ഡോ. ലക്ഷ്മി വിജയന് വി.ടി.
- ജെഎന്‍യു വൈസ് ചാന്‍സലര്‍ പദവി ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്, ‘ന്യൂ എഡ്യുക്കേഷണല്‍ പോളിസി നടപ്പാക്കുന്നതിലായിരിക്കും ശ്രദ്ധ’ എന്നായിരുന്നല്ലോ! എന്താണ് പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മേന്മ
എന്‍ഇപി ഒരു പൊതുചട്ടക്കൂടാണ്. വിദ്യാഭ്യാസം കിട്ടിയതുകൊണ്ടു മാത്രം അഭ്യസ്തവിദ്യരെന്ന് പറയാനാവില്ല എന്നതുകൊണ്ടാണ് ഈയൊരു മാറ്റം സര്‍ക്കാര്‍ വേഗത്തിലാക്കിയത്. പലര്‍ക്കും ഭാഷാ സ്വാധീനമോ എഴുത്തുപരിചയമോ, മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ധൈര്യമോ ഇല്ല. ഉദാഹരണത്തിന്, മഹാരാഷ്ട്രയില്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട് എങ്കിലും പലര്‍ക്കുമതില്‍ സംസാരിക്കാന്‍ സാധിക്കുന്നില്ല. വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ സന്ദര്‍ഭോചിതവും പ്രസക്തവുമായിരിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ മാറ്റങ്ങള്‍ വരുത്താവുന്ന തരത്തിലാണിത്. എല്ലാവരും പിന്തുടരേണ്ടത് ഒരേ രീതിതന്നെയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്‍ഇപി സമഗ്രമായ പദ്ധതിയാണ്. ക്രഡിറ്റുകള്ക്കനുസരിച്ച് ഒരേ കോഴ്സിനെ പല ഭാഗങ്ങളായി ചെയ്യാവുന്നതുമാണ്. ആരംഭിച്ച കോഴ്സ് ഇടയില്‍ നിര്‍ത്തി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും തുടരാമെന്ന സൗകര്യവും എന്‍ഇപി അനുവദിക്കുന്നു. മറ്റൊന്ന് ഭാരതീയ ഭാഷകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു എന്നതാണ്. ഞാന്‍ കരുതുന്നത് എല്ലാവരും ബഹുഭാഷകളറിയുന്നവരായിരിക്കണമെന്നാണ്. വിശേഷിച്ചും ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ പഠിക്കണം. മലയാളമോ തമിഴോ തെലുങ്കോ കന്നടയോ അവര്‍ പഠിക്കുമ്പോഴാണ് ഹിന്ദിക്ക് ദേശീയഭാഷ എന്ന തലത്തില്‍ പൂര്‍ണമായും പ്രാധാന്യം ലഭിക്കുന്നത്.
- ജന്‍ഡര്‍ സെന്‍സിറ്റീവ് എന്‍വയണ്‍മെന്റ് ഉണ്ടാക്കുന്നത് അക്കാദമിക മികവിന് ആവശ്യമാണെന്ന് പറഞ്ഞിരുന്നല്ലോ. എന്താണ് ഉദ്ദേശിക്കുന്നത്.
ജെഎന്‍യുവില്‍ പലതരം പ്രശ്നങ്ങളും നടന്നിരുന്നു. അദ്ധ്യാപകരില്‍ ചിലര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതായി കേട്ടിരുന്നു. ചില അധ്യാപകര്‍ ചിന്തിക്കുന്നത് തങ്ങളുടെ കൈവശം പരീക്ഷയുടെ മാര്‍ക്കിടാന്‍ അധികാരമുള്ളതുകൊണ്ട് ലൈംഗികമായി പോലും ചൂഷണം ചെയ്യാമെന്നാണ്. അജ്ഞതകൊണ്ടും അവബോധത്തിന്റെ അഭാവംകൊണ്ടും പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടവരാണ് വിദ്യാര്ത്ഥികളില്പ്പലരും. ഇത്തരം പ്രശ്നങ്ങളില്‍ ഇനിമുതല്‍ സഹിഷ്ണുത പ്രതീക്ഷിക്കുകയേ വേണ്ട എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന തോന്നല്‍ അവര്ക്കുള്ളില്ത്തന്നെയുണ്ടാകണം. പലരും വീട്ടിലെ പരാധീനതകളില്‍നിന്ന് രക്ഷപ്പെടാന്‍ വരുന്നവരാണ്. അവരെ വീണ്ടും അതേ സാഹചര്യങ്ങളില്‍ വിടാനാവില്ല. ഭാരതീയ പാരമ്പര്യത്തില്‍ ഏറ്റവും ശക്തരായ ഈശ്വരശക്തികള്‍ സ്ത്രീകളാണ്. സ്ത്രീകളുടെ പേരിനു ശേഷം പുരുഷന്മാരുടെ പേര് വയ്ക്കുന്ന ഒരേയൊരു സംസ്കാരം നമ്മുടേതാണ്. ഉമാ മഹേശ്വരന്, സീതാരാമന്, ലക്ഷ്മീ നാരായണന് അങ്ങനെ… അര്ധനാരീശ്വരനെന്ന സമഗ്രവും സമ്പൂര്‍ണവുമായ ഒരു വ്യക്തിസങ്കല്പം തന്നെ നമുക്കുണ്ട്. തുല്യത, ലിംഗസമത്വം തുടങ്ങിയവ, പാശ്ചാത്യ ചിന്താഗതികളല്ല, മറിച്ച് ഭാരതീയമാണ്. അവയെ പ്രാവര്‍ത്തികമാക്കണം. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്ന തോന്നല്‍ ഇല്ലാത്തിടത്തോളം കാലം ഒരു വിദ്യാഭ്യാസത്തിനും വിജയിക്കാനാവില്ല.
- 9000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ജെഎന്‍യുവില്‍ 50ശതമാനത്തിലേറെ പെണ്‍കുട്ടികളാണ്. അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ പദ്ധതികളുണ്ടോ
പത്തുവര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യമായി ആധുനികവല്ക്കരിച്ചിട്ടില്ല. 110 കോടി കമ്മിയുമായാണ് ജെഎന്‍യു എനിക്ക് ലഭിച്ചത്. ഞാന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു. അവര്‍ അതിശയകരാംവിധം പ്രതികരിക്കുന്നു എന്നത് സന്തോഷം തരുന്നു. ഞൊടിയിടയില്‍ത്തന്നെ റിക്കറിങ് ഗ്രാന്റ് 200 കോടി വര്ധിപ്പിച്ചുതന്നു. നിര്‍മല സീതാരാമന് ജെഎന്‍യു ഉല്‍പ്പന്നമാണല്ലോ. എന്റെ സീനിയര്‍. അവരും വളരെ പോസിറ്റീവായാണ് സ്വാഗതം ചെയ്തത്. ജെഎന്‍യുവിന് വേണ്ടതെല്ലാം ചെയ്യുമെന്ന് നിര്‍മ്മലാജി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം സര്‍ക്കാരും.
പെണ്‍കുട്ടികള്‍ക്കും ആണ്കുട്ടികള്ക്കുമിപ്പോള് നൈപുണ്യ പരിശീലന സൗകര്യം ഒരുക്കിയിട്ടുണ്ട്. മാനേജ്മെന്റ്, എഞ്ചിനീയറിങ് തുടങ്ങിയവയിലൊക്കെയും നടന്നുവരുന്നു. ഇന്‍ഡസ്ട്രിയില്‍ പാടവത്തോടെ പ്രവര്‍ത്തിക്കാന്‍ അതിലൂടെ അവര്‍ക്ക് സാധിക്കുന്നു. പ്ലേസ്മെന്റ് സെല്‍ ശക്തമാക്കുകയാണ്. ജെഎന്‍യുവിന് ‘അടല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍’ ഉണ്ട്. അവിടെ പുതിയ സംരംഭകര്‍ക്കും സ്റ്റാര്ട്ടപ്പുകാര്ക്കും അവസരം ലഭ്യമാണ്, വിശേഷിച്ചും വനിതാ സംരംഭകര്‍ക്ക്. ഇപ്പോള്‍ ഞങ്ങള്‍ വിദേശത്ത് പോകുന്നവരെ സ്കില്ലിങ് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് അത് വളരെ പ്രധാനമാണ്. വെസ്റ്റ് ഏഷ്യയിലും മറ്റും പോകുമ്പോള്‍ അവര്‍ക്ക് അറബിക്ക് തുടങ്ങിയ ഭാഷകള്‍ ആവശ്യമാണ്. ജെഎന്‍യുവില്‍ ഇതിനായി ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്‍ഇപിയുടെ ഭാഗമായിട്ടുതന്നെയാണ് ഇത്തരം കോഴ്സുകളും ആരംഭിച്ചത്. മെക്കാനിക്ക് കോഴ്സുകള്‍ പോലും ഇവയില്‍ ഉള്‍പ്പെടുത്താം. അവ ഓണ്‍ലൈനായും ചെയ്യാമെന്നതിനാല്‍ വിദൂരങ്ങളില്‍ നിന്നുപോലും പഠിതാക്കള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം. ഫോറിന് ലാംഗ്വേജ് കോഴ്സുകള്‍ ധാരാളമായി നടത്തുന്നുണ്ട്. 23 വിദേശഭാഷകള്‍ പഠിപ്പിക്കുന്നുണ്ടവിടെ. ഈയടുത്ത് മലേഷ്യന്‍ ചെയര്‍ സ്ഥാപിച്ചപ്പോള്‍ അവിടുത്തെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞത് മൂന്ന് ചൈനക്കാരുണ്ടെങ്കില് അവരവിടെ ഒരു ബിസിനസ് ആരംഭിക്കുമെന്നും മൂന്ന് മലയാളികളുണ്ടെങ്കില്‍ ഒരു ട്രേഡ് യൂണിയന് തുടങ്ങുമെന്നുമാണ്. ഉള്ളത് മൂന്ന് മലേഷ്യക്കാരാണെങ്കില് അവര്‍ മീന്പിടിക്കാനായിരിക്കും പോവുക. നമ്മള് ഭാരതീയര്‍ താര്ക്കികരാണ്. പക്ഷേ ചില സമരങ്ങളും ചില സംസ്കാരങ്ങളും എല്ലായിടത്തും സ്വീകാര്യമല്ല എന്ന് ഭാരതീയര്‍ മനസ്സിലാക്കണം. പോകുന്നിടത്ത് അവര്‍ക്ക് നഷ്ടബോധം തോന്നാതിരിക്കുന്നതിനു വേണ്ടിയാണ് ഈ കോഴ്സുകള്‍.
- പെണ്‍കുട്ടികള്‍ക്ക് പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമനങ്ങള്‍ ലഭിക്കാത്തതെന്തുകൊണ്ടാണ്
ഞാന്‍ ജെഎന്‍യുവില്‍ വന്നപ്പോള്‍ത്തന്നെ ഒരുപാടുപേര് ചോദിച്ചതാണ്, ഒരു പുരുഷനെക്കൊണ്ട് ചെയ്യാന്‍ സാധിക്കാത്തതാണോ ഇനി ഒരു സ്ത്രീയെക്കൊണ്ട് സാധിക്കുകയെന്ന്. ഇപ്പോഴത്തെ സര്‍ക്കാരിനെ അഭിനന്ദിക്കാതെ വയ്യ. അവര്‍ ചിന്തിച്ചത്, ഒരുപക്ഷേ ഒരു സ്ത്രീക്ക് അതും അതിനപ്പുറവും സാധിക്കും എന്നുതന്നെയാണ്. പുരുഷന്മാര് റോബോട്ടിക്കാണ്. സ്ത്രീകളാകട്ടെ ആര്ദ്രചിത്തരും. സ്ത്രീകള്‍ എതിരാളികളോടുപോലും സംസാരിക്കാന്‍ സന്നദ്ധത കാണിക്കും. അത് പ്രശ്നപരിഹാരത്തിലേക്ക് നയിക്കും. വീട്ടില്‍ത്തന്നെ വ്യത്യസ്ത സ്വഭാവക്കാരെയാണല്ലോ പരിപാലിക്കുന്നത്. ഒരു ദിവസം കുഞ്ഞിനെ നോക്കുന്നത് ഭര്‍ത്താവാണെങ്കില്‍ അന്ന് വീട് കുളമായിരിക്കും. എന്റെ വീട്ടില്‍ അങ്ങനെയുള്ള ദിവസങ്ങളില്‍ ഞാന്‍ തിരിച്ചെത്തുമ്പോഴേക്കും വീട് യുദ്ധക്കളമായിട്ടുണ്ടാകും. മകള്‍ കരയുകയും ഭര്‍ത്താവ് അലറുകയും ചെയ്യുന്നുണ്ടാവും.
പക്ഷേ, ഒരു കാര്യം, സ്ത്രീകള്‍ ജോലി വളരെ നന്നായി ആരംഭിക്കും. വിവാഹം കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ സ്ഥലത്തേക്ക് മാറേണ്ടിവരുന്നു. പലപ്പോഴും ജോലി വിടേണ്ടി വരികയോ മാറേണ്ടിവരികയോ ചെയ്യുന്നു. സ്ത്രീകള്‍ പലപ്പോഴും നീണ്ട അവധിയെടുക്കുന്നത് പ്രമോഷനെ ബാധിക്കും. അധ്യാപകര്‍ക്കിടയിലും അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ് കൂടുതല്‍. വനിതാ അസോസിയേറ്റ് പ്രൊഫസര്‍മാരും പ്രൊഫസര്‍മാരും കുറവാണ്. വൈസ് ചാന്‍സലര്‍മാരാകാന്‍ 10 വര്‍ഷം തുടര്‍ച്ചയായി പ്രൊഫസറായിരിക്കണം. പുരുഷന്മാര്ക്കുതന്നെ പലപ്പോഴും അങ്ങനെ കിട്ടാറില്ല. ഈ പത്ത് വര്ഷമില്ലെങ്കില് ഇന്റര്‍വ്യൂവിന് അര്‍ഹതപോലും നേടില്ല. പിന്നെ, സെലക്ഷന് കമ്മിറ്റിയിലെ ഒരു തെറ്റിദ്ധാരണ സ്ത്രീകള്‍ കഠിനപ്രയത്നം ചെയ്യില്ലെന്നാണ്. പാനലില്‍ മുഴുവന്‍ പുരുഷന്മാരാണെങ്കില് സ്ത്രീകള്‍ക്ക് ജോലി ലഭിച്ചേക്കാം. സ്ത്രീകള്‍ പലപ്പോഴും അന്യോന്യം സഹായിക്കുന്നതിന് പകരം പരസ്പരം വെല്ലുവിളിക്കുന്നതായാണ് കാണുന്നത്. വീട്ടിലും അച്ഛന്മാരാണ് പെണ്മക്കള്ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്. എനിക്ക് 15 ദിവസം പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചതിനാല്‍ എന്നെ വളര്‍ത്തിയത് അച്ഛനാണ്. ഞാനിന്നെന്താണോ അതിന്റെ കാരണം എന്റെ അച്ഛനെന്ന പുരുഷനാണ്; പിന്നെ ഭര്‍ത്താവും എന്തും ചെയ്യാനനുവാദം തന്നിട്ടുണ്ട്.
- ഇപ്പോള്‍ കുറച്ചുകൂടി ഐക്യം വന്നിരിക്കുന്നു. എങ്ങനെയാണ് ഇത്രയും ചുരുങ്ങിയ സമയംകൊണ്ട്…
പ്രധാനമായും എതിര്‍പ്പുകള്‍ രണ്ട് തരത്തിലായിരുന്നു. ഒന്ന് മനുവാദി. രണ്ടാമത്തേത് ഹിന്ദു-ഹിന്ദി ഫാസിസം. ഒരു സ്ത്രീയെ കൊണ്ടുവന്നതിലൂടെ പല ധാരണകളെയും സര്‍ക്കാര്‍ ഉടച്ചുവാര്‍ത്തു. എങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്കറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവ് മഹാരാഷ്ട്രക്കാരനാണെങ്കിലും ഞാന്‍ തമിഴ്നാട്ടുകാരിയാണ്. ഞാന്‍ മഹാരാഷ്ട്രക്കാരിയായ ബ്രാഹ്മിണാണെന്നു കരുതിയാണ് അവര്‍ പല നീക്കങ്ങളും നടത്തിയത്. തമിഴ്നാട്ടുകാരിയാണെന്ന് അറിഞ്ഞതോടെ ആ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു. രണ്ടാമത്തേത് ‘മനുവാദി’ എന്നതാണ്. ഞാന്‍ ബ്രാഹ്മിണല്ല, പിന്നാക്ക വിഭാഗക്കാരിയാണുതാനും. അതോടെ ആ എതിര്‍പ്പും ഇല്ലാതായി. ഇനി എന്ത് പറഞ്ഞ് എതിര്‍ക്കണം എന്നതാണ് അവരുടെ പ്രശ്നം. അവര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷകരാണെന്നാണ്. ഒപ്പം, ഓരം ചേര്‍ക്കപ്പെട്ടവര്‍ക്കും ഹിന്ദിക്കാരല്ലാത്തവര്ക്കും വേണ്ടി അടരാടുന്നവരും. ഞാനാകട്ടെ അവിടുത്തെ ആദ്യ വനിതാ വൈസ് ചാന്‍സലറാണ്. പന്ത്രണ്ട് പുരുഷന്മാര് ഇരുന്ന കസേരയാണ് എന്റേത്. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി പരിശ്രമിച്ചവരല്ലേ അവര്‍! പിന്നെന്തേ ഒരു പെണ് വൈസ് ചാന്‍സലറിനെ കൊണ്ടുവരാനാവാഞ്ഞൂ? കേരളത്തില്‍നിന്ന് കൊണ്ടുവരാമായിരുന്നില്ലേ? ഒരുപാടു പേരുണ്ടല്ലോ അവിടെ? ബംഗാളില്‍നിന്ന്? യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മനുവാദികള്‍ അവരല്ലേ?
ഞാനവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഝലം ഹോസ്റ്റലില്‍ എസ്എഫ്ഐയെ പ്രസിഡന്റ് ഇലക്ഷന് തോല്‍പ്പിച്ചിട്ടുണ്ട്, 1985ല്‍. അതും സ്വതന്ത്രയായി. ജെഎന്‍യുവിന്റെ അകത്തുനിന്നുള്ള കാര്യങ്ങള്‍ നേരിട്ടറിയുന്ന ഒരാളെ പെട്ടെന്ന് നിരാകരിക്കാന്‍ അവര്‍ക്ക് എളുപ്പമല്ല. ഇടതുപക്ഷക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയാം; സാഹചര്യങ്ങളുമറിയാം. മാത്രമല്ല, അദ്ധ്യാപകര്‍ക്കിടയിലും സുഹൃത്തുക്കളേറെയുണ്ട്. പലരുമിപ്പോള്‍ നിഷ്പക്ഷര്‍ ആകാനാണ് ശ്രമിക്കുന്നത്. മുന്‍പ് ഭരണസാരഥ്യം വഹിക്കുന്നവര്‍ അദ്ധ്യാപകരുമായോ വിദ്യാര്‍ത്ഥികളുമായോ സംഭാഷണങ്ങളും ചര്‍ച്ചകളും സ്വാഗതം ചെയ്തിരുന്നില്ല. ഞാന്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കും, സര്‍പ്രൈസ് വിസിറ്റുകള്‍ നടത്തും. ലൈബ്രറി, ഹോസ്റ്റല്‍ എന്നിവയൊക്കെ സന്ദര്‍ശിച്ചു. ഹോസ്റ്റലില്‍ ചെന്ന് വിദ്യാര്‍ത്ഥികളോടൊപ്പം ഭക്ഷണം കഴിച്ചു. ഇടതോ വലതോ മധ്യത്തിലുള്ളവരോ ആരുമാകട്ടെ, തൊണ്ണൂറ് ശതമാനം വിദ്യാര്‍ത്ഥികളും പഠിക്കാനാഗ്രഹിച്ച് വരുന്നവരാണ്. ദരിദ്ര കുടുംബങ്ങളില്‍നിന്ന് വരുന്ന അവര്‍ക്കിത്തരം ആക്ടിവിസങ്ങളൊന്നും താങ്ങാനാവില്ല. നേരത്തെ സര്‍ക്കാര്‍ ചിന്തിച്ചിരുന്നത്, സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവര്‍ക്കേ ഇതെല്ലാം നടത്തിക്കൊണ്ടുപോകാനാവൂ എന്നായിരുന്നു. വൈസ് ചാന്‍സലറാകാന്‍, സോഷ്യല്‍ സയന്‍സുകാര്‍ക്കും, ഹ്യുമാനിറ്റിക്കാര്ക്കുമൊക്കെ അര്‍ഹതയുണ്ട്. സാങ്കേതിക വിദഗ്ദ്ധര്‍ക്ക് ഐഐടികളില്പ്പോകാമല്ലോ! എന്തിനാണ് ജനറല്‍ യൂണിവേഴ്സിറ്റി?
ഭരണാധികാരികള്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തോന്നിയാല്‍ത്തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഒരിക്കല്‍ രണ്ട് പെണ്‍കുട്ടികള്‍ ഒരു നിവേദനവുമായി വന്നു. അവരിലൊരാള്‍ മലയാളിയായിരുന്നു. അറുനൂറ് ഒപ്പുകള്‍ കണ്ട റെക്ടര്‍ പറഞ്ഞു, ”എത്ര വര്‍ഷമായി ഇതേ ഒപ്പുകള്‍ തന്നെ ഉപയോഗിക്കുന്നു! വീണ്ടും വീണ്ടും ഒരേ ലിസ്റ്റ്! ഞങ്ങളും ഇതൊക്കെത്തന്നെ ചെയ്തവരാണ്!” ഇത് കേട്ടപ്പോള്‍ ആ വിദ്യാര്‍ത്ഥിനികള്‍ക്കും ചിരിക്കാതിരിക്കാനായില്ല. തുടക്കം ഒരു ഐസ് ബ്രേക്കിങ് ആയിരുന്നു. അവര്‍ക്ക് സൗഹൃദാന്തരീക്ഷവും സംസാരിക്കാനുള്ള സാഹചര്യവുമാണ് നല്‍കേണ്ടത്. അവരാവശ്യപ്പെടുന്നത് കുടിവെള്ളം, ടോയ്ലറ്റ് റിപ്പയര്‍ തുടങ്ങിയവയാണ്. ഇവയെല്ലാം എല്ലാ അഡ്മിനിസ്ട്രേഷനും ചെയ്യേണ്ടതുതന്നെയല്ലേ? ഞാനവരോട് പറയാറ്, നിങ്ങള്‍ ആദ്യം ജെഎന്യുക്കാരാകൂ, പിന്നീടാകാം പ്രത്യയശാസ്ത്രം എന്നാണ്.
- ജെഎന്‍യുവും മറ്റ് യൂണിവേഴ്സിറ്റികളും തമ്മില്‍ വ്യത്യാസങ്ങളുണ്ടോ.
മറ്റ് യൂണിവേഴ്സിറ്റികള്‍ക്ക് ഭൂമിശാസ്ത്രപരമായ നിബന്ധനകളുണ്ട്. ദല്‍ഹി യൂണിവേഴ്സിറ്റിക്ക് എന്‍സിആര്‍ പ്രദേശത്ത് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അവര്‍ക്ക് കേരളത്തിലെ ഒരു കോളജിനെയും അഫിലിയേറ്റ് ചെയ്യാനാവില്ല. എന്നാല്‍ ജെഎന്‍യുവിന് ഭാരതത്തിലെ ഏതിടത്തെ കോളജുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ജെഎന്‍യു കൂടുതലായി ഗവേഷണ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളില്‍ വലിയ ശതമാനം റിസര്‍ച്ച് സ്കോളേഴ്സ് ആണ്. ഒപ്പം എംഎയും ഉണ്ട്. ഇപ്പോഴാകട്ടെ ബിഎയും തുടങ്ങിയിട്ടുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇവിടെ ധാരാളം ഫണ്ട് ലഭിച്ചിരുന്നു. ആദ്യം പ്രധാനമന്ത്രിയായിരുന്നു ചാന്‍സലര്‍. പിന്നീട് അടിയന്തരാവസ്ഥയില്‍ വിദ്യാര്ത്ഥികളവരെ ചെരുപ്പുമാലയിടീച്ചു. അവര്‍ രാജിവച്ചതിനുശേഷം, പിന്നീടങ്ങോട്ട് പ്രസിഡന്റാണ് ചാന്‍സലര്‍. ഇപ്പോള്‍ പ്രധാനപ്പെട്ട മറ്റ് വ്യക്തികള്‍ക്കും ചാന്‍സലറാകാം. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആയിരുന്നു ജെഎന്‍യുവിന്റെ തലപ്പാവ്. ആദ്യ ഡയറക്ടര്‍ അപ്പാദുരൈ ആയിരുന്നു. ഗവണ്മെന്റിനു പോലും നിര്‍ദ്ദേശം നല്കുന്ന തരത്തില്‍ അവിടെ റിസര്‍ച്ച് നടക്കുമായിരുന്നു. ഇത്രയുമധികം വിദേശഭാഷകള്‍ പഠിപ്പിക്കുന്ന മറ്റൊരു ഇന്ത്യന്‍ യൂണിവേഴ്സിറ്റിയും ഇല്ല. മലയാളം ചെയറും തെലുഗു ചെയറും ഞങ്ങള്‍ക്കില്ല. അതിനായി സ്റ്റേറ്റ് ഗവണ്മെന്റുകള് ശ്രമിക്കണം. ജെഎന്‍യുവിലെ ഒരുപാടു വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നതിനാല്‍, കേരള സര്‍ക്കാര്‍ അതിന് മുന്‍കയ്യെടുക്കേണ്ടതാണ്.
- ഒമ്പതിനായിരത്തില്ക്കൂടുതല് വിദ്യാര്‍ത്ഥികള്‍ അവിടെ പഠിക്കുന്നു. എങ്ങനെയാണ് യൂണിവേഴ്സിറ്റിക്ക് ഇത് കൊണ്ടുനടക്കാനാവുന്നത്.
കേന്ദ്രസര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ സഹായിക്കുന്നുണ്ട്. സോഷ്യല്‍ ജസ്റ്റിസ്, സോഷ്യല്‍ ഇന്‍ക്ലൂഷന്‍ എന്നീ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തുന്നു. എന്‍ട്രന്‍സ് പാസായ ആര്‍ക്കുമിവിടെ ചേരാനാകും. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസവുമില്ല. എല്ലാവര്ക്കും തന്നെ, പത്ത് രൂപ അദ്ധ്യാപനത്തിനും ഇരുപത് രൂപ താമസത്തിനും ആറ് മാസത്തേക്ക് എന്നതാണ് ഞങ്ങളുടെ നിരക്ക്. മെസ്സ് നടത്തുന്നത് വിദ്യാര്‍ത്ഥികളാണ്. അവിടെ നഷ്ടമില്ല, ലാഭവുമില്ല എന്ന രീതിയാണ് പിന്തുടരുന്നത്. ജെആര്‍എഫ് ഇല്ലാതെ വരുന്നവരാണെങ്കിലും ജെഎന്‍യു അവര്‍ക്ക് എണ്ണായിരം രൂപ സ്കോളര്‍ഷിപ്പ് നല്കുന്നു. മൂവായിരം രൂപ ഭക്ഷണത്തിനായാല്പ്പോലും അവരുടെ കയ്യില്‍ വീണ്ടും മിച്ചം കാണും. ഗവണ്മെന്റും ഇത് തുടരാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. മുന്‍പ് ഫീസ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായത്.
- മാഡത്തിന്റെ കുടുംബം ഒരു മിനി ഇന്ത്യപോലെയാണ്. അമ്മ തമിഴ്നാട്, അച്ഛന് ആന്ധ്ര, ഭര്‍ത്താവ് മഹാരാഷ്ട്ര ഇത്തരം ബന്ധങ്ങള്‍ മാഡത്തിനെ ശക്തയായ ഒരു വനിതയാക്കുന്നതിന് സഹായിച്ചോ.
എന്നെ വളര്‍ത്തിയത് അച്ഛനാണ്, ഒരു ലിംഗഭേദവും കാണിക്കാതെ! മറ്റൊന്ന്, അച്ഛന് ഒരു യുക്തിവാദിയായിരുന്നു. ഒരിക്കലും അമ്പലങ്ങളില്പ്പോകുമായിരുന്നില്ല. പക്ഷേ, എന്നോടദ്ദേഹം പറയുമായിരുന്നു, എല്ലാവരോടും നല്ല രീതിയില്‍ പെരുമാറണമെന്ന്. ഭക്ഷണമുണ്ടാക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പാചകക്കാരിയെ വയ്ക്കാം എന്നാണ് അച്ഛന് പറയാറ്. പക്ഷേ കരിയര്‍, ഔദ്യോഗിക ഭാവി നന്നായി ഉറപ്പിക്കണം; ഭര്‍ത്താവും അങ്ങനെത്തന്നെ. എന്റെ മാര്ഗദര്ശ്ശകര് അത്തരത്തിലായിരുന്നു. പുരുഷന്മാരായിരുന്നു എനിക്ക് സ്വാതന്ത്ര്യം അനുവദിച്ചവര്‍. അതുകൊണ്ടുതന്നെ ഞാനൊരു ഫെമിനിസ്റ്റല്ല.
ജെഎന്‍യുവില്‍ വന്നപ്പോള്‍ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യയെക്കാളും എത്ര വ്യത്യസ്തമാണെന്ന് മനസ്സിലായി. എന്റെ ഹിന്ദി, മികവു കൂട്ടാനും മറ്റും ജെഎന്‍യു പഠനം സഹായകമായി. പൊതുവെ സ്ത്രീകള്‍ പിന്‍വലിയുന്നവരാണ്. വീട്ടില്‍ അമ്മയ്ക്ക് കാര്യപ്രാപ്തിയുണ്ടെങ്കില്‍ കുടുംബം മുന്നോട്ട് നയിക്കപ്പെടും. എനിക്കും ഇത് കിട്ടിയത് ഭാരതീയ കുടുംബ പാരമ്പര്യത്തില്നിന്നുതന്നെയാണ്. ഗീതാവചനം പറയും പോലെ നിങ്ങള്‍ കര്‍ത്തവ്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ഫലം അതിനെ പിന്തുടരും. ഒരു കാര്യത്തിനായി വാശിപിടിച്ചാല്‍ അത് ലഭിച്ചില്ലെങ്കില്പ്പിന്നെ നിരാശയാകും ഫലം. പ്രവര്ത്തിച്ചുകൊണ്ടേയിരുന്നാല്, വൈകിയാലും ഫലം ലഭിക്കുമെന്ന് മനസ്സിലാക്കുക. പൊതുവെ ഇന്ത്യന്‍ സ്ത്രീകള്‍ കഠിനപ്രയത്നം ചെയ്യുന്നവരാണ്. പുരുഷനെപ്പോലെയാകണം എന്നൊക്കെപ്പറഞ്ഞ് അനുകരിക്കുന്നതിനോട് എനിക്കെതിര്‍പ്പാണ്. പുരുഷന്മാര് സ്ത്രീകള്‍ക്കെതിരാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ സ്ത്രീകളോട് കാര്യങ്ങള്‍ ചെയ്യാന്‍ പറയാറില്ലെന്നുമാത്രം. അവര്‍ പറയുന്നത് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് ചെയ്തോളൂ എന്നുതന്നെയാണ്. സ്ത്രീകള്‍ ‘അഷ്ടാവധാനം’ ചെയ്യുന്നവരാകണം. പല പ്രവൃത്തികള്‍ ഒരുമിച്ച് ചെയ്യുന്നവര്‍. മറ്റൊന്ന് ആത്മബലവും സ്വാഭിമാനവും ഏറെ ആവശ്യമാണ്.
- പെണ്‍കുട്ടികളെ പ്രത്യേകം ഉപദേശിക്കാന്‍ എനിക്ക് മൂന്ന് സിദ്ധാന്തങ്ങളുണ്ട് (മന്ത്രങ്ങള്‍).
1. വിവാഹം കഴിക്കുമ്പോള്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടാക്കരുത്. പണത്തില്‍നിന്നാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. പണം നല്കുമ്പോഴല്ല മറിച്ച് സ്വയം പിന്‍വലിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുക. അവിടെ ആത്മാഭിമാനത്തിന് മുറിവേല്ക്കും. 2. ഇരുവരുടെയുംകൂടി പേരിലാക്കരുത് ആസ്തി. കഷ്ടകാലത്തിന് വിവാഹമോചനം വേണ്ടിവന്നാല്‍ സ്വത്തിന് വേണ്ടിയായിരിക്കും അടിപിടി. 3. ഒരുപക്ഷേ ഭര്‍ത്താവിനെയോ ജോലിയേയോ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണമെന്നുവന്നാല് നിങ്ങള്‍ ജോലി തെരഞ്ഞെടുക്കുക. സാമ്പത്തിക സ്വാശ്രയത്വം സ്ത്രീകള്‍ക്ക് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: