മുംബൈ: പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ മെയ് 3നകം നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത രാജ് താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ആസിഫ് ഷെയ്ഖും വാഞ്ചിത് ബഹുജന്‍ അഘാദി നേതാവ് പ്രകാശ് അംബേദ്കറും ആവശ്യപ്പെട്ടതോടെ ശിവസേന കൂടുതല്‍ വെട്ടിലായി. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിയ്ക്കാന്‍ തുടങ്ങിയതോടെ ഹിന്ദുത്വ വികാരം മൂടിവെയ്ക്കേണ്ട ധര്മ്മസങ്കടമനുഭവിക്കുന്ന ശിവസേന നേതാക്കള്‍, ഇനി രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ അണികളുടെ മുന്നില്‍ കൂടുതല്‍ പരിഹാസ്യരായിത്തീരുമെന്നതാണ് ഈ ധര്‍മ്മസങ്കടത്തിന് കാരണം.
ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് വെല്ലുവിളി ഉയര്‍ത്തിയ എംപി നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവ് രവി റാണയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ കുടുക്കില്‍ നിന്നും തലയൂരാന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ രാജ് താക്കറെയെക്കൂടി അറസ്റ്റ് ചെയ്ത് കൂടുതല്‍ ഹിന്ദു വിരുദ്ധ വികാരം വാങ്ങിവെയ്ക്കാന്‍ ശിവസേനയ്ക്ക് ഭയമാണ്.
പള്ളികളിലെ മൈക്കുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തിയ രാജ് താക്കറെയ്ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് പ്രകാശ് അംബേദ്കര്‍ ഉയര്‍ത്തുന്ന ആവശ്യം. പ്രകാശ് അംബേദ്കര്‍ ഇപ്പോള്‍ മുസ്ലിം ലീഗുമായി കഴിഞ്ഞ ദിവസം പുതിയ മുന്നണി രൂപീകരിച്ചിരിക്കുകയാണ്. പള്ളികളിലെ ലൗഡ്സ്പീക്കറുകള്‍ മെയ് 3ന് മുന്‍പ് മാറ്റണമെന്ന് ഭീഷണിപ്പെടുത്തുന്ന രാജ് താക്കറെ അറസ്റ്റ് ചെയ്യണമെന്ന് എന്‍സിപി നേതാവ് ആസിഫ് ഷേഖ് ആവശ്യപ്പെട്ടു. ‘ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രാജ് താക്കറെയ്ക്കെതിരെ കേസെടുക്കണം. ഇക്കാര്യം ആവശ്യപ്പെട്ട ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
അതേ സമയം മെയ് 3 വരെ ക്ഷമിയ്ക്കുമെന്നും അതിന് ശേഷവും പള്ളികളിലെ ലൗഡ് സ്പീക്കര്‍ മാറ്റിയില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്പില് മൈക്കുപയോഗിച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്നും രാജ് താക്കറെ താക്കീത് നല്‍കിയിരിക്കുകയാണ്. ഇന്ത്യയിലുടനീളമുള്ള ഹിന്ദുക്കള്‍ മെയ് 3 വരെ ക്ഷമിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശിവസേനയെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിരിക്കുകയാണ്. പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഘടകകക്ഷിയായ എന്‍സിപി ഉള്‍പ്പെടെ എതിരാവും. രാജ് താക്കറെയെ അറസ്റ്റ് ചെയ്താല്‍ അത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തലാകും.
മെയ് 3ന്റെ ഭീഷണിയ്ക്ക് മുന്നോടിയായി അണികളെ സജ്ജരാക്കാന്‍ മെയ് 1ന് രാജ് താക്കറെ ഔറംഗബാദില്‍ പ്രകടനവും പൊതുയോഗവും വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ ഇതിനെതിരെ ഔറംഗബാദ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് പേരിലധികം കൂട്ടം കൂടിയാല്‍ അറസ്റ്റ് ചെയ്യുന്ന സ്ഥിതിവിശേഷമാണ്. മെയ് 9 വരെയാണ് നിരോധനാജ്ഞ.
അതിനിടെ ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏപ്രില്‍ 26ന് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം രാജ് താക്കറെ ബഹിഷ്കരിച്ചിരിക്കുകയാണ്. മുന്‍കൂട്ടി അനുമതി വാങ്ങിയവര്‍ക്ക് ആരാധനാലയങ്ങളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാമെന്നതാണ് ഇപ്പോള്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മൈക്കുകള്‍ ഉപയോഗിക്കുന്ന പള്ളികളോട് അനുമതി വാങ്ങിവെയ്ക്കാന്‍ ജമിയത്ത് ഉലമ ഐ ഹിന്ദ് ആവശ്യപ്പെട്ടിരിക്കുകയാണ്. അതേ സമയം ലൗഡ് സ്പീക്കറുകളേ പാടില്ലെന്ന താക്കീതാണ് രാജ് താക്കറെ മഹാരാഷ്ട്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: