ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ ചങ്ങാതിയെന്ന് വിളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഇന്ത്യയിലെത്തിയ ബോറിസ് ജോണ്സണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യക്കാര്‍ സച്ചിന് ടെണ്ടുല്‍ക്കറെയും അമിതാഭ് ബച്ചനെയും സ്വീകരിക്കുന്നതുപോലെ തന്നെ പരിഗണിച്ചെന്നും ബോറിസ് ജോണ്സണ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തില്‍ നല്കിയ സ്വീകരണത്തിന് ബോറിസ് ജോണ്സണ് നന്ദി പറഞ്ഞു.
എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര, എന്റെ സ്പെഷ്യല്‍ ഫ്രണ്ട്… നിങ്ങളിവിടെ എനിക്ക് അതിശയകരമായ സ്വീകരണമാണ് നല്‍കിയത്. ഇന്ത്യയില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഞാനിവിടെ ചെലവഴിച്ചത്. അങ്ങനെ ഞാന്‍ ഗുജറാത്ത് സന്ദര്‍ശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. എനിക്ക് സച്ചിന് ടെണ്ടുല്‍ക്കറേയും അമിതാഭ് ബച്ചനേയും പോലെ തോന്നി. എല്ലായിടത്തും എന്റെ ചിത്രങ്ങള്‍ കാണപ്പെട്ടു. എനിക്കിത് വിചിത്ര അനുഭവമായിരുന്നു’ ബോറിസ് ജോണ്സണ് പറഞ്ഞു.
ഈ വര്‍ഷം ദീപാവലിയോടെ ഇന്ത്യയും യു.കെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കാനുള്ള പാതയിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴാണ് ഏറ്റവും മികച്ച അവസ്ഥയിലുള്ളത്. പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ ഇന്ത്യ-യു.കെ ബന്ധം പ്രതീക്ഷ നല്‍കുന്നതാണെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബോറിസ് ജോണ്‍സണെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദി സ്വീകരിച്ചത്. ഇന്ത്യ- യു.കെ സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. പ്രതിരോധം, വ്യാപാരം, ക്ലീന്‍ എനര്‍ജി എന്നിവയില്‍ സഹകരണം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: