തൃശ്ശൂര്‍: അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവും പേപ്പര്‍ ദൗര്‍ലഭ്യവും അച്ചടി വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പേപ്പര്‍ ദൗര്‍ലഭ്യതയാണ് ഇപ്പോള്‍ അച്ചടി മേഖല നേരിടുന്ന പ്രധാന ഭീഷണി. മാപ്ലിത്തോ, കോട്ടഡ് പേപ്പര്‍, ക്രാഫ്റ്റ് പേപ്പര്‍, പള്‍പ്പ് ബോര്‍ഡ്, ന്യൂസ് പ്രിന്റ് എന്നിവയ്ക്ക് വന്‍വിലയാണ്. പേപ്പറിന്റെ വില ഇരട്ടിയായി വര്‍ധിച്ചെങ്കിലും ആവശ്യത്തിന് ലഭിക്കുന്നുമില്ല.
കൊവിഡിനെ തുടര്‍ന്ന് അച്ചടി മേഖലയില്‍ തൊഴില്‍ വളരെ കുറഞ്ഞിരുന്നു. ഇപ്പോള്‍ വര്‍ക്കുകള്‍ കിട്ടി തുടങ്ങിയപ്പോഴാണ് അസംസ്കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെ അസംസ്കൃത വസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റത്തെ തുടര്‍ന്ന് അതിജീവനത്തിനായി പാടുപെടുകയാണ് പ്രിന്റിങ് പ്രസ് മേഖല. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞതോടെ മഷി, കെമിക്കല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കിട്ടാതെയായി. കടലാസിന് വന്‍ തുകയാണ് നല്‍കേണ്ടി വരുന്നത്.
അച്ചടിക്കായി വിവിധ സ്ഥാപനങ്ങളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുള്ള പ്രസുകള്‍ക്ക് കരാര്‍ പ്രകാരം ജോലി ചെയ്ത് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇന്ധനത്തിന്റേയും അസംസ്കൃത വസ്തുക്കളുടെയും വില വര്‍ധനവാണ് പേപ്പറിന്റെ വില വര്‍ധനയ്ക്ക് കാരണമായതെന്ന് ഉടമകള്‍ പറയുന്നു. 6 മാസത്തിനിടെ 40 മുതല്‍ 60 ശതമാനം വരെ അച്ചടി കടലാസിന് വില കൂടി. ഭൂരിപക്ഷം അപേക്ഷകളും ഓണ്‍ലൈനിലൂടെയായതിനാല്‍ ഫോമുകളുടെ പ്രിന്റിങ്ങും നാമമാത്രമാണ്.
വിവാഹം, ഉത്സവം എന്നിവയുടെ ഭാഗമായുള്ള അച്ചടിയാണ് ചെറുകിട പ്രിന്റിങ് പ്രസ്സുകളുടെ പ്രധാന വരുമാന മാര്‍ഗം. അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവും പേപ്പര്‍ ദൗര്‍ലഭ്യവും കാരണം ചെറുകിട പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണിപ്പോള്‍. ആയിരക്കണക്കിന് പേര് തൊഴില്‍ ചെയ്തിരുന്ന മേഖലയില്‍ ഇപ്പോള്‍ പണി അറിയുന്നവരെ കിട്ടാനും ബുദ്ധിമുട്ടായിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതോടെ മറ്റു തൊഴിലുകള്‍ തേടി പോയതിനാലാണിത്.
അച്ചടി സ്ഥാപനങ്ങള്‍ക്ക് വരുമാനത്തില്‍ ഇടിവുണ്ടായെങ്കിലും ചെലവ് കുറയുന്നില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥാപനങ്ങള്‍ക്കും വാടക, വായ്പാ തിരിച്ചടവ് ഇനത്തില്‍ വന്‍തുക കുടിശികയായി അടയ്ക്കാനുണ്ട്. തൊഴിലാളികളുടെ ശമ്പളം, സ്ഥാപന പരിപാലന ചെലവ്, വൈദ്യുതി, വെള്ളം എന്നിവയിലുള്ള ചെലവിന് കുറവുണ്ടായിട്ടില്ല. വന്‍ നഷ്ടം സഹിച്ചാണ് പ്രസുകള്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
അച്ചടി മേഖലയിലെ ജിഎസ്ടി നിരക്ക് വര്‍ധനയും കനത്ത തിരിച്ചടിയായി. 12 ശതമാനം ജിഎസ്ടിയില്‍ നിന്ന് 18 ശതമാനമായി നിരക്കാണ് അടുത്തിടെ ഉയര്‍ത്തിയത്. പ്രിന്റിങ് പ്രസുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കുന്നതിനായി അച്ചടിക്കൂലി വര്‍ധിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് ഉടമകള്‍ പറയുന്നു. അച്ചടി വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രിന്റിങ് പ്രസ് ഉടമകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: