ചെന്നൈ: ന്യൂഡല്‍ഹിയിലെ യു.എസ്. എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍ കാര്യാലയങ്ങളും ഇതില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ യു.എസ്. മിഷന്, യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന വീഡിയോ പുറത്തിറക്കി. ഐതിഹാസിക നേട്ടങ്ങള്‍ കൈവരിച്ച, പ്രഗത്ഭരായ ചില ഇന്ത്യന്‍ അമേരിക്കക്കാരും അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരും ഈ വീഡിയോയുടെ ഭാഗമായി. ആഗോളതലത്തില്‍ പ്രശസ്തരായ ഇവരുടെ ശ്രദ്ധേയമായ സംഭാവനകള്‍ അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളിലെ യാത്രയുടെ നാള്‍വഴികള്‍ പ്രതിഫലിപ്പിക്കുന്നു. വീഡിയോ ഇവിടെ കാണാം:
ഒന്നിച്ചു പഠിച്ച്, ഒന്നിച്ചു ജോലി ചെയ്ത്, ഒന്നിച്ചു ജീവിച്ച്, ഒന്നിച്ചു അറിവ് നേടിയെടുത്ത അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മില്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന എണ്ണമറ്റ വ്യക്തിഗത സൗഹൃദങ്ങളാണ് യു.എസ്.ഇന്ത്യ പങ്കാളിത്തത്തിന്റെ കാതലെന്ന് യു.എസ്. എംബസി ഷാര്ജെ ഡെഫയര്‍ പട്രീഷ്യ ലസീന അഭിപ്രായപ്പെട്ടു. ‘ഈ വീഡിയോയില്‍ പങ്കെടുത്തിട്ടുള്ളവര്‍ അവരവരുടെ മേഖലകളില്‍ ഉന്നതിയില്‍ എത്തി നില്‍ക്കുന്നവരാണ്; വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നമ്മുടെ ഇരു രാജ്യങ്ങളെയും അഭിവൃദ്ധിപ്പെടുത്താന്‍ ഏതെല്ലാം രീതികളില്‍ സഹായിച്ചിരിക്കുന്നു എന്ന് ഇവരുടെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നു,’ ലസീന കൂട്ടിച്ചേര്‍ത്തു.
ഈ വീഡിയോയില്‍ പങ്കെടുത്തിട്ടുള്ളവര്‍ ഇവരാണ്: മുന്‍ ടെന്നീസ് കളിക്കാരനും ജീവകാരുണ്യപ്രവര്‍ത്തകനും ചലച്ചിത്ര നിര്‍മാതാവുമായ അശോക് അമൃതരാജ്, എഴുത്തുകാരനും വെല്‍നസ് വിദഗ്ദ്ധനുമായ ഡോ. ദീപക് ചോപ്ര, ആക്ടിവിസ്റ്റും ആദ്യ ഇന്ത്യന്‍ മിസ് അമേരിക്ക വിജയിയും നടിയുമായ നിന ദാവുലുരി, സി.എന്‍.എന്‍. ചീഫ് മെഡിക്കല്‍ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്ത, തബല മാന്ത്രികനും സംഗീതസംവിധായകനുമായ സാക്കിര്‍ ഹുസൈന്, ഭക്ഷണ, യാത്രാ എഴുത്തുകാരി മധുര് ജാഫ്രി, നടിയും നിര്‍മാതാവും ജീവകാരുണ്യപ്രവര്‍ത്തകയുമായ പ്രിയങ്ക ചോപ്ര ജോനസ്, ടെലിവിഷന്‍ അവതാരകയും നിര്‍മാതാവും ഭക്ഷണ വിദഗ്ദ്ധയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി, കോമഡി താരവും ടെലിവിഷന്‍ അവതാരകനുമായ ആസിഫ് മാണ്‍വി, സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ സുകേതു മേത്ത, യു.എസ്. സര്ജന് ജനറല്‍ ഡോ. വിവേക് മൂര്‍ത്തി, ചലച്ചിത്ര സംവിധായകയും നിര്‍മാതാവുമായ മീര നായര്‍, പെപ്സികോ മുന്‍ ചെയര്‍പേഴ്സണും സി.ഇ.ഒയും എഴുത്തുകാരിയുമായ ഇന്ദ്ര നൂയി, 2019 സ്ക്രിപ്സ് സ്പെല്ലിങ് ബീ ചാമ്പ്യന്‍ ശ്രുതിക പധി, 2020 ടൈം മാഗസിന് ‘കിഡ് ഓഫ് ദി ഇയറും’ ശാസ്ത്രജ്ഞയുമായ ഗീതാഞ്ജലി റാവു.
വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളാണ് യു.എസ്.ഇന്ത്യ ബന്ധത്തിന്റെ പ്രധാന ആണിക്കലുകളില് ഒന്ന്. 2019ല്‍ 15 ദശലക്ഷം ഇന്ത്യന്‍ സന്ദര്‍ശകര്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് യാത്ര ചെയ്തു; ഇപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശികളില്‍ രണ്ടാമത്തെ വലിയ ഗ്രൂപ്പാണ് അമേരിക്കക്കാര്‍. ഏകദേശം 200,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യു.എസ്. സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭാസം നടത്തുന്നുണ്ട്. നിലവില്‍ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാര്‍ ഏകദേശം നാല് ദശലക്ഷത്തോളം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഏകദേശം മൂന്നിലൊന്ന് ഇന്ത്യക്കാര്‍ തുടക്കം കുറിച്ചവയാണ്.
ഈ വര്‍ഷം ഇന്ത്യയിലെ യു.എസ്. മിഷന് രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ യു.എസ്.ഇന്ത്യ ബന്ധത്തിന്റെ 75ാം വാര്‍ഷികാഘോഷം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: