ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും അഭിഭാഷകനും സാമൂഹിക പരിഷ്‌കര്‍ത്താവും പണ്ഡിതനുമായിരുന്ന ഡോ. ബാബാ സാഹിബ് അംബേദ്കര്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ശ്രദ്ധേയമായ ഒന്നാണ് ‘ദി അനിഹിലേഷന്‍ ഓഫ് കാസ്റ്റ്’. ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തിനെതിരെയും അനാചാരങ്ങള്‍ക്കെതിരെയും അദ്ദേഹമെഴുതിയ നിരവധി പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇടത്ഇസ്ലാമിക ബുദ്ധിജീവികള്‍ ദേശീയ പ്രസ്ഥനങ്ങളെ അക്രമിക്കനായിട്ട് ഉപയോഗിക്കുന്നവയില്‍ ഏറ്റവും പ്രസിദ്ധമാണ് മേല്‍പ്പറഞ്ഞ പുസ്തകം. എന്നാല്‍ ഈ ബുദ്ധിജീവികള്‍ സൗകര്യപൂര്‍വം മറക്കുന്ന അദ്ദേഹത്തിന്റെ ഒരു മഹത്തായ രചനയാണ് ‘പാക്കിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം’. ഇടത് ജിഹാദി പ്രസ്ഥാനങ്ങള്‍ക്കു ദഹിക്കാത്ത പല വസ്തുതകളും ഉള്‍പ്പെട്ട ഈ പുസ്തകം മലബാര്‍ ലഹളയെക്കുറിച്ചും അതില്‍ മാപ്പിളമാര്‍ നടത്തിയ ഹിന്ദു വംശഹത്യയെയും അതി നിശിതമായ രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്. തന്റെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഇസ്ലാമിക അക്രമകാരികളെ ന്യായീകരിക്കാന്‍ ശ്രമിച്ച ഗാന്ധിയുടെ ഇരട്ടത്താപ്പും അദ്ദേഹം ഇതിലൂടെ തുറന്നു കാട്ടുന്നു. ഇത്രയുമൊക്കെ മതിയല്ലോ ഈ പുസ്തകം എന്തിനാണ് തമസ്‌കരിച്ചത് എന്ന് ഊഹിക്കാന്‍.
1940ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇന്ത്യ വിഭജനത്തിനു കാരണമായ ചിന്തകളുടെയും സംഭവങ്ങളുടേയും ചരിത്രപരമായ വിശകലനവും പഠനവുമാണ്. ഏത് സാഹചര്യത്തിലായിരുന്നു ഈ മഹാരാജ്യത്തെ വെട്ടി മുറിച്ചു മൂന്ന് കഷ്ണമാക്കി മാറ്റിയത് എന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് ഈ ഗ്രന്ഥം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ നിലവിലെ രാഷ്‌ട്രീയ, സാമൂഹിക വികാസങ്ങളെക്കുറിച്ച് ഗൗരവതരമായ പഠനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥിക്കു പോലും അവഗണിക്കാനാകുന്നതല്ല ഈ പുസ്തകം. വിഭജനകാലത്തെ അതിസങ്കീര്‍ണ്ണമായ സാമൂഹികരാഷ്‌ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് അപൂര്‍വ്വവും യഥാര്‍ത്ഥവുമായ ഉള്‍ക്കാഴ്ച ഇതിലൂടെ നമുക്ക് കിട്ടും. വിഭജനത്തിലേക്ക് വഴിമരുന്നിട്ട പ്രശ്‌നങ്ങളെ ആഴത്തില്‍ മനസിലാക്കിയാണ് ഈ പുസ്തകം അബേദ്കര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യ വിഭജന വിഷയത്തില്‍ താന്‍ നല്‍കിയ സംഭാവനയുടെ പ്രാധാന്യത്തെക്കുറിച്ച് അതീവ ബോധവാനായിരുന്ന അംബേദ്കര്‍ രണ്ടാം പതിപ്പിന്റെ ആമുഖത്തില്‍ അതിനെപ്പറ്റി ഈ രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
‘ഈ പുസ്തകം അതിന്റെ യഥാര്‍ത്ഥ ആവശ്യം നിറവേറ്റിയതായി എനിക്ക് തോന്നുന്നു. ഇതിലൂടെ ഞാന്‍ മുന്നോട്ടു വച്ച ആശയങ്ങളും ചിന്തകളും, വാദങ്ങളും പല എഴുത്തുകാരും, പത്രധിപന്‍മാരും, രാഷ്‌ട്രീയക്കാരും അവരവരുടെ വാദങ്ങളെ പിന്‍തുണക്കാനായി പലയിടങ്ങളിലും ഉദ്ധരിച്ചിരിക്കുന്നു. കേവല വാദങ്ങള്‍ മാത്രമായിട്ടല്ല പുസ്തകത്തിലെ പല വരികളും അതേപോലെ തന്നെ പലയിടങ്ങളിലും സ്വകാര്യ ലാഭത്തിനായി ഉപയോഗിച്ചവര്‍ അതിന്റെ ഉറവിടത്തെ അംഗീകരിക്കുക എന്നുള്ള കേവലമായ മാന്യതപോലും പലപ്പോഴും കാണിച്ചില്ല. അത് പക്ഷെ എനിക്ക് പ്രശ്‌നമല്ല. പാക്കിസ്ഥാന്‍ എന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യക്കാര്‍ക്ക് എന്റെ പുസ്തകം ആശ്വാസമേകിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.’
വിഭജന വിഷയത്തിന്‍ മേലുള്ള ഒരു ആധികാരിക സംഹിത എന്ന നിലയില്‍ ഈ പുസ്തകത്തെ ഗാന്ധിയും, ജിന്നയും അവരുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചത് അതിന്റെ മൂല്യത്തെ വ്യക്തമാക്കുന്നു. ഒരു യഥാര്‍ത്ഥ ദേശീയവാദിയായ അംബേദ്കര്‍ ഇന്ത്യന്‍ ജനതയുടെ രക്ഷകനായി സ്വയം ഏറ്റെടുത്ത ചുമതലയുടെ ഭാഗമായിട്ടാണ് ഈ പുസ്തകത്തിന്റെ രചന നടത്തിയത്. പാരതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള പാത വളരെ സന്തുഷ്ടവും സമാധാനപരവുമായിരിക്കണമെന്നും അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു.
ഇരുഭാഗങ്ങളുടെയും വാദത്തെ വസ്തുനിഷ്ഠമായി അവലോകനം നടത്തി ഏതൊരു വായനക്കാരന്റെയും താല്‍പര്യത്തെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന രചന രീതിയാണ് ഈ പുസ്തകത്തിന്റെ മേന്‍മ. ഇംഗ്ലീഷ് ഭാഷയില്‍ തനിക്കുള്ള അഗാധമായ പാണ്ഡിത്യത്തിന്റെ ആഴവും പരപ്പും വളരെയേറെ വ്യക്തമായും സ്ഫുടമായുമാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ തുറന്ന് കാട്ടുകയാണ്.
ലോകപ്രശസ്തരായ ചില ചരിത്രകാരന്‍മാരുടെ വരികള്‍ സാഹചര്യത്തിനനുസരിച്ച് കടം കൊണ്ടിരിക്കുന്നത് ഈ പുസ്തകത്തില്‍ നമുക്ക് കാണാന്‍ കഴിയും. ലെയിന്‍പൂള്‍, തോണ്‍ബി, ബ്രയ്‌സ്, ലോര്‍ഡ് ആക്ടന്‍ തുടങ്ങിയ മഹാന്‍മാരുടെ വാദങ്ങള്‍ ഉപയോഗിച്ച് തന്റെ നിലപാടിനെ സംശയത്തിനതീതമായി സ്ഥാപിച്ചെടുക്കുന്നതിന് അംബേദ്കര്‍ കാട്ടിയ കൃത്യത ശ്ലാഖനീയമാണ്. സമകാലിക പത്രക്കുറിപ്പുകള്‍, സ്ഥിതിവിവര പട്ടികകള്‍, പ്രസ്താവനകള്‍, ഔദ്യോഗിക രേഖകളില്‍ നിന്നും അവലംബിച്ച വിവരങ്ങള്‍ എന്നിവ യുക്തി സഹമായ ക്രമത്തിലാണ് അദ്ദേഹം ഈ പുസ്തകത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തന്റെ വിശകലന വൈദൈഗദ്യം അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. തന്റെ കയ്‌പ്പേറിയ ജീവിത പാഠത്തില്‍ നിന്നും ഉള്‍ക്കൊണ്ട അറിവും അദ്ദേഹത്തെ ഇങ്ങനെയൊരു പുസ്തകത്തിന്റെ രചനയില്‍ കാര്യമായ രീതിയില്‍ പിന്തുണച്ചിരിക്കാം. വിവേകത്തിന്റെയും നര്‍മ്മത്തിന്റെയും മിന്നല്‍പ്പിണറുകള്‍ പുസ്തകത്തിന്റെ എല്ലാ കോണിലും സ്ഫുരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.
ഇന്ത്യ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനപരമായ ഉത്തരം നല്‍കാന്‍ ശേഷിയുള്ള ഈ പുസ്തകം വിലമതിക്കാനാകാത്ത ഒരു ചരിത്ര ശേഷിപ്പാണെന്നതില്‍ ഒരു സംശയവും വേണ്ട. പുറത്തിറങ്ങിയിട്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷവും കലിക പ്രസക്തിയേറിവരുന്ന ഈ രചനയെ പഴകുന്തോറും വീര്യം കൂടുന്ന ഒരു വീഞ്ഞിനോട് ഉപമിച്ചാല്‍ അതില്‍ അതിശയോക്തി തെല്ലും കാണാനാകില്ല. ഭാരതത്തിന്റെ സമകാലീനമായ ഭൗതിക സാഹചര്യത്തില്‍ അംബേദ്കര്‍ എഴുതിയ ‘പാക്കിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന പുസ്തകം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: