ബംഗളൂരു: കര്‍ണാടക ഹിജാബ് വിവാദം തുടരുന്നു. ഇന്ന് ഹിജാബിനെ ക്ലാസ് മുറികളില്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കിയ രണ്ടു വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖ ധരിച്ച് പരീക്ഷ എഴുതണമെന്ന വാശിയുമായി എത്തി. ഉഡുപ്പിയിലെ വിദ്യോദയ പിയു കോളേജില്‍ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനാണ് രണ്ടു വിദ്യാര്‍ത്ഥികളായ ആലിയ അസ്സാദിയും രേഷാമും ബുര്‍ഖ ധരിച്ച് എത്തിയത്. 45 മിനിറ്റോളം ഇന്‍വിജിലേറ്റര്‍മാരെയും കോളേജ് പ്രിന്‍സിപ്പലിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം ശരിവച്ച കോടതി ഉത്തരവ് അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഇവര്‍ വിദ്യാര്‍ത്ഥിനികളെ അറിയിച്ചു. ബുര്‍ഖ മാറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിനികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇവരെ പരീക്ഷ എഴുതിക്കാതെ തിരിച്ചയച്ചത്.
കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി ബോര്‍ഡ് നടത്തുന്ന പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 6,84,255 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 1,076 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടക്കുക. ഹിജാബ് വിഷയത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യസിച്ചിരിക്കുന്ന കനത്ത സുരക്ഷയിലാണ് പരീക്ഷകള്‍.
ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: