തിരുവനന്തപുരം: കലോത്സവ ഫണ്ട് കൈമാറിയില്ലെന്ന് ആരോപിച്ച് കേരള സര്‍വകലാശാല സ്റ്റുഡന്റ്സ് സര്‍വീസസ് മേധാവിയും പ്രൊഫസറുമായ ടി.വിജയലക്ഷ്മിയെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭ എംപിയുമായ എ.എ. റഹീമിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ റഹിം ഉള്‍പ്പെടെ 14 പ്രതികളും പലതവണ കോടതി ആവശ്യപ്പെട്ടിട്ടും ഹാജരായിരുന്നില്ല.
2017 മാര്‍ച്ച് 30നാണ് സ്റ്റുഡന്‍സ് സര്‍വീസ് ഡയറക്ടറായിരുന്ന വിജയലക്ഷിയെ എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തില്‍ തടഞ്ഞ് ആക്രമിച്ചത്. യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍പേഴ്സണ്‍ അഷിത, യൂണിയന് സെക്രട്ടറി അമല്‍,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണന് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പേന കൊണ്ട് വിജയലക്ഷ്മിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും തലമുടി പിടിച്ച് വലിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ എ.എ.റഹീം വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തി. ഡി.ജി.പിക്ക് വിജയലക്ഷ്മി നല്കിയ പരാതിയിലാണ് കേസെടുത്തത്.
എന്നാല്‍, കേസ് തുടര്‍ന്ന് നടത്താന്‍ താത്പര്യമില്ലെന്നും പൊതുജനതാത്പര്യാര്‍ത്ഥം പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷക ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. കേസ് പിന്‍വലിക്കാനാവില്ലെന്ന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് വ്യക്തമാക്കുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ അഭിഭാഷകയായ ഉമ നൗഷാദ് സമര്‍പ്പിച്ച ഹര്‍ജി, വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തള്ളിയത്. നടപടികളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹമെന്നും പ്രതികള്‍ വിചാരണ ചെയ്യപ്പെടണമെന്നും വിജയലക്ഷ്മി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിചാരണയ്ക്ക് പ്രതികള്‍ ഹാജരാക്കത്തിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: