പാലക്കാട് : ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈര്‍ കൊല്ലപ്പെട്ട ദിവസം ജില്ലാ ആശുപത്രി മോര്‍ച്ചറിയുടെ പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ഒരു ബൈക്കും ആയുധങ്ങള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുമാണ് കണ്ടെത്തിയത്. കേസില്‍ ഇതിനുമുമ്പ് നാല് പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ സഹായിച്ച മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, പ്രതികളുടെ ഫോണുകള്‍ വീടുകളിലെത്തിച്ച റിസ്വാന് എന്നിവരാണ് പിടിയിലായത്. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും. അതേസമയം കൃത്യത്തില്‍ നേരിട്ട് പങ്കുള്ള ആറ് പേര് ഉടന്‍ പിടിയിലാകുമെന്നും പോലീസ് സൂചന നല്കി.
കേസില്‍ 16ഓളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ശംഖുവാരത്തോട് സ്വദേശി അബ്ദുറഹ്മാന്, തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി ഉമ്മര്‍, ഫിറോസ്, ആക്ടീവ ബൈക്കില്‍ ഉണ്ടായിരുന്ന അബ്ദുള്‍ ഖാദര്‍ എന്നിവരുള്‍പ്പടെയുള്ള സംഘത്തിന് വേണ്ടി തെരച്ചില്‍ നടത്തി വരികയാണ്. അതിനിടെ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഏപ്രില്‍ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: