ചെറുവത്തൂര്‍: ചീമേനി തുറന്ന ജയിലില്‍ പരോളിന് ഇറങ്ങിയവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ജയിലിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലായി. തുറന്ന ജയിലില്‍ 151 തടവുകാരാണ് കൊവിഡിനെ തുടര്‍ന്നുള്ള പരോളില്‍ ഇറങ്ങിയത്.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും ഇവര്‍ ഇതുവരെ തിരികെ ജയിലില്‍ എത്തിയില്ല. ഇതോടെ തുറന്ന ജയിലിലെ 16 ഓളം സംരംഭങ്ങളില്‍ മിക്കവയും പൂട്ടിയിരിക്കുകയാണ്. കോഴിഫാം, പന്നി ഫാം, ബാര്‍ബര്‍ ഷോപ്, ചപ്പാത്തി, ബിരിയാണി എല്ലാം നിര്‍ത്തി. പ്രവര്‍ത്തിക്കുന്നത് പെട്രോള്‍ പമ്പ് മാത്രമാണ്. ജയിലിലെ സംരംഭങ്ങളെല്ലാം ഇപ്പോള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് മിക്ക തടവുകാരും പരോള്‍ കഴിഞ്ഞിട്ടും തിരികെയെത്താത്തത് എന്നാണ് അധികൃതരുടെ വിശദീകരണം.
കോടതി വിധി അനുസരിച്ച് കൊവിഡിനെ തുടര്‍ന്ന് പരോളില്‍ പോയ തടവുകാരെ നിര്‍ബന്ധിച്ച് തിരിച്ചു വിളിക്കേണ്ടതില്ല. ഇത് കാരണം ജയില്‍ അധികൃതരാണ് ദുരിതത്തിലായിരിക്കുന്നത്. നിലവില്‍ 45 തടവുകാര്‍ മാത്രമാണ് ജയിലില്‍ ഉള്ളത്. പല സംരംഭങ്ങളും പൂട്ടാന്‍ കഴിയില്ലാത്തതുകൊണ്ട് 20 പേരെ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. 308 ഏകര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന തുറന്ന ജയിലില്‍ 179 പേരെ പാര്‍പ്പിക്കാനുള്ള ശേഷിയാണുള്ളത്. ഇവര്‍ക്കായി 55 ജീവനക്കാരും ജയിലിലുണ്ട്. ജനങ്ങളുടെ ഇടയില്‍ ശ്രദ്ധനേടിയ ഒന്നായിരുന്നു ജയില്‍ ചപ്പാത്തിയും ബിരിയാണിയും. ഇത് അടങ്ങിയ ജയില്‍ കഫ്തീരിയ പൂട്ടിയിട്ട് മാസങ്ങളായി.
വലിയ കുറ്റങ്ങള്‍ ചെയ്തവരാണ് ഇവിടുത്തെ തടവുകാരില്‍ ബഹുഭൂരിപക്ഷവും. സാധാരണ രീതിയില്‍ രണ്ടാഴ്ചയാണ് ഇവിടെയുള്ളവര്‍ക്ക് പരോള്‍ അനുവദിക്കാറുള്ളത്. കൊവിഡ് കൂടിയ സാഹചര്യത്തില്‍ ഇവര്‍ക്ക് വ്യാപകമായി പരോള്‍ അനുവദിക്കുകയായിരുന്നു. ഇതിനിടെ നിര്‍ബന്ധിച്ച് ആരെയും തിരികെ വിളിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ തടവുകാര്‍ തിരിച്ചെത്താതെയായി. ഇതോടെയാണ് ഇവിടുത്തെ സംരംഭങ്ങളും ജയിലിലെ കല്ലുവെട്ട്, മതില് നിര്‍മാണം ഉള്‍പെടെയുള്ള പദ്ധതികള്‍ നിലച്ചത്. പച്ചക്കറില്‍ നിന്ന് 20 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. പച്ചക്കറി പരിപാലിക്കാന്‍ ആളില്ലാത്തതിനാല്‍ അതും നിര്‍ത്തിവെച്ചു. വലിയ ലാഭം കൊയ്തിരുന്ന പന്നി ഫാം പൂര്‍ണമായും നിര്‍ത്തിവെച്ചു. ബാക്കിയുണ്ടായ പന്നികളെ നാല് ലേലങ്ങളിലായി എട്ട് ലക്ഷം രൂപയ്ക്കാണ് കഴിഞ്ഞ ദിവസം വിറ്റത്. 70 ഓളം പശുക്കളും നിലവിലുണ്ട്. 35 ദിവസത്തിനുള്ളില്‍ കോഴിക്ക് 70,000 രൂപയോളമാണ് ലാഭമുണ്ടാക്കിയത്. ആളില്ലാത്തതിനാല്‍ കോഴിഫാമും പൂട്ടി.
ചപ്പാത്തി, ബിരിയാണി എന്നിവയില്‍ നിന്ന് ഓരോ മാസവും ഒന്നര ലക്ഷത്തോളമാണ് ലാഭമുണ്ടാക്കിയിരുന്നത്.പൂട്ടിയ ബാര്‍ബര്‍ ഷോപും ഇതുവരെ തുറന്നിട്ടില്ല. ജയില്‍ സംരംഭങ്ങള്‍ വഴി ദിവസേന ഒമ്പതര ലക്ഷത്തോളം രൂപയുടെ വിറ്റുവരവാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: