പൂനെ: സമൂഹം ആരോഗ്യപരമായും സ്വയംപര്യാപ്തമാവുകയും ശാക്തീകരിക്കുകയും വേണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. സാമ്പത്തികമായി ഏത് തലത്തില്‍ നില്‍ക്കുന്നവര്‍ക്കും ആശ്രയിക്കാനാകും വിധം ആരോഗ്യമേഖല മാറണമെന്നും അദ്ദേഹം പറഞ്ഞു. പൂനെയിലെ മഹാരാഷ്ട്ര ആരോഗ്യ മണ്ഡലില്‍ ദാദാ ഗുജാര്‍ മാതാ ബാല്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാ സമ്പ്രദായങ്ങള്‍ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കിയാല്‍ എളുപ്പത്തിലും താങ്ങാവുന്ന നിരക്കിലും ചികിത്സ നല്കാന് സാധിക്കുമെന്ന് സര്‍സംഘചാലക് പറഞ്ഞു. ചികിത്സയുടെ ലഭ്യതയും ചെലവും ജനോപകാരപ്രദമാക്കുന്നതിന് ആയുര്‍വേദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
”ഇപ്പോള്‍ ചികിത്സ ചെലവേറിയതാണ്. ഈ ചെലവിന്റെ സമ്മര്‍ദ്ദം രോഗിക്കും കുടുംബത്തിനും മേല്‍ പതിക്കുന്നു. ആയുര്‍വേദം രോഗത്തോടൊപ്പം ആരോഗ്യത്തെയും പരിഗണിക്കുന്നു. അതിനാല്‍, ആയുര്‍വേദത്തിന്റെ വിവിധ ശാഖകള്‍ക്ക് ശക്തി പകരേണ്ടത് ആവശ്യമാണെന്ന് സര്‍സംഘചാലക് പറഞ്ഞു.
ഒരു രാജ്യമെന്ന നിലയില്‍ നമ്മള് ലോകത്തെ ശക്തമാക്കാന്‍ മികച്ച സംഭാവനകള്‍ ചെയ്യണം. ആ കഴിവ് നമുക്കുണ്ട്. നമുക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി നില്ക്കാന് കഴിയും. ഇതിന് രാജ്യത്തോടുള്ള പ്രതിബദ്ധത ജീവിതത്തിന്റെ എല്ലാ അണുവിലും പ്രകടമാക്കാന്‍ ഒരു പൗരനെന്ന നിലയില്‍ ഓരോരുത്തര്‍ക്കും സാധ്യമാവേണ്ടതുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: