കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്നും അച്ചടക്ക സമതിയില്‍ നിന്നും എ.കെ. ആന്റണി ഒഴിഞ്ഞു. ഇനി കേരളം കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് ആന്റണി പറഞ്ഞത്. ‘എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോള്‍ ഒഴിയണമെന്നാണ് അഭിപ്രായം. ഇതുവരെയും ഒരു സ്ഥാനത്തുനിന്നും ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങിപ്പോകണം എന്നു തോന്നുമ്പോഴെല്ലാം ഇറങ്ങിയിട്ടുണ്ട്. സമയമാകുമ്പോള്‍ ഒരു ഉള്‍വിളി വരും. ഇനി തുടരുന്നത് ശരിയല്ല എന്ന് തോന്നും. ഈ തീരുമാനത്തിനും അടിസ്ഥാനം ഇതാണ്.’ ദല്‍ഹി വിടുന്ന കാര്യം അറിയിച്ച് വാര്‍ത്താ ലേഖകരോടാണ് ആന്റണി ഇക്കാര്യം അറിയിച്ചത്. എന്നു വച്ചാല്‍ കാറ്റുള്ളപ്പഴേ തൂറ്റിയിട്ട് കാര്യമുള്ളൂ എന്നു പറഞ്ഞതുപോലെ.
മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് ദല്‍ഹിയില്‍ ചെന്നത് കേന്ദ്രമന്ത്രിയാകാനാണ്. കേന്ദ്രമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രത്യേക വിമാനം പിടിച്ച് കേരളത്തിലേക്ക് പറന്നിറങ്ങിയത് മുഖ്യമന്ത്രിക്കസേരയിലേക്കായിരുന്നല്ലോ. അന്ന് ആ ചെലവ് ആര് നല്‍കണമെന്ന് തര്‍ക്കമായിരുന്നു. 14 ലക്ഷം രൂപ ആര് കൊടുക്കുമെന്ന ചിന്ത കുറേക്കാലം ഗതികിട്ടാ പ്രേതം പോലെ അലഞ്ഞു തിരിഞ്ഞു. ഇപ്പോഴത്തെ വരവ് പ്രത്യേക വിമാനം പിടിച്ചാകാന് ഭരണത്തിലല്ലല്ലോ ഇരിക്കുന്നത്. വെറുതെ പൊല്ലാപ്പ് പിടിക്കുന്നതെന്തിനെന്ന ചോദ്യം ആര്‍ക്കും ഉണ്ടാകുന്നതാണല്ലോ.
കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന കാര്യത്തില്‍ ആന്റണിക്ക് സംശയമൊന്നുമില്ല. നെഹ്റു കുടുംബത്തിനേ കോണ്‍ഗ്രസിനെ നേര്‍വഴിക്ക് (?) നയിക്കാനാകൂ. നെഹ്റു കുടുംബം എന്നു പറഞ്ഞാല്‍ ആരൊക്കെ എന്ന് വ്യക്തമാണല്ലോ. സോണിയ, രാഹുല്‍, പ്രി
യങ്ക. ഈ ത്രിമൂര്ത്തികളൊഴിച്ച് മറ്റാരുമല്ല. നെഹ്റു കുടുംബം എന്നു പറയുമ്പോള്‍ അതില്‍ ‘ഗാന്ധി’ എന്ന പേരും കൂടി ചേരണം. ഇവര്‍ക്കാര്‍ക്കും ഗാന്ധിജിയുമായി ഒരു ബന്ധവുമില്ല എങ്കിലും ഗാന്ധി കുടുംബമെന്ന മേനി നടിപ്പ്് നിര്‍ബന്ധമാണോ?
ഇതിനിടയിലാണ് ഒരാള്‍ കോണ്‍ഗ്രസിനെ ഒന്നടങ്കം വിഴുങ്ങാന്‍ കച്ചമുറുക്കി നേരിട്ടിറങ്ങിയത്. തെരഞ്ഞെടുപ്പ് വിദഗ്ധനെന്ന ലേബല്‍ ഒട്ടിച്ചിറങ്ങിയ പ്രശാന്ത് കിഷോര്‍ പലവഴിക്ക് സഞ്ചരിച്ച് ഒടുവിലാണ് കോണ്‍ഗ്രസിനെ അപ്പാടെ വിഴുങ്ങാന്‍ തയ്യാറെടുത്തത്. പലരുമായും ചര്‍ച്ച നടത്തി. സോണിയയും മുതിര്‍ന്ന നേതാക്കളുമെല്ലാം ചര്‍ച്ചക്കിരുന്നു. മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ അധ്യക്ഷ സോണിയ എട്ടംഗ സമിതി രൂപീകരിച്ചത്. അതിലേക്ക് പ്രശാന്ത് കിഷോര്‍ എന്ന തെരഞ്ഞെടുപ്പു ബുദ്ധി കേന്ദ്രത്തെ ക്ഷണിക്കുകയും ചെയ്തു. അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമായെന്നും പ്രശാന്ത് കിഷോര്‍ ഇനി കോണ്‍ഗ്രസിനൊപ്പമാണെന്നും ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. പക്ഷേ ‘ആഴത്തിലുള്ള സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്കു, തന്നെക്കാള്‍ വേണ്ടതു നേതൃശേഷിയും കൂട്ടായ ഇച്ഛാശക്തിയുമാണെന്ന് ട്വീറ്റ് ചെയ്ത് ആ ചര്‍ച്ചകള്‍ക്ക് ഒരു ഫുള്‍ സ്റ്റോപ്പിട്ടു പ്രശാന്ത് കിഷോര്‍.
137 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യത്തിനു മങ്ങലേല്‍പ്പിച്ച് തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു പാര്ട്ടിയുടെഅവസാന കച്ചിത്തുരുമ്പായാണ് പലരും പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ കണ്ടത്. പക്ഷേ അപ്പോഴും, 2014 ല്‍ മോദിക്കൊപ്പം ചേര്‍ന്നതു തൊട്ടിങ്ങോട്ട് പാര്‍ട്ടികള്‍ മാറിമറിഞ്ഞ്, തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതു പ്രഫഷനാക്കിയ ഒരാളെ, രാഷ്ട്രീയ പാരമ്പര്യത്തിന്റെ മഹത്വം എന്നും വാഴ്ത്തുന്ന ഒരു പാര്‍ട്ടി കൂടെക്കൂട്ടുമോ എന്ന സംശയവും അണിയറയില്‍ സജീവമായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോട് യോജിക്കുന്ന ആളല്ല പ്രശാന്ത് കിഷോര്‍ എന്ന വിമര്‍ശനം ദിഗ് വിജയ് സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ പ്രശാന്ത് കിഷോര്‍ ക്ഷണം നിരസിച്ചു’ എന്ന് പരസ്യമാക്കി കോണ്‍ഗ്രസ് ആ സംശയങ്ങള്‍ക്കു കൃത്യമായ ഉത്തരം നല്കി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ടു കൊണ്ടാണ് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ചരടുവലി തുടങ്ങിയത്. പഞ്ചാബും ആംആദ്മി പാര്‍ട്ടി കൊണ്ടുപോയതോടെ, കൈവെള്ളയിലെ ഓരോ രേഖയും മാഞ്ഞുപോകുന്നതു നോക്കിനില്‍ക്കേണ്ടി വന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് ലഹരിയാക്കിയ പ്രശാന്തിനെപ്പൊലൊരു ചാണക്യനെ ആവശ്യമാണെന്ന തരത്തില്‍ സംസാരം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉണ്ടായി. അതിനു ബദലായി എതിര്‍സ്വരങ്ങളും തലപൊക്കിയെങ്കിലും സോണിയ, രാഹുല്‍ നേതൃത്വത്തിന്പ്രശാന്തിന്റെ വഴിയെ സഞ്ചരിക്കാനാണു താല്പര്യമെന്നു മനസ്സിലായതോടെ പ്രശാന്തിന് പച്ചക്കൊടി ഉയര്‍ന്നു. പക്ഷേ പ്രശാന്തിന്റെ വഴിയും കോണ്‍ഗ്രസിന്റെ വഴിയും അങ്ങനെ പെട്ടെന്ന് ഒത്തുപോകുന്നതായിരുന്നില്ല.
2014 ലെ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറാണ് നരേന്ദ്രമോദിക്ക് വിജയരഥം തെളിച്ചതെന്ന പ്രചാരണമാണ് എല്ലാത്തിനും കാരണം. അതിന്റെ പേരില്‍ നരേന്ദ്രമോദിയെ ചുറ്റിക്കളിപ്പിക്കാനൊരു ശ്രമം നടത്തിയതായിരുന്നു. അദ്ദേഹം അതിനു നിന്നുകൊടുക്കാത്തതാണ് മോദിയെ താഴെ ഇറക്കാനുള്ള വഴി തേടി അലയുന്നതിന്റെ കാരണം.
മോദിയുടെ കാര്യം ഓര്‍ക്കുമ്പോഴാണ് ഗുജറാത്തിലെ ഭരണ പരിഷ്കാരങ്ങള്‍ ചര്‍ച്ചയാകുന്നത്. ഗുജറാത്തില്‍ ഏര്‍പ്പെടുത്തിയ ഡാഷ് ബോര്‍ഡ് പഠിക്കാന്‍ കേരളത്തില്‍ നിന്നും ഒരു സംഘം പോയി. സംഗതി ഉഷാറെന്നാണ് കേരളത്തിന്റെ അഭിപ്രായം. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരളസംഘം പോയത്. പണ്ട് അബ്ദുള്ളക്കുട്ടിയേയും ഷിബു ബേബിജോണിനെയും കണക്കിന് ആക്ഷേപിച്ച ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഷിബുവിനെ പുറത്താക്കാന്‍ വയ്യല്ലോ…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: