മുംബൈ: രാജ്യദ്രോഹക്കുറ്റം (സെഡിഷന്) അനാവശ്യ നിയമമാണെന്ന് പറഞ്ഞ് ബിജെപിയ്ക്കെതിരെ തട്ടിക്കയറുന്ന ശിവസേന ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ എംപി നവനീത് കൗര്‍ റാണയ്ക്കെതിരെ ചുമത്തിയത് രാജ്യദ്രോഹക്കുറ്റം.
മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് പറഞ്ഞതിന് കഴിഞ്ഞ ദിവസം ശിവസേന സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത സ്വതന്ത്ര എംപിയായ നവനീത് കൗര്‍ റാണയ്ക്കും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയ്ക്കും എതിരെയാണ് ബാന്ദ്രയിലെ അവധിക്കാല കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഗാരാട്ടാണ് ശിക്ഷ വിധിച്ചത്. മുഖ്യമന്ത്രിയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും എതിരെ വെറുപ്പും ഇഷ്ടക്കേടും പരത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി ജഡ്ജി പ്രദീപ് ഗാരാട്ട് വിധിച്ചത്. ഇത് പ്രകാരം 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.
ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ഹനുമാന് ചാലിസ ചൊല്ലുമെന്ന് ഇരുവരും വെല്ലുവിളിച്ചത്. പക്ഷെ ഇരുവരും പിന്നീട് ഈ തീരുമാനം നീട്ടിവെച്ചിരുന്നു. പ്രഥമ ലതാമങ്കേഷ്കര്‍ പുരസ്കാരം വാങ്ങാന്‍ പ്രധാനമന്ത്രി മോദി മുംബൈയിലെത്തുന്നതിനാലാണ് പരിപാടി തല്‍ക്കാലത്തേക്ക് നീട്ടിവെച്ചത്.
പക്ഷെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ച് നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് തടഞ്ഞു. ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മാതോശ്രീയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലിയാല്‍ പിന്നെ ശിവസേനയുടെ ഹിന്ദുത്വവാദവും അപ്രമാദിത്വവും പൊളിയും. അത് അനുവദിക്കാതിരിക്കാനാണ് ഉടനെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
മാതോശ്രീയ്ക്ക് മുന്നില്‍ പ്രശ്നമുണ്ടാക്കിയാല്‍ 20 അടി താഴ്ചയുള്ള കുഴിയില്‍ അടക്കം ചെയ്യുമെന്ന് എംപി നവനീത് കൗര്‍ റാണയെ ശിവസേന വക്താവ് സഞ്ജയ് റാവത്ത് ഞായറാഴ്ച വെല്ലുവിളിച്ചിരുന്നു. സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്പില് ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.
പള്ളികള്‍ക്ക് മുന്പില് ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം മഹാരാഷ്ട്രയില്‍ ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്പില് മൈക്ക് ഉപയോഗിച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന മഹാ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: