മുംബൈ : 10,000 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പട്ടിണി ഇല്ലാതാകുമെന്ന് അദാനി ഗ്രൂപ്പ് സിഇഒ ഗൗതം അദാനി. 2050 ഓടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലേക്ക് 25 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും ഓഹരി വിപണി മൂലധനത്തിലേക്ക് 40 ട്രില്യണ്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കപ്പെടുമെന്നാണ് ഗൗതം അദാനി വ്യക്തമാക്കിയത്.
2050 വരെയുള്ള ഈ കാലയളവില്‍, രാജ്യത്തിന്റെ സമ്പദ്്യവസ്ഥയിലേക്ക് 25 ട്രില്യണ്‍ യുഎസ് ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ പ്രതിദിനം 2.5 ബില്യണ്‍ യുഎസ് ഡോളര്‍ ജിഡിപിയിലേക്കും നാല് ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനിലേക്കും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അങ്ങനെ ഇന്ത്യയിലെ 1.4 ബില്യണ്‍ ആളുകളുടെ ജീവിത നിലവാരം ഉയരും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഇതൊരു കുതിച്ചുചാട്ടമായിരിക്കും എന്നും അദാനി പറഞ്ഞു. മുംബൈയില്‍ ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണക്കുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ ഇതൊരു വലിയ സംഖ്യയായി തോന്നുമെങ്കിലും 10,000 ദിവസങ്ങള്‍ കൊണ്ട് രാജ്യത്തിന് ഇത് സാധ്യമാക്കാന്‍ കഴിയുമെന്ന് അദാനി കൂട്ടിച്ചേര്‍ത്തു. ആസൂത്രണം ചെയ്തതുപോലെ സമ്പദ്വ്യവസ്ഥ വളരുകയാണെങ്കില്‍ ഓഹരി വിപണിയില്‍ 40 ട്രില്യണ്‍ ഡോളര്‍ മൂലധനം വര്‍ധിക്കും.അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഊര്‍ജ്ജ ഉല്‍പ്പാദനം, അനുബന്ധ ഭാഗങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വര്‍ദ്ധിക്കുന്നതോടെ പട്ടിണി ഇല്ലാതാകുമെന്നും ഒരാള്‍ പോലും വെറും വയറോടെ ഉറങ്ങേണ്ടി വരില്ലെന്നുമാണ് അദാനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: