ബെംഗളൂരു: ബെംഗളൂരുവിലെ 14ലധികം ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്ക് ലഭിച്ച വ്യാജ ബോംബ് ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച് പാകിസ്ഥാന് സിറിയ ബന്ധം അന്വേഷിച്ച് സിറ്റി പോലീസ്. വിഷയം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച സ്കൂളുകളിലേക്ക് അയച്ച ഇമെയിലുകള്‍ സിറിയയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും ഉത്ഭവിച്ചതാണെന്ന് സ്ഥിരീകരിച്ചു.
രാഷ്ട്രത്തിനെതിരായ തീവ്രവാദ പ്രവര്‍ത്തനമായും സൈബര്‍ യുദ്ധമായും പോലീസ് അധികാരികള്‍ ഈ സംഭവവികാസത്തെ സ്വീകരിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ട് 66 (എഫ്) പ്രകാരമാണ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്. ബെംഗളൂരു പോലീസ് കമ്മീഷണറുമായി ഇക്കാര്യത്തില്‍ സംസാരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷവും അതിന് മുമ്പും ഇത്തരമൊരു സംഭവവികാസം ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ അതാത് രാജ്യങ്ങളിലെ അധികാരികളുമായി കൂടിയാലോചിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുള്ള നീക്കം നടത്തുന്നുണ്ടെന്ന് ബൊമ്മൈ പറഞ്ഞു. കേന്ദ്ര ഏജന്‍സികളുമായി ഏകോപിപ്പിച്ചാണ് സംസ്ഥാന പൊലീസ് കേസ് അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും അധികാരികള്‍ക്കും കത്തെഴുതിയിട്ടുണ്ട്. സാങ്കേതിക വിശകലനത്തിലൂടെ കേസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹിജാബ് വിഷയം, ഹലാല്‍ വിവാദം, സംസ്ഥാന ക്ഷേത്രത്തിലെ മുസ്ലീം വ്യാപാരികള്‍ക്ക് നിരോധനം തുടങ്ങിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചില തീവ്രവാദ സംഘടനകളാണ് ഇമെയില്‍ അയച്ചതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ഏപ്രില്‍ 8ന് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള 14ലധികം ഇന്റര്‍നാഷണല്‍ സ്കൂളുകള്‍ക്ക് അക്രമികള്‍ ബോംബ് ഭീഷണി അയച്ചിരുന്നു.
സ്കൂളുകളുടെ ഔദ്യോഗിക ഇമെയില്‍ ഐഡികളിലേക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഹെബ്ബഗോഡി പോലീസ് സ്റ്റേഷന് പരിധിയിലെ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്കൂളിനും ഹെന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള വിന്‍സെന്റ് ഇന്റര്‍നാഷണല്‍ സ്കൂളിനുമാണ് ആദ്യം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. മഹാദേവപുരയിലെ ഗോപാലന് പബ്ലിക് സ്കൂള്‍, വര്‍ത്തൂരിലെ ദല്‍ഹി പബ്ലിക് സ്കൂള്‍, മാര്‍ത്തഹള്ളിയിലെ ന്യൂ അക്കാഡമി സ്കൂള്‍, ഗോവിന്ദപുരയിലെ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ തുടങ്ങിയ സ്കൂളുകള്‍ക്കും ഭീഷണിയുണ്ടെന്ന് പിന്നീട് വ്യക്തമായി. [email protected] എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശങ്ങള്‍ സ്കൂളുകള്‍ക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: