കാസര്‍ഗോഡ് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. യെമന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. റംസാന് അവസാനിക്കും മുമ്പ് ഇതുസംബന്ധിച്ച് തീരുമാനം അറിയിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജയിലില്‍ കഴിയുന്ന നിമിഷയെ നേരിട്ട് കാണുന്നതിനും ഇവരുടെ മോചനം സംബന്ധിച്ച് തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പ് അപേക്ഷിക്കുന്നതിനുമായി ഇവരുടെ അമ്മയും എട്ട് വയസ്സുള്ള മകളും യെമനിലേക്ക് പോകുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്കിയിരിക്കവേയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം 50 മില്യണ്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) ദയാധനം തലാലിന്റെ കുടുംബം ആവശ്യപ്പട്ടിട്ടുണ്ട്. കൂടാതെ 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍ട്ടിയും കെട്ടിവെയ്ക്കേണ്ടതുണ്ട്. റംസാന് അവസാനിക്കും മുമ്പ് ഇതുസംബന്ധിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഇക്കാര്യം യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷയെ അധികൃതര്‍ അറിയിച്ചു കഴിഞ്ഞു.
നിമിഷയുടെ മോചനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടലുകള്‍ നടത്തണമെന്നും ഇവരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച പാളിച്ചയാണെന്നും മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും ക്ഷമിക്കുമെന്ന പ്രതീക്ഷയില്‍ നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമം എന്ന നിലയിലാണ് അമ്മയും കുഞ്ഞും യെമനിലേക്ക് പോകാന്‍ തീരുമാനിച്ചത്. സേവ് നിമിഷ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: