നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ആറ് വര്‍ഷംകൊണ്ട് വനിതാ സ്വാശ്രയ സംഘങ്ങളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധന ഉണ്ടായിരിക്കുന്നു എന്ന റിപ്പോര്‍ട്ട് ഒരേസമയം ആഹ്ലാദകരവും അഭിമാനകരവുമാണ്. തൊഴില്‍ വികസന മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നതും, വനിതാ സ്വയംപര്യാപ്ത സംഘങ്ങളെ ശക്തിപ്പെടുത്താന്‍ കഴിഞ്ഞതും സ്ത്രീശാക്തീകരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു. രാജ്യത്തെ എണ്‍പത് ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ട് ലഭ്യമായതും, ജന്‍ധന്‍ വഴി 23 കോടി സ്ത്രീകളെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞതും, മുദ്ര വായ്പയുടെ എഴുപത് ശതമാനം ഗുണഭോക്താക്കളും സ്ത്രീകളായി മാറിയതും മുന്നേറ്റത്തിന്റെ സൂചനകളാണ്. ഐഎംഎഫിന്റെ ഒരു റിപ്പോര്‍ട്ടുപ്രകാരം തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം അവസരം ലഭിച്ചാല്‍ ഭാരതത്തിന്റെ ജിഡിപിയില്‍ ഇരുപത്തിയേഴ് ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നൈപുണ്യം ലഭിച്ച സ്ത്രീകള്‍ ജോലികളില്‍ പ്രവേശിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഒന്‍പത് ശതമാനം വരെ ഉയര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി സ്ത്രീകളെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാക്കി മാറ്റുന്നതിലൂടെ ഈ നില കൈവരിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല, സമൂഹത്തിനും പുതിയ ഉന്മേഷം പ്രദാനം ചെയ്യും.
സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനായി നിര്‍മിക്കുകയുണ്ടായി. ഇതിന്റെ അദ്ഭുത ഫലങ്ങളാണ് ഇപ്പോഴുണ്ടാവുന്നത്. സ്ത്രീ ശാക്തീകരണം മുന്‍കാലത്ത് വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നപ്പോള്‍ നാരീശക്തിയുടെ തടസ്സങ്ങള്‍ തട്ടിനീക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിരോധസേനയുള്‍പ്പെടെ സ്ത്രീകള്‍ക്ക് അന്യമായിരുന്ന പല മേഖലകളിലും അവര്‍ക്ക് പ്രവേശനം നല്കാന് മോദി സര്‍ക്കാരിന് കഴിഞ്ഞു. വനിതകള്‍ക്ക് സൈനിക സേവനത്തിനുള്ള തടസ്സങ്ങള്‍ ഓരോന്നായി ഇല്ലാതാവുകയാണ്. നാഷണല്‍ വുമണ്‍സ് അക്കാദമിയില്‍ വനിതകള്‍ക്ക് പ്രവേശനം ലഭിച്ചത് ഇതിലൊന്നാണ്. ഇതിന് മുന്‍പ് ഇക്കാര്യത്തില്‍ ചില വാഗ്ദാനങ്ങള്‍ മാത്രമാണ് സര്‍ക്കാരുകള്‍ക്ക് നല്കാന് കഴിഞ്ഞതെങ്കില്‍ രാഷ്ട്രീയമായ ഇച്ഛാശക്തിയോടെ അത് പ്രാവര്‍ത്തികമാക്കുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടുമുള്ള സമൂഹത്തിന്റെ മനോഭാവം മാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. പെണ്‍കുട്ടികളെ നിരീക്ഷിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതുപോലെ എന്തുകൊണ്ടാണ് ആണ്‍കുട്ടികളുടെ കാര്യത്തില്‍ ചെയ്യാത്തതെന്ന് ഒരു സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്ര മോദി മാതാപിതാക്കളോട് ചോദിക്കുകയുണ്ടായി. ബലാത്സംഗം ചെയ്യുന്ന കുറ്റവാളി ആരുടെയെങ്കിലും മകനാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ഓര്‍മപ്പെടുത്തല്‍. സമൂഹത്തില്‍ വലിയ ചലനമുണ്ടാക്കാന്‍ ഇതിനു കഴിഞ്ഞു.
സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും എല്ലാ രംഗത്തും വേണമെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. രണ്ടാം മോദി സര്‍ക്കാര്‍ വളരെ ചെറുതായിരുന്നിട്ടും കാബിനറ്റ് പദവിയുള്ള ആറ് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തുകയുണ്ടായി. ആദ്യ മന്ത്രിസഭാ വികസനത്തില്‍ വനിതാ മന്ത്രിമാരുടെ എണ്ണം പതിനൊന്നായി. വനിതകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന നടപടികളും കേന്ദ്രസര്‍ക്കാര്‍ ഓരോന്നായി സ്വീകരിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വരെ ലോണ്‍ അനുവദിക്കുന്ന മുദ്ര യോജന ഇതിലൊന്നായിരുന്നു. മുപ്പത്തിരണ്ട് കോടി വരുന്ന ഇതിന്റെ ഗുണഭോക്താക്കളില്‍ 68 ശതമാനവും സ്ത്രീകളായിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്. വ്യവസായ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി വഴി ഷെഡ്യൂള്‍ഡ് ബാങ്കിന്റെ ഒരു ശാഖ കുറഞ്ഞത് ഒരു പട്ടികജാതി-വര്‍ഗ വനിതയ്ക്ക് പത്ത് ലക്ഷം മുതല്‍ ഒരു കോടിവരെ ലോണ്‍ അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തു. 2021 വരെയുള്ള കണക്കനുസരിച്ച് 20000 കോടിയിലേറെ രൂപയാണ് ഇതിനായി അനുവദിച്ചത്. വനിതകള്‍ക്ക് സ്വന്തം ചിറകുകള് വീശി സ്വാശ്രയത്വത്തിലേക്ക് പറക്കാനുള്ള അവസരങ്ങളാണ് ഇത്തരം പദ്ധതികളിലൂടെയുള്ള സാമ്പത്തിക സഹായങ്ങള്‍ സൃഷ്ടിച്ചത്. ഇതുവഴി വനിതകള്‍ മാത്രമല്ല അവരുടെ കുടുംബങ്ങളും സമൂഹവും ശാക്തീകരിക്കപ്പെട്ടു എന്നതാണ് വസ്തുത. സ്ത്രീ സമൂഹത്തെ പൊതുവായും, അവരില്‍ അവഗണിക്കപ്പെടുന്നവരെ പ്രത്യേകമായും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടത്. അത് വലിയ തോതില്‍ വിജയം കാണുന്നു എന്നതില്‍ ഓരോ പൗരനും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: