തിരുവല്ല: വയോജന സൗഹൃദ ഭാരതം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി രൂപം കൊടുത്ത കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം സംസ്ഥാനത്ത് ശക്തമാക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് എല്‍ഡര്‍ ലൈന്‍ എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം.
രണ്ട് ജില്ലയ്‌ക്കായി ഒരു കോ-ഓര്‍ഡിനേറ്റര്‍ എന്ന രീതിയില്‍ സംസ്ഥാനത്ത് ഏഴു കോ-ഓര്‍ഡിനേറ്റര്‍മാരും ഓരോ ജില്ലയിലും രണ്ട് ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുമാണുള്ളത്. എല്‍ഡര്‍ ലൈന്‍ ടോള്‍ ഫ്രീ നമ്പറായ 14567 ബന്ധപ്പെടുന്നതിലൂടെ വയോജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സാമൂഹ്യ നീതി വകുപ്പാണ്. അങ്കണവാടി ജീവനക്കാരുടെ സഹായത്തോടെ ഹെല്‍പ്പ് ലൈനിനെക്കുറിച്ച് വയോജനങ്ങളെ ബോധവത്ക്കരിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ടതോ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ടതോ ആയ വിവരങ്ങള്‍ അറുപതു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരെ അറിയിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ സഹായിക്കും. നിയമ സഹായങ്ങള്‍ നല്‍കാനും ബോധവത്ക്കരണം നല്‍കാനും കേരളാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയുമായി ചേര്‍ന്ന് ഹെല്‍പ്പ്‌ലൈന്‍ സഹായിക്കും. മുതിര്‍ന്നവര്‍ക്ക് മാനസിക പിന്തുണ, കൗണ്‍സിലിങ് എന്നിവയും നല്‍കും. ഒരു കേസ് വന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും നാല് മണിക്കൂറിനുള്ളില്‍ അവരെ പോയി കാണുകയും ചെയ്യും.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 14567 എന്ന ടോള്‍ ഫ്രീ നമ്പറില്‍ രാവിലെ എട്ടിനും രാത്രി എട്ടിനും ഇടയില്‍ ബന്ധപ്പെടാം. ഹെല്‍പ്പ്‌ലൈന്‍ ആഴ്ച മുഴുവന്‍ പ്രവര്‍ത്തിക്കും. പ്രൊജക്ട് മാനേജര്‍, അഡ്മിന്‍/ഫിനാന്‍സ് ഓഫീസര്‍, നേതാക്കള്‍, ഫീല്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍മാര്‍, കോള്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു ടീമാണ് നയിക്കുന്നത്. സന്തുഷ്ടവും ആരോഗ്യകരവുമായ വാര്‍ധക്യം ഉറപ്പാക്കി മുതിര്‍ന്ന പൗരന്മാരുടെ ജീവിതത്തില്‍ നല്ല മാറ്റം വരുത്താന്‍ എല്‍ഡര്‍ ലൈനിന് സാധിക്കുമെന്ന് പ്രോഗ്രാം മാനേജര്‍ പറഞ്ഞു.
പ്രവര്‍ത്തനം ഇങ്ങനെ
വിവരങ്ങള്‍, മാര്‍ഗനിര്‍ദേശം, വൈകാരിക പിന്തുണ, ഫീല്‍ഡ് ഇടപെടല്‍ എന്നിവ നല്‍കും. വിവരങ്ങളോ മാര്‍ഗ്ഗനിര്‍ദേശങ്ങളോ സംബന്ധിച്ച കോളുകള്‍ സ്വീകരിക്കുമ്പോള്‍, കണക്ട് സെന്റര്‍ ടീം ആവശ്യമായ സേവനങ്ങള്‍ നല്‍കും. കോളിന്റെ സ്വഭാവം അടിസ്ഥാനമാക്കി, പ്രൊഫഷണല്‍ കൗണ്‍സിലര്‍മാര്‍, നിയമ സേവന അതോറിറ്റി മുതലായവയിലേക്ക് കോള്‍ റീഡയറക്ട് ചെയ്യും. ഉപേക്ഷിക്കപ്പെട്ട പ്രായമായവരെ രക്ഷപ്പെടുത്തുന്ന സാഹചര്യത്തില്‍ ഫീല്‍ഡ് ടീം മുതിര്‍ന്ന വ്യക്തിയെ അടുത്തുള്ള വൃദ്ധസദനത്തിലേക്ക് മാറ്റി അവരുടെ കുടുംബവുമായി ഒന്നിപ്പിക്കാന്‍ ശ്രമിക്കും.
പോലീസ്, ആരോഗ്യ വകുപ്പ്, ലീഗല്‍ സര്‍വീസ് അതോറിറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക