പാലക്കാട് : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഇഖ്ബാല്‍, ഗൂഢാലോചനയില്‍ പങ്കുള്ള ഫയാസ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തിലെ ഒളിവില്‍ കഴിയുന്ന മറ്റ് അഞ്ച് പേരെ കുറിച്ചും വിവരം ലഭിച്ചതായി സൂചനയുണ്ട്.
കേസില്‍ ഇതുവരെ പന്ത്രണ്ടോളം പേരാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്നും ഐജി അശോക് യാദവ് അറിയിച്ചു.
മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച വരെ ജില്ലാ കളക്ടര്‍ നീട്ടി. ഏപ്രില്‍ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആശുപത്രിക്ക് പുറത്തുവെച്ച് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആര്‍എസ്എസ് നേതാവായ ശ്രീനിവസനെ അദ്ദേഹത്തിന്റെ കടയില്‍ കയറി ആറംഗ സംഘം വെട്ടി കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ കൂടി ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ സാഹചര്യം എതിരായതിനാല്‍ ഇതില്‍ നിന്നും പിന്മാറുകയായിരുന്നെന്ന് അറസ്റ്റിലായ പ്രതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: