നിത്യഹരിതവും ജീവിതഗന്ധിയുമായ നൂറില്‍പരം തിരക്കഥകളിലൂടെയാണ് ജോണ്‍ പോള്‍ സിനിമയില്‍ ഓര്‍മിക്കപ്പെടുക. ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനായും ആ എഴുത്തിലൂടെ തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. മലയാള സിനിമയുടെ സഞ്ചരിക്കുന്ന സര്‍വവിജ്ഞാന കോശമായിരുന്നു ജോണ്‍ പോള്‍. ചലച്ചിത്ര സംബന്ധിയായ എന്ത് വിഷയത്തിനും സംശയനിവാരണം അവസാനം അദ്ദേഹത്തിന്റെ പക്കല്‍ എത്തും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹം സിനിമാരംഗത്ത് സജീവമായിരുന്നില്ലെങ്കിലും അധ്യാപനവും എഴുത്തും സഫാരി ടിവിയില്‍ അടക്കമുള്ള നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളുമായി സജീവമായിരുന്നു.
പരന്ന വായനയും ചിന്തയും എഴുത്തിന്റെ പാതയില്‍ കരുത്താക്കിയ ജോണ്‍ പോള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി എഴുത്തിലും പ്രഭാഷണങ്ങളിലുമാണ് നിറഞ്ഞുനിന്നത്. അച്ചടിഭാഷ അദ്ദേഹത്തിന്റെ നാക്കിലുടെ മലവെള്ളപ്പാച്ചില്‍ പോലെ കുത്തി ഒഴുകുന്നത് കണ്ടാല്‍ ആരും അമ്പരന്നുപോകും. പുതിയ തലമുറ ഗൗരവമായി സിനിമ പഠിക്കുന്നുണ്ടെന്നും നിരവധി സംശയങ്ങള്‍ക്കായി തന്നെ വിളിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഇപ്പോള്‍ സംശയ നിവാരണമാണ് എന്റെ ജോലി. തിരക്കഥാകൃത്ത് എന്നതില്‍ നിന്ന് മാറി അദ്ധ്യാപകന് എന്ന നിലയിലാണ് പ്രവര്‍ത്തനം. എന്നാലും സിനിമയെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ ഉയര്‍ന്നുവരുന്നത് ശ്രദ്ധേയമാണ്’- ജോണ്‍പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഇന്ന് അറിയപ്പെടുന്ന പല തിരക്കഥാ കൃത്തുക്കളുടെ പല സൃഷ്ടിയും മാറ്റി എഴുതിയത് അദ്ദേഹമായിരുന്നു. ആ നിലയ്ക്ക് നോക്കുമ്പോള്‍ നൂറല്ല, അഞ്ഞൂറ് തിരക്കഥകള്‍ താന്‍ എഴുതിയിട്ടുണ്ട് എന്നാണ് അദ്ദേഹം രഹസ്യമായി പറയുക. കഥ എവിടെ പ്രതിസന്ധിയില്‍ നില്ക്കുന്നോ അപ്പോള്‍ ഒക്കെ സംവിധായകര്‍ ജോണ്‍ പോളിനെയാണ് വിളിക്കാറ്. എംടിയാണ് തന്റെ തിരക്കഥയിലെ മാനസഗുരുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചെറിയ സംഭവത്തില്‍ നിന്നോ കൊച്ചുകഥയില്‍നിന്നോ ഒരു വലിയ തിരക്കഥ സൃഷ്ടിക്കാന്‍ കഴിയുന്നത് ആയിരുന്നു ജോണ്‍പോളിന്റെ ഏറ്റവും വലിയ കരുത്ത്.
ഒരു ചെറുകഥ പോലും എഴുതാതെയാണ് താന്‍ തിരക്കഥാരംഗത്തേക്ക് കടന്നുവന്നതെന്ന് ഒരഭിമുഖത്തില്‍ ജോണ്‍ പോള്‍ പറഞ്ഞിട്ടുണ്ട്. പി.എന്‍. മേനോന്റെ കഥയില്‍ അസ്ത്രം, തിക്കോടിയന് നാടകത്തില്‍ ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കൊച്ചിന് ഹനീഫയുടെ കഥയില്‍ ഇണക്കിളി, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കഥയില്‍ ഒരുക്കം, രവി വള്ളത്തോളിന്റെ രേവതിക്കൊരു പാവക്കുട്ടി, ബ്ലൂ ലഗൂണ്‍ എന്ന അമേരിക്കന്‍ സിനിമയുടെ മലയാള ആവിഷ്കാരം ഇണ… തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതെല്ലാം ജോണ്‍ പോള്‍ പൊന്നാക്കി.
ഭരതന്, പത്മരാജന്, കെ.ജി.ജോര്‍ജ്, മോഹന്‍ എന്നീ നാല് സംവിധായകരുമായാണ് അദ്ദേഹത്തിന് അത്മബന്ധം കൂടുതല്‍ ഉണ്ടായിരുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമെന്ന പോലെ, അധികം ആളുകളുമായി അടുക്കാത്ത തമിഴ് നടന് ശിവാജി ഗണേശനുമായിപ്പോലും ജോണ്‍ പോളിന് അടുത്ത സൗഹൃദമായിരുന്നു. ആ ബന്ധത്തില്‍നിന്നാണ് ശിവാജി അച്ഛനും മോഹന്‍ലാല്‍ മകനുമായ ‘ഒരു യാത്രാമൊഴി’ എന്ന സിനിമ ഉണ്ടാവുന്നത്.
അതേ രീതിയില്‍ ജനറേഷന് ഗ്യാപ്പ് ഇല്ലാതെ പുതിയ തലമുറയോടും അദ്ദേഹത്തിന് ഇടപെടാനായി. പല ന്യൂജന്‍ സിനിമക്കാരുടെ തിരക്കഥ തിരുത്താനും പ്രോജക്റ്റുകള്‍ക്ക് തലതൊട്ടപ്പനായി നില്‍ക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആ നിലയ്ക്ക് നോക്കുമ്പോള്‍, മലയാളത്തിലെ ന്യുജന്‍ സിനിമക്ക് കൂടിയുണ്ടായ നഷ്ടമാണ് ജോണ്‍പോളിന്റെ വിയോഗം.
സ്വതന്ത്ര പത്രപ്രവര്‍ത്തകനായി അക്ഷരലോകത്തേക്കു കടന്ന ജോണ്‍ പോള്‍ പുതുശേരിക്ക് ഫീച്ചറെഴുത്തും സാഹിത്യ രചനയുമായിരുന്നു താല്പര്യം. സിനിമാക്കാരുമായും ചിത്രകാരന്മാരുമായും ശില്പികളുമായുമുള്ള സൗഹൃദങ്ങളാണ് സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ജോണ്‍ പോള്‍ പറയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: