തിരുവനന്തപുരം : മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ഭാഗത്തു നിന്ന് വിദ്വേഷ പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമ നടപടി നേരിടണമെന്ന് രമേശ് ചെന്നിത്തല. പോലീസ് സ്വികരിച്ച നിയമ നടപടിയില്‍ തെറ്റില്ല. ഒരു നേതാവ് കുറച്ചുകൂടി ഉത്തരവാദിത്വത്തില്‍ സംസാരിക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
പി.സി. ജോര്‍ജില്‍ നിന്നും വിദ്വേഷ പരാമര്‍ശം ഉണ്ടായെങ്കില്‍ പോലീസിന് 153 എ വകുപ്പേ ചുമത്താന്‍ സാധിക്കൂ. ഇത് ജാമ്യമില്ലാ വകുപ്പാണ് തെറ്റ് ചെയ്തെങ്കില്‍ നിയമനടപടി നേരിടണം. നിരവധി തവണ എംഎല്‍എയായിരുന്ന ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ പി സി ജോര്‍ജ് വിദ്വേഷം പരത്തുന്ന പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു.
കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ അദ്ദേഹം സംസാരിക്കണമായിരുന്നു. സമൂഹത്തെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും വേണ്ടിയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമായിരുന്നു. പി.സി. ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ മത വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് പിസി ജോര്‍ജിനെ കസ്റ്റജിയില്‍ എടുത്തത്. കച്ചവടം നടത്തുന്ന മുസ്ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പി.സി. ജോര്‍ജ് പ്രസംഗിച്ചെന്നായിരുന്നു ആരോപണം. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ഉള്‍പ്പടെയുള്ളവര്‍ ഡിജിപിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പോലീസാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: