ചെന്നൈ: മദ്രാസ് ഹൈക്കോടതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയ്ക്ക് കത്തയച്ചു.
മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഭരണ ബ്ലോക്കിന്റെ തറക്കല്ലിടല്‍ ചടങ്ങിലാണ് തമിഴ്നാട് നിയമമന്ത്രി എസ്. രഘുപതി പങ്കെടുക്കേണ്ടിയിരുന്നത്. ഒമ്പത് നിലയുള്ള ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ്. മന്ത്രി രഘുപതിയുടെ പേരില്‍ ഒരു ക്രിമിനല്‍ കേസ് നിലവിലുള്ളതിനാല്‍ മന്ത്രിയെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാണ് അണ്ണാമലൈ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രിയെ ഈ ചടങ്ങില്‍ പങ്കെടുപ്പിച്ചാല്‍ ആ കേസിലെ പരാതിക്കാര്‍ക്ക് അത് നാണക്കേടായി ഭവിക്കുമെന്നും അവര്‍ക്ക് അതില്‍ എതിര്പ്പുണ്ടായേക്കുമെന്നും അണ്ണാമലൈ പറയുന്നു. പണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉദ്ഘാടനച്ചടങ്ങിന് മുഖ്യാതിഥിയായ ജയലളിതയെ ക്രിമിനല്‍ കേസ് കോടതിയിലുള്ളതിനാല്‍ പങ്കെടുപ്പിക്കരുതെന്ന് അന്നത്തെ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ജയലളിത അന്ന് ആ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന് മാത്രമല്ല, അവരുടെ പേരെഴുതിയ ഉദ്ഘാടന ഫലകം മാറ്റുകയും ചെയ്തു. ഈ സമാന കേസ് പരിഗണിച്ച് ഈപ്പോഴത്തെ ഹൈക്കോടതി ചടങ്ങില്‍ നിന്നും നിയമമന്ത്രിയെ വിലക്കണമെന്നും അണ്ണാമലൈ ചീഫ് ജസറ്റിസ് എന്‍.വി. രമണയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: