മുംബൈ: ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ 20 അടി താഴ്ചയില്‍ കുഴിച്ചുമൂടുമെന്ന് എംപി നവനീത് റാണയെയും ഭര്‍ത്താവും എംഎല്‍എയുമായി രവി റാണയെയും വെല്ലുവിളിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്നില്‍ ഹനുമാന് ചാലിസ ചൊല്ലുമെന്ന് സ്വതന്ത്ര എംപിയാ നവനീത് കൗര്‍ റാണയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും വെല്ലുവിളിച്ചിരുന്നു. പള്ളികളില്‍ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ കഴിയാത്ത മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് ഹനുമാന് ചാലിസ ചൊല്ലുമെന്ന് ഇരുവരും വെല്ലുവിളിച്ചത്.
ശനിയാഴ്ച ഉദ്ധവ് താക്കറെയുടെ വീടിന് മുന്പില് ഹനുമാന് ചാലിസ ചൊല്ലുമെന്നാണ് സ്വതന്ത്ര എംപിയായ നവനീത് കൗറും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും വെല്ലുവിളിച്ചത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ശിവസേന രാവിലെ തന്നെ നവനീത് കൗറിന്റെ വീടിന് മുന്നില്‍ ശിവസേന പ്രവര്‍ത്തകരെ പറഞ്ഞയച്ചു. രാവിലെ മുതല്‍ നവനീത് കൗറിനെയും രവി റാണെയെയും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ശിവസേന പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.
ഇതിനിടയില്‍ ചില ശിവസേന പ്രവര്‍ത്തകര്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്വതന്ത്ര എംപിയാണെങ്കിലും നവനീത് കൗര്‍ റാണ ഇപ്പോള്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സഹായം തേടിയിരിക്കുകയാണ്. മാത്രമല്ല, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേന നേതാക്കളായ അനില്‍ പരബ്, സഞ്ജയ് റൗത്ത്, തങ്ങളുടെ വീടിന് മുന്പില് ക്യാമ്പ് ചെയ്ത 700 ശിവസേന പ്രവര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നവനീത് കൗര്‍ റാണയും മുംബൈ പൊലീസില്‍ കേസ് നല്‍കിയിരിക്കുകയാണ്.
ഇതേ തുടര്‍ന്ന് ശിവസേനക്കാര്‍ എംപി നവനീത് കൗര്‍ റാണയുടെ വീടിന് മുന്നില്‍ തമ്പടിച്ചിരുന്നു. ഇതില്‍ ചിലര്‍ മുംബൈ പൊലീസില്‍ എംപിയ്ക്കെതിരെ കേസും നല്കി. വൈകാതെ മുംബൈ പൊലീസ് നവനീത് കൗര്‍ റാണയെയും രവി റാണയെയും അറസ്റ്റ് ചെയ്തിരുന്നു.
പള്ളികള്‍ക്ക് മുന്പില് ലൗഡ് സ്പീക്കര്‍ വഴി വാങ്ക് വിളിക്കുന്ന പ്രശ്നം മഹാരാഷ്ട്രയില്‍ ചൂടു പിടിക്കുകയാണ്. മെയ് 3ന് മുന്‍പ് പള്ളികളിലെ മൈക്കുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ആ പള്ളികള്‍ക്ക് മുന്പില് മൈക്ക് ഉപയോഗിച്ച് ഹനുമാന് ചാലിസ ചൊല്ലുമെന്ന മഹാ നവനിര്‍മ്മാണ്‍ സേനയുടെ നേതാവ് രാജ് താക്കറെയുടെ വെല്ലുവിളിയില്‍ ശിവസേന പ്രതിരോധത്തിലായിരിക്കുകയാണ്. എന്‍സിപിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാരാഷ്ട ഭരിച്ചു തുടങ്ങിയതു മുതല്‍ ന്യൂനപക്ഷപ്രീണനം നടത്തുന്ന ശിവസേനയ്ക്ക് ഇപ്പോള്‍ ഹിന്ദുത്വ ഭാരമാവുകയാണ്.
മുന്‍പ് ബോളിവുഡ് നടിയായിരുന്ന നവനീത് കൗര്‍ റാണ മഹാരാഷ്ട്രയിലെ അമരാവതി ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് 2019ല്‍ ലോക്സഭയിലേക്ക് സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ടത്. ശിവസേന സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും സഹായത്തോടെയാണ് നവനീത് കൗര്‍ റാണ തോല്പിച്ചത്.
‘റാണെ ദമ്പതിമാര്‍ എന്തോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതുപോലെയാണ് അവരുടെ വീടിനു മുന്‍പിലും മറ്റും അവരെ നിരീക്ഷിക്കാന്‍ ഉദ്ധവ് താക്കറെ ആള്‍ക്കൂട്ടത്തെ വിന്യസിച്ചത്. വേണമെങ്കില്‍ നവനീത് റാണയ്ക്കും ഭര്‍ത്താവിനും ഉദ്ധവ് താക്കറെയുടെ വീടിന് മുന്പില് പോയി ഹനുമാന് ചാലിസ ചൊല്ലാമായിരുന്നു. എങ്കില്‍ അവര്‍ ഒരു വാര്‍ത്തയും സൃഷ്ടിക്കാതെ മടങ്ങിപ്പോരേണ്ടി വന്നേനെ. ശിവസേന സര്‍ക്കാര്‍ അവരുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല ഇവരെ അറസ്റ്റ് ചെയ്തത് ബാലിശമായ നടപടിയാണ്’- ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: