വാഷിങ്ടണ്‍: അമേരിക്കയ്ക്കു മുകളില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടത് ഭീതി പരത്തി. യുഎസിലെ അര്‍ക്കന്‍സാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കന്‍ സംസ്ഥാനത്താണു പ്രതിഭാസം സംഭവിച്ചത്. നിരവധി ആളുകള്‍ ഇവിടങ്ങളില്‍ തീഗോളം കണ്ടുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു ഇത്. ആദ്യമായി ഇതു കണ്ടത് മിസിസിപ്പിക്കു സമീപം അല്കോണില് മിസിസിപ്പി നദിക്ക് 87 കിലോമീറ്റര്‍ മുകളിലായാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് നാസയുടെ അലബാമയിലെ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ലീഡായ ബില്‍ കുക്ക് പറഞ്ഞു. അന്തരീക്ഷത്തില്‍ പൊട്ടിത്തെറിക്കുന്ന വലിയ ഉല്‍ക്ക എന്നര്‍ഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞര്‍ വിളിച്ച വസ്തു മണിക്കൂറില്‍ 85000 കിലോമീറ്റര്‍ എന്ന അതിവേഗത്തില്‍ തെക്കു കിഴക്കന്‍ ദിശയിലൂടെ പാഞ്ഞുപോകുകയും യാത്രയ്ക്കിടെ പല കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് കടുത്ത ഓറഞ്ച് നിറത്തില്‍ കത്തിജ്വലിച്ച് തീഗോളമായി മാറി.വെളുത്ത നിറത്തില്‍ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: