തിരുവനന്തപുരം: അനശ്വരനടന്‍ പ്രേം നസീറിന്റെ ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപമുള്ള വീട് വില്ക്കാന് ഒരുങ്ങുന്നു എന്ന വാര്‍ത്ത തെറ്റെന്ന് താരത്തിന്റെ ഇളയ സഹോദരി. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത ആര് നല്‍കിയതാണെന്ന് തനിക്കോ കുടുംബത്തിലുള്ളവര്‍ക്കോ അറിയില്ലെന്നും പ്രേംനസീറിന്റെ ഇളയ സഹോദരി അനീസ ബീവി പറഞ്ഞു.
പ്രേംനസീറിന് ഇളയമകള്‍ റീത്തയുടെതാണി വീട്. റീത്തയുടെ ഇളയ മകള്‍ രേഷ്മയാണ് അവകാശി. ഇവര്‍ കുടുംബസമേതം അമേരിക്കയില്‍ സ്ഥിരതാമസമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റീത്തയുടെ മകള്‍ക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിന്‍കീഴിലെ വീടുവില്ക്കാന് ആലോചിച്ചിരുന്നു. എന്നാല്‍ 50 സെന്റ് വീടിന് ആറ് കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വില്പന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവില്‍ വീട് വില്‍ക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. രാഷ്ട്രിയക്കാര്‍ക്കോ സര്‍ക്കാരിനോ ആവശ്യമെങ്കില്‍ ഈ തുക നല്കി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
1956ലാണ് ലൈല കോട്ടേജ് പണി കഴിപ്പിച്ചത്. പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ പി സുബ്രഹ്മണ്യത്തിന്റെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും തിരുവിതാംകൂര്‍ രാജകുടുംബങ്ങളിലെ ജോലിക്കാരെക്കൊണ്ട് പണികഴിപ്പിച്ചതാണ് കെട്ടിടം. പ്രേംനസീറിന്റെ ബാപ്പ ഷാഹുല്‍ ഹമീദ് മരണമടഞ്ഞതും ഈ വീട്ടിലാണ്. സഹോദരി അനീസാ ബീവിയും ഭാര്യാ സഹോദരന് ലത്തീഫുമായുള്ള വിവാഹവേദിയും ലൈല കോട്ടേജായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഇവിടെ താമസിച്ചതും ഇവരായിരുന്നു.
വീട് കാട് കയറിയ നിലയില്‍ ആണെന്ന് വാര്‍ത്തയില്‍ പറയുന്നതും അസത്യമാണ്. റീത്തയോട് ഫോണില്‍ താന്‍ വിവരം തിരക്കിയപ്പോള്‍ അവര്‍ ആരും തന്നെ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: