കോട്ടയം: പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് കടുത്തുരുത്തി പോലീസ് മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തതോടെ രക്ഷിതാക്കള്‍ ജാഗ്രതയിലും ആശങ്കയിലും. അപരിചിതരായ യുവാക്കളെ അടുത്ത കാലത്ത് സ്കൂളുകളുടെയും ആരാധനാലയങ്ങളുടെയും പരിസരങ്ങളില്‍ തുടര്‍ച്ചയായി കാണുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇന്നലെയും കടുത്തുരുത്തി ടൗണില്‍ നിന്ന് സ്കൂളിലേക്ക് പോകുന്ന വഴിയിലും ആലപ്പുഴ തീരദേശ റോഡിലുമായി കൗമാരക്കാരയ പെണ്‍കുട്ടികളെയും യുവാക്കളെയും കണ്ടിരുന്നു. സ്കൂള്‍ യൂണിഫോമില്‍ തോളത്ത് സ്കൂള്‍ ബാഗും തൂക്കിയിട്ടാണ് പെണ്‍കുട്ടികള്‍ കാമുകന്മാരായ യുവാക്കള്‍ക്കൊപ്പം ചുറ്റിത്തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
വീടുകളില്‍ നിന്ന് സ്കൂള്‍ യൂണിഫോം ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ സ്കൂലിലെത്തുന്നതിന് മുന്‍പേ യൂണിഫോം ഒഴിവാക്കി വേറെ വസ്ത്രങ്ങള്‍ ധരിക്കും. ഇവര്‍ ഉപയോഗിക്കുന്ന ശീതളപാനീങ്ങളുടെയും ബിയറിന്റെയും കുപ്പികളും ഇവര്‍ തമ്പടിക്കുന്ന സ്ഥലങ്ങലില്‍ നിന്ന് കണ്ടെത്തുന്നുണ്ട്.
ലഹരി കലര്‍ത്തിയവയാണ് ഇവയെന്ന് പല സ്ഥലത്തും നിന്നും ലഭിച്ച കുപ്പികള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലഹരി കലര്‍ത്തിയ പാനീയങ്ങള്‍ നല്‍കിയാണ് പ്രണയ തട്ടിപ്പിനായെത്തുന്ന കാമുകന്മാര് പെണ്‍കുട്ടികളെ വരുതിയിലാക്കുന്നത്. അപരിചിതരായ യുവാക്കളുടെ അപകടകരമായ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ഇത്തരത്തില്‍ അപരിചിതരെ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് പോലീസ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം പിടിയിലാകാനുള്ള നാലാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ സങ്കീര്‍ത്ത് (22) ആണ് പിടിയിലാകാനുള്ള നാലാമന്. പോലീസിന്റെ പിടിയില്‍ പെടാതെ മാറി
നില്ക്കുന്ന പ്രതി ഉടന്‍ പിടിയിലാകുമെന്നാണറിയുന്നത്. പ്രണയ തട്ടിപ്പുമായി ബന്ധപെട്ട് യുവാക്കള്‍ അറസ്റ്റിലായതോടെ പെണ്‍കുട്ടികളെ കുരുക്കിലാക്കാന്‍ യുവാക്കളുടെ സംഘം കറങ്ങി നടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടുത്തുരുത്തി പോലീസ് പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികള്‍ റിമാന്‍ഡിലാണ്. പ്രതികളെല്ലാം പ്രണയ തട്ടിപ്പ് നടത്തുന്നതിന് മാത്രമായി മറ്റു ജില്ലകളില്‍ നിന്നെത്തി ഇവിടെ മാസങ്ങളും വര്‍ഷങ്ങളുമായി താമസിച്ചിരുന്നവരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും നടത്തുന്നവരാണ് പിടിയിലായവരും ഈ യുവാക്കളുടെ കൂട്ടത്തിലുള്ളവരുമെന്നും പോലീസ് പറഞ്ഞു. ഇതുതന്നെയാണ് ഇവരുടെ പ്രധാന വരുമാനമെന്നും പോലീസ് പറയുന്നു. ഇവരെ കൂടാതെ ഇനിയും ഇത്തരം യുവാക്കള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാണ്ട് പതിനഞ്ചോളം പെണ്‍ക്കുട്ടികള്‍ ഈ മേഖലയില്‍ പ്രണയകുരുക്കില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
പെണ്‍ക്കുട്ടികള്‍ നല്കിയ ഫോണ്‍ നമ്പരുകളും ഫോട്ടോകളും മറ്റു വിവരങ്ങളും വച്ചുള്ള അന്വേഷണം പോലീസ് തുടരുന്നുണ്ട്. പ്രതികളുടെയും ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെയും ഫോണ്‍ നമ്പരുകളും ഇവരുടെ വാട്സാപ്പ്, ഫെയ്സ് ബുക്ക് ബന്ധങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: