തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ ദ കാശ്മീര്‍ ഫയല്‍സ്’ ഹിന്ദി സിനിമയുടെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഇറങ്ങിയ പുസ്തകം സിനിമയുടെ സംവിധാകന് പ്രകാശനം ചെയ്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ ‘ കാശ്മീരി ഫയല്‍സ്’ പ്രകാശനം ചെയ്ത് വിവേക് അഗ്നിഹോത്രി. അനന്തപുരി ഹിന്ദുമഹാ സമ്മേളനവേദിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ കുമ്മനം രാജശേഖരന് പുസ്തകം ഏറ്റുവാങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്തു. സമ്മേളം സ്വാഗതസംഘം ചെയര്മാന് ചെങ്കല്‍ രാജശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ചേങ്കാേട്ടുകോണം ആശ്രമം മഠാധിപതി ബ്രഹ്മപാദനന്ദസരസ്വതി, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, എം.ഗോപാല്‍, യുവ്രാജ് ഗോകുല്‍, ഗ്രന്ഥകാരന് പി ശ്രീകുമാര്‍, പ്രസാധകന് ഷാബു പ്രസാദ് എന്നിവരും പങ്കെടുത്തു.
കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുണ്ടായ അതിക്രമമാണ് ‘ ദ കാശ്മീര്‍ ഫയല്‍സ്’ സിനിമയുടെ ഇതിവൃത്തമെങ്കില്‍ പുസ്തകം കാശ്മീരിന്റെ സംസ്ക്കാരവും ചരിത്രവും അധിനിവേശവും സൗന്ദര്യവും ദുരന്തവും വിശദമാക്കുന്നു. ഇന്നലകളിലെ കശ്മീരും ലേഖകന്‍ കണ്ട കശ്മീരുമാണ് ഇതിലെ പ്രതിപാദ്യ വിഷയം.
ശിവന്റെയും കശ്യപന്റെയും ശങ്കരാചാര്യരുടെയും സരസ്വതിയുടെയും ഭൂമിയായിരുന്ന കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗ്ഗമായിരുന്നു. ആ സ്വര്‍ഗം എങ്ങനെ ഇന്നത്തെ അവസ്ഥയില്‍ ആയെന്ന് വിവരിക്കുകയാണ് കാശ്മീര്‍ ഫയല്‍ വഴി ചെയ്തതെന്ന് വിവേക് അഗ്നി ഹോത്രി പറഞ്ഞു. 1300-ാം ആണ്ടുവരെയും പൂര്‍ണമായും ഹിന്ദു ഭൂപ്രദേശമായിരുന്നു കാശ്മീര്‍. ഇറാനിലെയും ഇറാഖിലെയും മതപീഢ നേരിട്ടവരാണ് ആദ്യം അവിടെയെത്തിയ ഇതര മതസ്ഥര്‍. അവര്‍ക്ക് ആഥിത്യം അരുളുകയാണ് കശ്മീരികള്‍ ചെയ്തത്. എന്നാല്‍ പിന്നീട് ഇവര്‍ കാശ്മീരികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുകയായിരുന്നു.കാശ്മീര്‍ സ്വര്‍ഗ്ഗമായിരുന്നത് ഹിന്ദുക്കള്‍ ഉണ്ടായിരുന്നത് കൊണ്ടാണ്. കാശ്മീരിനുണ്ടായ അപചയത്തെ കുറിച്ച് സിനിമയിലൂടെ ചെയ്തത്. പക്ഷെ ഈ സിനിമയ്ക്കെതിരെ ജിഹാദികളും അര്‍ബന്‍ നക്സലുകളും രംഗത്തെത്തി. ഈ സിനിമ ദുഷ്പ്രചാരണത്തിന്റെ ഭാഗമാണെന്നും ഇസ്ലാമിക വിരുദ്ധമാണെന്നും അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ദുഷ്പ്രചാരണം എന്താണെന്ന് അവര്‍ക്ക് തെളിയിക്കാന്‍ സാധിച്ചില്ല വിവേക് അഗ്നിഹോത്രി പറഞ്ഞു.
സിനിമയില്‍ എവിടെയും ഇസ്ലാമെന്നോ മുസ്ലിമെന്നോ പാകിസ്താനെന്നോ പരാമര്‍ശിക്കുന്നില്ല. ഹിന്ദുക്കള്‍ക്കുണ്ടായ നഷ്ടങ്ങള്‍ മാത്രമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും അദേഹം വിശദീകരിച്ചു. സിനിമ എതിര്‍ക്കുന്നത് തീവ്രവാദത്തെ മാത്രമാണ്. ഈ സിനിമ ഇസ്ലാമികെ വിരുദ്ധമെന്ന് പറയുന്നവരാണ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത്. ഭാരതത്തില്‍ അതുപോലെ പുറത്ത് പറയാത്ത അനേകം സംഭവങ്ങളുണ്ട്. കേരളത്തില്‍ മാത്രം നിരവധി സംഭവങ്ങള്‍ ഉണ്ട്
ഇടതുപക്ഷം ആദ്യം സിനിമയെ പുച്ഛിച്ചു. ഈ മനുഷ്യന് എങ്ങനെ സിനിമ എടുക്കാന്‍ സാധിക്കുമെന്ന് പറഞ്ഞ് തള്ളി. എന്നാല്‍ തനിക്കറിയാം ഈ ആളുകളുടെ മനസ്സ്. തന്റെ സിനിമയിലെ ഒരോ ചെറിയ സീനും സംഭാഷണവും അത്രത്തോളം പഠനം നടത്തിയുണ്ടായതാണ്. കോമഡി ആണോ ദുരന്തമാണോ എന്നറിയില്ല, കേരളം അടക്കമുള്ള സ്ഥലങ്ങളിലെ ആളുകള്‍ പറയുന്നത് ഈ സിനിമയിലേത് സംഘടിത പ്രചാരണം ആണെന്നാണ്. ഈ സിനിമയിലെ ഏത് ഭാഗമാണ് ഇത്തരത്തില്‍ സംഘടിതമായ പ്രചാരണമായി തോന്നുന്നതെന്നാണ് തനിക്ക് ഇത്തരക്കാരോട് ചോദിക്കാനുള്ളതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
കേരളത്തില്‍ ഹിന്ദി സിനിമകള്‍ ഒന്ന് രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ഓടാറില്ല. കേരളത്തില്‍ കശ്മീര്‍ ഫയല്‍സിന് ആദ്യ ദിവസം ലഭിച്ചത് രണ്ട് സ്ക്രീനുകള്‍ മാത്രമാണ്. എന്നാല്‍ പിന്നാലെ ആഴ്ച്ചകളോളം കശ്മീര്‍ ഫയല്‍സ് ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടര്‍ന്നു. തമിഴ്നാട്ടിലും സിനിമ ആഴ്ച്ചകളോളം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടര്‍ന്നു. ഇന്ത്യയ്ക്ക് പുറത്തും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. നാളെ ചിത്രം ഇസ്രായേലില്‍ റിലീസിനൊരുങ്ങുകയാണ്. ഇസ്ലാമിക് രാജ്യങ്ങളായ ഫിലിപ്പീന്‍സിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും വിവേക് അഗ്നിഹോത്രി വ്യക്തമാക്കി.
ഈ രാജ്യങ്ങളിലെ ജനങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. ഇന്തോനേഷ്യയിലെ മുസ്ലീംങ്ങളും ഇന്ത്യയിലെ മുസ്ലീങ്ങളും തമ്മില്‍ വലിയ രീതിയിലെ വ്യത്യാസമുണ്ട്. അവര്‍ മതപരമായി മുസ്ലീമും സാംസ്കാരികപരമായി ഹിന്ദുവുമാണ്. മുസ്ലീമായിരിക്കാം എന്നിരുന്നാലും തങ്ങള്‍ പിന്തുടരുന്നത് ഹിന്ദു സംസ്കാരമാണെന്ന് അവര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
പുതിയ തലമുറ കാശ്മീരിനെക്കുറിച്ച് എത്ര അജ്ഞര്‍ എന്ന ബോധ്യമാണ് പുസ്തക രചനയ്ക്ക് കാരണമെന്ന് ശ്രീകുമാര്‍ പറഞ്ഞു.
‘സിനിമ കണ്ട എന്റെ മക്കള്‍ക്ക് നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമ എന്നത് വിശ്വസിക്കാനേ കഴിഞ്ഞില്ല. ജമ്മൂ കാശ്മീരിന്റെ ചരിത്രവും സംസ്ക്കാരവും മനോഹാരിതയും അവിടെ നടന്ന രാഷ്ട്രീയ ചതിയും വശംഹത്യയും ഒക്കെ അറിയാവുന്ന രീതിയില്‍ പറഞ്ഞുകൊടുത്തു. പുതിയ തലമുറ കാശ്മീരിനെക്കുറിച്ച് എത്ര അജ്ഞര്‍ എന്ന ബോധ്യമാകുന്നതായിരുന്നു കുട്ടികളുടെ പ്രതികരണം. അതില്‍ നിന്നാണ് ഈ പുസ്തകം ഉണ്ടാകുന്നത്. ‘ ദ കാശ്മീര്‍ ഫയല്‍സ്’ സിനിമയെക്കുറിച്ച് വിശദമായ ഒരു പഠനം എന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് സിനിമയുടെ പശ്ചാത്തലത്തില്‍ കാശ്മീരിനെ പരിചയപ്പെടുത്താം എന്നു തോന്നിയത്. ഒരോ അധ്യായവും ഓരോ ഫയല്‍ എന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒടുവില്‍ സംഭവിച്ച കാര്യങ്ങളാണല്ലോ ഫയലില്‍ ആദ്യം വരുക. ആ മാതൃകയാണ് പുസ്തകത്തിലും സ്വീകരിച്ചിരിക്കുന്നത്’ ശ്രീകുമാര്‍ പറഞ്ഞു.
സിനിമയെക്കുറിച്ചുള്ള പഠനം, 370ാം വകുപ്പ് എടുത്തു കളഞ്ഞതിനുശേഷമുള്ള കാശ്മീരിന്റെ പുരോഗതി, 370ാം വകുപ്പിന്റെ ചരിത്രം, ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരിന്റെ സൗന്ദര്യം, കാശ്മീരിനെ ഭാരത്തോടൊപ്പം നിര്‍ത്താന്‍ നടത്തിയ ഇടപെടലുകള്‍, കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ, രാഷ്ട്രീയ നേതൃത്വങ്ങളുടെ വഞ്ചന, കാശ്മീരിലേക്കുള്ള അധിനിവേശത്തിന്റെ തുടര്‍ക്കഥകള്‍ എന്നിവയൊക്കെ ഓരോ ഫയലുകളായി പുസ്തകത്തില്‍ വിശദമാക്കുന്നു
വികലമായ നയവും നയരാഹിത്യവും ഉള്ള നേതാക്കന്മാര് സമാധാന ജീവിതത്തിന് തന്നെ ഭീഷണിയാണെന്ന് കശ്മീര്‍ നമ്മോട് നിശബ്ദമായി പറയുന്നുണ്ട്. കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാത്ത സമൂഹത്തെ കാത്തിരിക്കുന്ന അനിവാര്യമായ പതനവും കശ്മീരില്‍ നിന്ന് പഠിക്കണം. ജീവിതത്തില്‍ ഇന്നുവരെ ആയുധം കൈകൊണ്ട് പോലും തൊടാതിരുന്ന, അറിവ് നേടുക ജീവിത്ര വ്രതമാക്കിയ സമൂഹമായിരുന്നു കശ്മീരി പണ്ഡിറ്റുകളുടേത്. എന്നിട്ടും അവര്‍ക്ക് നേരിടേണ്ടി വന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതയായിരുന്നു. ഈ കാര്യങ്ങളൊക്കെ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: