയില്ലെന്നും ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്റെ തീവ്രവാദ മുസ്ലീങ്ങള്‍ക്കുള്ള റമദാന് സമ്മാനമാണ് തന്റെ അറസ്റ്റും ഈ പ്രകടനവും. വിളിച്ച് പറഞ്ഞാല്‍ താന്‍ പോലീസില്‍ ഹാജരാകുമായിരുന്നുവെന്നും ജാമ്യം ലഭിച്ചശേഷം അദേഹം പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ ഈരാറ്റുപേട്ട തന്റെ വീട്ടില്‍ വന്ന പോലീസുകാരെ കണ്ടപ്പോള്‍ സങ്കടം തോന്നി. നിര്‍ദേശം കിട്ടിയിട്ടാണ് പുലര്‍ച്ചെ തന്നെ വന്നതെന്ന് പോലീസുകാര്‍ പറഞ്ഞു. പല്ല് തേച്ച് കുളിച്ചാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതെന്നും പിസി പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പി.സി. ജോര്‍ജിനെ പോലീസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍എംഎല്‍എയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് തള്ളിയ മജിസ്ട്രറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് വിവാദപ്രതികരണങ്ങള്‍ പാടില്ലെന്നും ഉപാധിവെച്ചിട്ടുണ്ട്.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പോലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: