ന്യൂദല്‍ഹി: പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് മെഡിക്കല്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു.
ശക്തവും ആരോഗ്യകരവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള സര്‍വതല ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്ത അദ്ദേഹം, സ്വകാര്യ സ്ഥാപനങ്ങളും വന്‍കിട കോര്‍പ്പറേറ്റുകളും വ്യക്തികളും അവരുടെ സമയവും വിഭവങ്ങളും ആരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ഒപ്പം തന്നെ ചെലവഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു.
ഇന്ന്, സ്വര്‍ണ്ണ ഭാരത് ട്രസ്റ്റും, ചെന്നൈ ഗ്ലോബല്‍ ഹോസ്പിറ്റല്‍സും ചേര്‍ന്ന് നെല്ലൂരില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട്, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഉദാസീനവും സമ്മര്‍ദപൂരിതവുമായ ജീവിതശൈലിയും രാജ്യത്ത് സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനയ്ക്ക് കാരണമാകുന്നുവെന്ന് നായിഡു അഭിപ്രായപ്പെട്ടു.
ശാരീരിക ക്ഷമതയും മാനസിക ഉണര്‍വും നിലനിറുത്താന്‍ യോഗ പോലുള്ള ശാരീരിക വ്യായാമങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടാന്‍ അദ്ദേഹം എല്ലാവരോടും, പ്രത്യേകിച്ച് ചെറുപ്പക്കാരോട് അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് നായിഡു ആവശ്യപ്പെട്ടു.
ഈ നിര്‍ണായക മേഖലകള്‍ക്ക് ഗവണ്മെന്റ്റുകള് ഉയര്‍ന്ന ബജറ്റ് വിഹിതം നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. യുവാക്കള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച തന്റെ ഉത്കണ്ഠ പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാന് സമഗ്രമായ ശ്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. മയക്കുമരുന്ന് വിപത്തിനെ വേരോടെ പിഴുതെറിയാന്‍ എല്ലാ പങ്കാളികളുടെയും യോജിച്ച ശ്രമങ്ങള്‍ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: