തെക്കന്‍ തിരുവിതാംകൂറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ ശംഖുംമുഖം ദേവീക്ഷേത്രം. ശാന്തസ്വരൂപിണീ ഭാവത്തിലുള്ള ദേവീചൈതന്യം ഭക്തരുടെ സന്തത സഹചാരിയാണെന്നാണ് വിശ്വാസം. എവിടെ നിന്നു മനസ്സുരുകി പ്രാര്‍ത്ഥിച്ചാലും അത് സാര്‍ത്ഥകമാകുമെന്നും പ്രാര്‍ത്ഥന ദുഷ്ടചിന്തയിലധിഷ്ഠിതമാണെങ്കില്‍ തിരിച്ചടിയാകും ഫലമെന്നും ഭക്തര്‍ ഉറച്ചു വിശ്വസിക്കുന്നു.
ശാന്തസ്വരൂപിണിയായ മഹിഷാസുരമര്‍ദ്ദിനി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം ശംഖുംമുഖം (ശംഖുമുഖമെന്നും വിളിപ്പേരുണ്ട്) കടല്‍ തീരത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ശംഖും ചക്രവും അമ്പും വില്ലുമേന്തിയ ചതുര്‍ബാഹു രൂപത്തിലുള്ള മഹിഷാസുര മര്‍ദ്ദിനിയാണ് പ്രതിഷ്ഠ. മഹിഷാസുര വധത്തിന് ശേഷം ഇവിയെത്തിയ ദേവിക്ക് പിന്നില്‍ ശിവഭഗവാന്‍ സ്ഥാനമുറപ്പിച്ചതുകൊണ്ടാണ് ദേവി ശാന്തസ്വരൂപിണിയായതെന്നാണ് ഐതിഹ്യം.
ശ്രീകോവിലിനുള്ളില്‍ ദേവീ വിഗ്രഹത്തിന് വലത്തായി സാളഗ്രാമത്തിലുള്ള ശിവലിംഗം കാണാം. ഉപദേവതകള്‍ ഇവിടെയില്ല. ഗര്‍ഭഗൃഹത്തിലാണ് ദേവീപ്രതിഷ്ഠയെന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഉള്‍ഭാഗം ചതുരാകൃതിയിലും പുറംഭാഗം വൃത്താകൃതിയിലുമായാണ് ഗര്‍ഭഗൃഹമുള്ളത്. എന്നാല്‍ ചതുരത്തിനും വൃത്തത്തിനുമിടയ്‌ക്ക് ഇടനാഴിയില്ല. മണ്ണ് മൂടിയ നിലയിലാണിത്. ഗര്‍ഭഗൃഹത്തിനുള്ളില്‍ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അനവധിയുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ഒരിടത്തും കാണാനാവില്ല.
ശംഖുംമുഖത്തിന്റെ ഉത്പത്തിക്കഥ
യുഗാബ്ദങ്ങളുടെ പഴക്കം ക്ഷേത്രത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ഷേത്രം മണ്ണിനടിയില്‍പ്പെട്ട് ഇടനാഴി മൂടിയതാകാമെന്നതാണ് പുരാരേഖാ വകുപ്പധികൃതരുടെ നിഗമനം. എന്നാല്‍ ക്ഷേത്രത്തെ സംബന്ധിച്ചുള്ള ചരിത്ര രേഖകള്‍ക്ക് കൃത്യത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്ന് ഐതിഹ്യങ്ങളാണ് ക്ഷേത്രോത്പത്തിയെ കുറിച്ച് പ്രതിപാദിക്കുന്നത്.
മണല്‍ കുന്നുകളാല്‍ നിറഞ്ഞ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്ന ദേവിയെ അസുര ഗുരുവായ ശുക്രാചാര്യനും പത്‌നി ജയന്തിയും ശംഖനാദം മുഴക്കി ഉണര്‍ത്തി. തൃക്കണ്‍ തുറന്ന ദേവി കണ്ടത് ശംഖുമായി നില്‍ക്കുന്ന ശുക്രാചാര്യരുടെ മുഖമാണ്. തപസ്സു നീണ്ടുപോയതോടെ ദേവിയെ പ്രത്യക്ഷപ്പെടാത്താനായാണ് ശുക്രാചാര്യര്‍ ശംഖനാദം മുഴക്കിയത്. ശംഖുമായി നില്‍ക്കുന്ന ശുക്രാചാര്യരുടെ മുഖം ദേവി കണ്ടു എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് കാലാന്തരത്തില്‍ ശംഖുംമുഖമെന്ന പേര് വന്നതെന്ന് പഴമക്കാര്‍ പറയുന്നു. എന്നാല്‍ ദേവീപ്രതിഷ്ഠ പരശുരാമനാല്‍ സ്ഥാപിക്കപ്പെട്ടതെന്നാണ് മറ്റൊരു വിശ്വാസം. ജമദഗ്നി മഹര്‍ഷിയുടെ ആജ്ഞയില്‍ മാതാവായ രേണുകയെ വധിച്ച പരശുരാമന്‍ പാപ പരിഹാരത്തിനായി പ്രതിഷ്ഠ ചെയ്ത് ബലിതര്‍പ്പണം നടത്തിയ നൂറ്റിയെട്ട് ക്ഷേത്രങ്ങളിലൊന്നാണ് ശംഖുംമുഖം ദേവീക്ഷേത്രമെന്നും പറയുന്നു. പരശുരാമന്‍ ശിവപ്രതിഷ്ഠയാണ് നടത്തിയതെന്നും കാലപ്പഴക്കത്തില്‍ ജീര്‍ണ്ണാവസ്ഥയിലെത്തിയ ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠ പിന്‍തലമുറക്കാര്‍ മാറ്റി ദേവിയെ പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. പരശുരാമ സാന്നിധ്യമാണ് ക്ഷേത്ര ഐതിഹ്യത്തില്‍ നിലകൊള്ളുന്നത്. പരശുരാമ പരമ്പരയില്‍പ്പെട്ട സംന്യാസിവര്യന്മാര്‍ ഇവിടെ തപസ്സനുഷ്ഠിച്ചിരുന്നതായിട്ടുള്ള ചില തെളിവുകളാണ് പരശുരാമ സാന്നിധ്യം ഉറപ്പിക്കുന്നത്.
പാപനാശ തീര്‍ത്ഥം, പത്മ തീര്‍ത്ഥം, ചക്രതീര്‍ത്ഥം എന്നീ മൂന്ന് കുളങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രം. ഇതില്‍ ചക്ര തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ച് ദേവീദര്‍ശനം നടത്തുന്നതോടെ പാപമുക്തി ലഭിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ സംന്യാസിവര്യന്മാര്‍ ഇവിടം കേന്ദ്രീകരിച്ച് തപസ്സനുഷ്ഠിച്ചിരുന്നതായും പറയുന്നത്. മാത്രവുമല്ല ഉപ്പുരസം അല്പം പോലുമില്ലാത്ത ഈ കുളത്തിലെ ജലമാണ് തീരവാസികള്‍ പണ്ട് ഉപയോഗിച്ചിരുന്നത്. കടല്‍ക്ഷോഭ സമയത്ത് ഈ കുളം കഴിഞ്ഞ് തിരക്കയറ്റം ഉണ്ടാകില്ലായെന്നതും വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. അതേസമയം ക്ഷേത്രക്കുളങ്ങളില്‍ പാപനാശ തീര്‍ത്ഥക്കുളം വിമാനത്താവള വികസനത്തോടെ കാലാന്തരത്തില്‍ നശിക്കാനിടയായി.
ആറാട്ടിനെത്തുന്ന ശ്രീപദ്മനാഭന്‍
ശ്രീമൂലം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ക്ഷേത്രക്കുളങ്ങള്‍ പുതുക്കി പണിത കാലം മുതലാണ് ക്ഷേത്രത്തെ സംബന്ധിച്ചുളള വിവരങ്ങളുള്ളത്. 1758 കളിലാണ് കുളങ്ങളുടെ നവീകരണം നടന്നതായി മതിലകം രേഖകള്‍ പ്രതിപാദിക്കുന്നത്. ക്ഷേത്ര പുനര്‍നിര്‍മ്മാണവും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തായിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ശംഖുംമുഖം ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് മാര്‍ത്താണ്ഡവര്‍മ നടത്തിയിരുന്നത്. പദ്മനാഭസ്വാമി വിഗ്രഹം സമുദ്രത്തില്‍ എഴുന്നള്ളിച്ച് കിഴക്കേ മണ്ഡപത്തില്‍ വെച്ചശേഷം മാര്‍ത്താണ്ഡവര്‍മ ചക്രതീര്‍ത്ഥത്തില്‍ മുങ്ങി കുളിച്ച ശേഷമാണ് ആറാട്ട് നടത്തിയിരുന്നത്. തുടര്‍ന്ന് ദേവീദര്‍ശനം നടത്തി ആറാട്ട് ഘോഷയാത്ര മടങ്ങും. ആറാട്ടുമായി ബന്ധപ്പെട്ട് കൊട്ടാരം വക പതിനാറേ കാല്‍ പണം ദേവിക്ക് കാണിക്കയായി സമര്‍പ്പിക്കുന്ന ചടങ്ങ് ഇന്നും തുടരുന്നു.
പദ്മനാഭസ്വാമിയുടെ ആറാട്ട് കടവായതുകൊണ്ട് ശംഖ്ചക്രഗദാപദ്മം എന്ന മഹാവിഷ്ണുവിന്റെ വിശേഷണത്തിലാണ് ശംഖുംമുഖമെന്ന പേര് വന്നതെന്നും പറയപ്പെടുന്നു. എട്ടരയോഗത്തിന്റെ പ്രധാനികളില്‍ ഒരാളായ കൂപക്കര പോറ്റിയുടെ ക്ഷേത്രമായിരിക്കെയാണ് ഇത് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലാകുന്നത്. മീനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ ഉത്സവം. പൗര്‍ണമി പൂജയാണ് പ്രത്യേകത. ഉദ്ദിഷ്ട കാര്യ സിദ്ധിക്കും മംഗല്യ ഭാഗ്യത്തിനും വിദ്യാഭ്യാസ നേട്ടത്തിനും, രോഗശമനത്തിനും ക്ഷേത്രത്തില്‍ പൗര്‍ണമി പൂജ നടത്തുന്നുണ്ട്. പുഴുക്കാണ് പ്രധാന നൈവേദ്യം. എല്ലാ കാര്‍ത്തിക നാളിലും പുഴുക്ക് നൈവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക