ആലപ്പുഴ: ജില്ലയെ കലാപഭൂമിയാക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ആര്.സന്ദീപ് വാചസ്പതി. ഇതിന്റെ ഭാഗമായാണ് ആയുധം കൈവശം വെച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരിയില്‍ രണ്ടു ചെറുപ്പക്കാരെ തടഞ്ഞുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച് പൊലീസിലേല്‍പ്പിച്ച നടപടി.
അര്‍ദ്ധരാത്രിയില്‍ പൊലീസിനെ വിവരം അറിയിച്ചതും ആയുധം കണ്ടെത്തി പൊലീസിന് നല്കിയതും അത് മാധ്യമങ്ങളിലെത്തിച്ചതും എല്ലാം പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്. പിടിയിലായവരില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ആയുധം കണ്ടെത്തിയിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചൂണ്ടിക്കാണിച്ച ചതുപ്പില്‍ നിന്നാണ് പൊലീസ് ആയുധം കണ്ടെത്തിയത്. ഇതാണ് ആര്.എസ്.എസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് ആയുധം പിടിച്ചു എന്ന തരത്തില്‍ പ്രചരിപ്പിച്ചത്.
ഒടുവില്‍ ഈ കള്ളക്കഥയുടെ അടിസ്ഥാനത്തില്‍ നിരപരാധികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. ഇത് ഞെട്ടിക്കുന്നതാണ്. മതതീവ്രവാദികള്‍ ഒരുക്കുന്ന തിരക്കഥയ്ക്കനുസരിച്ച് വേഷം കെട്ടുന്നവരായി പൊലീസ് മാറരുത്. ഇത്തരം വാര്‍ത്തകള്‍ നല്കുമ്പോള് മാധ്യമങ്ങളും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും നാടിന്റെ സമാധാന അന്തരീക്ഷം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: