വൈക്കം: അങ്കണവാടിയുടെ ഭിത്തി തകര്‍ന്ന് നാലു വയസ്സുകാരന് പരിക്ക്. വൈക്കം നഗരസഭ 25-ാം വാര്‍ഡിലെ കായിക്കര അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞാണ് നാലു വയസുകാരന് പരിക്കേറ്റത്. കായിക്കര പനയ്ക്കച്ചിറ അജിയുടെ മകന് ഗൗതമിനാണ് പരിക്ക്്. കാലിന് ഒടിവുണ്ട്. തലക്കും പരിക്കുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ആദ്യം കുട്ടികളുടെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചീകിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്.
അങ്കണവാടി പ്രവര്‍ത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി തകര്‍ന്ന് വീഴുകയായിരുന്നു. വീടിനോടനുബന്ധിച്ച് നിര്‍മിച്ച മുറിയുടെ ഭിത്തി അതിനോടനുബന്ധിച്ചുള്ള കോണ്‍ക്രീറ്റ് ഷെല്‍ഫടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്. ഈ സമയം ഭിത്തിയോട് ചേര്‍ന്ന് കളിച്ചുകൊണ്ടിരുന്ന ഗൗതം ഇടിഞ്ഞു വീണ ഭിത്തിയോടൊപ്പം പുറത്തേക്ക് വീണു. 10 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ ഇന്നലെ രണ്ട് കുട്ടികള്‍ മാത്രമാണ് എത്തിയിരുന്നത്.
അങ്കണവാടി വര്‍ക്കര്‍ ബിനു അവധിയിലായിരുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ഹെല്‍പ്പര്‍ സിന്ധുവും സമീപത്തു നിന്ന് ഓടിയെത്തിയവരും ചേര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കയായിരുന്നു.
മഠത്തില്‍പറമ്പില്‍ ഗിരിജാ ദാസന്റെ വീടിനോട് ചേര്‍ന്ന മുറിയിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. സമീപത്തെ മറ്റൊരു വീടിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി ഒരു വര്‍ഷം മുന്‍പാണ് ഇപ്പോള്‍ തകര്‍ന്നു വീണ മുറിയിലേക്ക് മാറ്റിയത്. വീടിനോട് പുതുതായി കൂട്ടിച്ചേര്‍ത്ത ഈ മുറിയില്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നതിന് നഗരസഭ ഫിറ്റ്നസ്സ് നല്‍കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: