തിരുവനന്തപുരം: കേരളത്തില്‍ കെ റെയില്‍ കല്ലിടലും പിഴുതെറിയലും അടക്കം വിവാദം തുടരുന്നതിനിടെ ഇന്ത്യന്‍ റെയില്‍വേയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിനും അനുവദിച്ചു. തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വന്ദേ ഭാരത് സര്‍വീസ് ആരംഭിക്കാനായി റെയില്‍വേ ഒരുക്കങ്ങള്‍ തുടങ്ങിരിക്കുന്നത്. 1126 യാത്രക്കാ!ര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് റേക്കുകള്‍ക്കാണ് റെയില്‍വേ അനുമതി നല്‍കിയിരിക്കുന്നത്.
16 പാസഞ്ചര്‍ കാറുകള്‍ അടങ്ങുന്ന രണ്ട് റേക്കുകള്‍ നിര്‍ത്തിയിടാനും അറ്റകുറ്റപ്പണികള്‍ നടത്താനുമുള്ള സംവിധാനം ഒരുക്കണമെന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദേശം. 2023 ഓഗസ്റ്റിനു മുന്‍പ് 75 വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങാനാണ് റെയില്‍വേയുടെ പദ്ധതി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന് 180 കിലോമീറ്ററാണ് പരമാവധി വേഗം ആര്‍ജിക്കാന്‍ കഴിയുക. വേഗതയില്‍ കുറവുണ്ടായാലും കേരളത്തിലൂടെ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തണമെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തില്‍ നിന്നെത്തിയ ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇതുസംബന്ധിച്ച് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.
ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ തയ്യറാക്കുന്ന ട്രെയിനുകളില്‍ ഒന്നിന്റെ നിര്‍മാണം ഈ വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. അടുത്ത വര്‍ഷം ഓഗസ്റ്റിനു മുന്‍പായി തിരുവനന്തപുരം ഡിവിഷന് രണ്ട് ട്രെയിനുകള്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കേരളത്തിനു പുറമെ ദക്ഷിണ റെയില്‍വേയില്‍ ചെന്നൈ ഡിവിഷന് ആറും കോയമ്പത്തൂരിന് മൂന്നും തിരുച്ചിറപ്പള്ളിയ്ക്ക് രണ്ടും റേക്കുകള്‍ വീതം അനുവദിക്കും. ഇവിടങ്ങളിലെല്ലാം ട്രെയിനുകളുടെ പരിപാലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: