പാലക്കുന്ന്: നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കീഴൂര്‍ ക്ഷേത്രത്തിന്റെ പൗരാണിക പാരമ്പര്യത്തിന് ക്ഷതമേല്‍പ്പിക്കും വിധം കടന്നു പോകുന്നതില്‍ ചന്ദ്രഗിരി ശാസ്താതൃക്കണ്ണട് ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ട്രസ്റ്റി ബോര്‍ഡ് യോഗം പ്രതിഷേധിച്ചു. കെറെയില്‍ ലൈന്‍ കടന്നു പോകുമ്പോള്‍, ആചാരപരമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രക്കുളവും, അരയാല്‍ തറയും ഇല്ലാതാകും. ഏതാണ്ട് 500 വര്‍ഷം പഴക്കമുള്ള അരയാല്‍ വൃക്ഷവും നിര്‍ദിഷ്ട പാതയോട് ചേര്ന്നാണൂള്ളത്.
കുളം ഇല്ലാതായാല്‍ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിഘ്നം വരും. അരയാല്‍ വൃക്ഷത്തിന്റെ ചുവട്ടിലാണ് മഹാഗണപതി ക്ഷേത്രം നിലകൊള്ളുന്നത്. ഡിപിആറില്‍ 25 മീറ്റര്‍ വരെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്നാണറിയുന്നത്. ഇരുവശങ്ങളിലും 10 മീറ്റര്‍ വീതം ബഫര്‍സോണായി പരിഗണിക്കുമത്രേ. ദേശാധിപത്യം വാണരുളുന്ന മഹാക്ഷേത്രമാണിത്. ക്ഷേത്രവുമായി അഭേദ്യബന്ധമുള്ള കീഴൂര്‍ കളരിയമ്പലത്തിന്റെ സിംഹഭാഗവും നിരവധി തറവാട് ഭവനങ്ങളും കെ റെയില്‍ ലൈന്‍ പദ്ധതിയുടെ അലൈന്മെന്റില് ഉള്‍പ്പെടുന്നുണ്ട്.
പൗരാണിക പാരമ്പര്യമുള്ള കീഴൂര്‍ ശാസ്താ ക്ഷേത്രത്തെ സംരക്ഷിക്കാന്‍ അധികൃതരില്‍ സമ്മര്‍ദം ചെലുത്താനുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്കാന് തന്ത്രീശ്വരന്മാരുടെ സാന്നിധ്യത്തില്‍ നാട്ടുകാര്‍, ജനപ്രതിനിധികള്‍, കഴക ക്ഷേത്രങ്ങള്‍, ഹൈന്ദവ സംഘടനകള്‍, മുഴുവന്‍ ഭക്തജനങ്ങള്‍, മാതൃസമിതികള്‍, ഭജന സമിതികള്‍ ഉത്സവാഘോഷ കമ്മറ്റികള്‍, തറവാട് വീട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന മഹായോഗം നാളെ ഉച്ചയ്ക്ക് 2.30ന് കീഴൂര്‍ ക്ഷേത്രം ആഗ്രശാലയില്‍ ചേരാനും ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: