കൊച്ചി : കേസില്‍ താനാണ് ഇര, തെറ്റ് ചെയ്തെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ഇതില്‍ ഇര ഞാനായത് കൊണ്ട് കേസില്‍ പേടിയില്ലെന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു. തനിക്കെതിരെ നടി ഉന്നയിച്ച ബലാത്സംഗ കേസില്‍ എഫ്ബി ലൈവിലൂടെ നല്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ ശരിക്കും ഇര താനാണ്, 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന് ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നെന്നും വിജയ് ബാബു പറഞ്ഞു.
എഫ്ബി ലൈവില്‍ പരാതിക്കാരിയുടെ പേര് ഉള്‍പ്പടെ വെളിപ്പെടുത്തിയ വിജയ് ബാബു, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. ആരോപണം ഉന്നയിച്ച ആള് ഇതില്‍ കക്ഷിയാണ്. എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാല്‍ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കള്‍ തുടങ്ങി എന്നെ സ്നേഹിക്കുന്നവര്‍ ദുഃഖം അനുഭവിക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ സുഖമായി ഇരിക്കുകയാണ്.
യുവതി തനിക്കയച്ച മെസേജുകളുടെ 400ഓളം സ്ക്രീന്‍ ഷോട്ടുകള്‍ തന്റെ പക്കലുണ്ട്. യുവതിക്കെതിരെ വേറെയും തെളിവുകള്‍ തന്റെ പക്കലുണ്ട്, അത് ഞാന്‍ കോടതിയില്‍ പറഞ്ഞോളാം. ഈ കേസുംകൂടി എന്റെ തലയില്‍ വന്നത് കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഇല്ല. വേണമെങ്കില്‍ ഞാന്‍ ഇക്കാര്യങ്ങള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയയില്‍ പറയാം. അതിന്ശേഷം അവരുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുണ്ടാകുന്ന ദുഃഖമോര്‍ത്ത് ഞാന്‍ അത് വിടുന്നില്ലെന്ന് പറഞ്ഞു.
ഇവിടെ ഇര ഞാന്‍ ആണ്. ഞാന്‍ ഇതിനെതിരേ കൗണ്ടര്‍ കേസ് ഫയല്‍ ചെയ്യും. കൂടാതെ, മാനനഷ്ടക്കേസും ഫയല്‍ ചെയ്യും. ഇത് ചെറിയൊരു കേസ് ആയിരിക്കില്ല. ഇവരും ഇവരുടെ കുടുംബവും ഇതിന് പുറകില്‍ നിന്നിട്ടുള്ളവരുമെല്ലാം ഉത്തരം പറയേണ്ടി വരും. ഞാന്‍ വെറുതേ വിടാന്‍ ആലോചിക്കുന്നില്ല. മീടൂവിന് ഇത് പുതിയൊരു തുടക്കം ആവട്ടെയെന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം വിജയ് ബാബുവിനെ ചോദ്യം ചെയ്യാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: