തിരുവനന്തപുരം: ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതല്‍ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന ശിവഗിരി മഠം സംന്യാസിമാരുടെ പ്രസ്താവനയുടെ പേരില്‍ ശിവഗിരി മഠത്തെയും സംന്യാസ സമൂഹത്തെയും അധിക്ഷേപിച്ച് മുന്‍ ടൂറിസം മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്.
ശ്രീനാരായണ ഗുരുദേവന്റെ പിന്മുറക്കാര് ഒരു രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യുവാനും നടക്കുന്നവരുടെ പാണന്മാര് ആയി അധഃപതിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുന്നുവെന്നാണ് പ്രസ്താവനയില്‍ കടകംപള്ളിയുടെ പ്രതികരണം. സ്വാമിമാര്‍ക്ക് രാഷ്ട്രീയം ആവാം. അതുപക്ഷേ ശ്രീനാരായണ ഗുരു പകര്‍ന്നു നല്കിയ നവോത്ഥാന മൂല്യങ്ങളെ റദ്ദ് ചെയ്യുന്നതാവരുതെന്നും പറയുന്ന കടകംപള്ളി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവന കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിപ്പോയിയെന്നും പരിഹസിക്കുന്നു.
”ശിവഗിരിയെയും ശ്രീനാരായണ ഗുരുദേവനെയും കൂടുതല്‍ അറിഞ്ഞ് ആദരിക്കുന്നതിലും, മഠത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍. മോദിയും കേന്ദ്രവും നല്കിയ വാഗ്ദാനങ്ങള്‍ക്കപ്പുറം അവര്‍ കനിഞ്ഞനുവദിച്ച ആ സഹായങ്ങള്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാന്‍ കൂടി സ്വാമി തയ്യാറാവണം. ആകെയുള്ളത് ശിവഗിരി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് ആണ്.” ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യവര്‍ഷം തന്നെ വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് ഒരു തീര്‍ത്ഥാടന ടൂറിസം പദ്ധതിയെന്നാണ് കടകംപള്ളിയുടെ അവകാശവാദം.
118കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മുന്നോട്ട് വെച്ചത്. എന്നാല്‍, ഇതിനിടയില്‍ ശിവഗിരി മഠം നേരിട്ട് മറ്റൊരു കണ്‍സപ്റ്റ് നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചുവെന്നും ഇതേ തുടര്‍ന്നാണ് സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ട് വെച്ച 118 കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് തീരുമാനിച്ചതെന്നും കടകംപള്ളി ആരോപിക്കുന്നു. പദ്ധതി ആരംഭിച്ച് മൂന്നു വര്‍ഷം കഴിയുമ്പോള്‍ പദ്ധതിയുടെ അവസ്ഥ എന്താണ് എന്ന് വ്യക്തമാക്കാനെങ്കിലും സ്വാമി തയ്യാറാകണമെന്നും കടകംപള്ളി പറയുന്നു.
ശിവഗിരിയില്‍ കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നതിന് 13 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുവെന്നും ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം സ്ഥാപിക്കുന്നതിന് അഞ്ചു കോടി അനുവദിച്ചുവെന്നും കടകംപള്ളി പറയുന്നു. ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 18 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്വെന്ഷന് സെന്ററും ഡിജിറ്റല്‍ മ്യൂസിയവും നിര്‍മിച്ചതും അരുവിപ്പുറത്ത് സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് തുക അനുവദിച്ചതും ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പിണറായി വിജയന് സര്‍ക്കാര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചതുമൊക്കെ എടുത്തുപറഞ്ഞാണ് ശിവഗിരി മഠത്തിലെ സംന്യാസിമാരെയും ശ്രീനാരായണീയരെയും കടകംപള്ളി ആക്ഷേപിക്കുന്നത്.
ശിവഗിരിയില്‍ കണ്വെന്ഷന് സെന്റര്‍ സ്ഥാപിക്കുന്നതിനും ജാതിയില്ലാ വിളംബരത്തിന്റെ മ്യൂസിയം സ്ഥാപിക്കുന്നതിനും ഇടതുഭരണസമിതി നേതൃത്വം നല്കിയ വര്‍ക്കല മുനിസിപ്പാലിറ്റി അനുമതി നിഷേധിച്ചതും കെട്ടിടനിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ ഇടതുഭരണസമിതി നോട്ടീസ് നല്കിയ നടപടിയുമൊക്കെ വിസ്മരിച്ചുകൊണ്ടാണ് കടകംപള്ളിയുടെ വികസന വായ്ത്താരിയും അധിക്ഷേപവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: