കാലടി: ശ്രീശങ്കരാചാര്യരുടെ പേരിലുള്ള സര്‍വ്വകലാശാലയില്‍ നടക്കുന്ന ഇസ്ലാമികവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത്ത്. രക്ഷാബന്ധന് ഉള്‍പ്പടെയുള്ള ആചാരങ്ങള്‍ക്ക് വിലക്കുള്ള സര്‍വ്വകലാശാലയില്‍ നിസ്കാരം, ബാങ്ക് വിളി, ഇഫ്ത്താര്‍ വിരുന്ന് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ തീവ്രവാദി സംഘടനകള്‍ക്ക് പരസ്യമായി സഹായം ചെയ്യുന്ന സര്‍വ്വകലാശാലാ അധികൃതരുടെ ഇരട്ടത്താപ്പ് ഹൈന്ദവ അവഹേളനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജിതമ്പിയും ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരനും പ്രസ്താവനയില്‍ അറിയിച്ചു.
മത തീവ്രവാദികളെ ഭയന്ന് ആദിശങ്കരന്റെയും തുഞ്ചത്ത് ആചാര്യന്റെയും പ്രതിമകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ മടി കാണിക്കുന്ന ഭരണാധികാരികള്‍ മറ്റ് മതസ്ഥരുടെ കാര്യങ്ങള്‍ ചെയ്യാന്‍ കാണിക്കുന്ന ഉത്സാഹം ഏവരും ഇതിനോടകം തിരിച്ചറിയുന്നു. പൊതുവിദ്യാലയങ്ങളെ മതപരമായ ചടങ്ങുകളുടെ ഭാഗമാക്കരുതെന്ന് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ചടങ്ങുകള്‍ നടത്തുന്നതു വഴി സംഘര്‍ഷം ക്ഷണിച്ചു വരുത്തി സാമൂഹിക വിഭജനം ഉണ്ടാക്കുകയെന്ന ലക്ഷ്യമാണ് തീവ്ര ഇസ്ലാമിക ശക്തികള്ക്കുള്ളതെന്നും നേതാക്കള്‍ പറഞ്ഞു. ലൗ ജിഹാദ് വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പ് പോലെ തന്നെ ഇക്കാര്യങ്ങളിലും ഇടതുമുന്നണി ഇരട്ടത്താപ്പ് കാണിക്കുകയാണ്.
മത പ്രീണന നയങ്ങളിലൂടെ കേരളത്തെ മറ്റൊരു കശ്മീരാക്കുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന യാഥാര്‍ത്ഥ്യം വിശ്വഹിന്ദു പരിഷത്തും കേരളത്തിലെ ഹൈന്ദവ സമൂഹവും മനസിലാക്കി. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാനും നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാനുമാണ് തീരുമാനമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: