ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഇനി ടെസ്ല കമ്പനി സിഇഒ ഇലോണ്‍ മസ്കിന് സ്വന്തം. 44 ബില്യണ്‍ യുഎസ് ഡോളര്‍ (3.67 ലക്ഷം കോടി രൂപ) എന്ന മോഹവില നല്‍കിയാണ് ട്വിറ്ററുമായി മസ്ക് കരാര്‍ ഒപ്പിട്ടത്.. ഒരു ഓഹരിയ്ക്ക് 54.20 ഡോളര്‍ നല്കി 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്കിന്റെ ഏറ്റെടുക്കല്‍ പദ്ധതി ഏകകണ്ഠേന ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു പ്രഖ്യാപനം. ഇതോടെ ട്വിറ്റര്‍ പൂര്‍ണ്ണമായും ഒരു സ്വകാര്യ കമ്പനിയായി മാറുകയാണ്.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനി മൂല്യത്തെക്കാള്‍ വളരെ വലിയ തുക വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കുകയാണ് ബോര്‍ഡ് ചെയ്യാറുള്ളത്. എന്നാല്‍ ട്വിറ്റര്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയതിനാലും സ്വകാര്യ ഉടമസ്ഥതയോട് യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്. ഫോബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്ക്. ഏകദേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്കിനുള്ളത്.
കൂടുതല്‍ ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോണ്‍ മസ്ക്. മസ്ക്കിന്റെ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. തൊട്ടു പിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്നും ഇലോണ്‍ മസ്ക് പിന്മാറി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തു.
ട്വിറ്ററിന്റെ ഒന്‍പത് ശതമാനത്തിലേറെ ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താത്പര്യം മസ്ക് പ്രകടിപ്പിച്ചത്. തുടക്കത്തില്‍ മസ്ക്കിന്റെ തീരുമാനത്തെ തമാശയായി കരുതിയ ട്വിറ്റര്‍ മാനേജ്മെന്റ്, ഇലോണ്‍ മസ്ക് മോഹവില പ്രഖ്യാപിച്ചതോടെ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കുകയും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുകയുമായിരുന്നു. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്റോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിലും മസ്കിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: