Categories: Main Article

ഇന്ന് രാജ്യാന്തര ഭൗമദിനം; ഭൂമിയുടെ സ്വാഭാവിക ജൈവഘടന സംരക്ഷിക്കാം

നമ്മുടെയും കുടുംബങ്ങളുടേയും ആരോഗ്യവും ഉപജീവന മാര്‍ഗങ്ങളും ആത്യന്തികമായി സംരക്ഷിക്കപ്പെടണമെന്ന ചിന്ത യാഥാര്‍ത്ഥ്യമാകുവാന്‍ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന ചിന്തകൂടി ഉണ്ടാകണം. അതിനുള്ള മാനസിക നിലയിലേക്ക് നാം മാറിയേ തീരൂ. ഭൂമിയുടെ സ്വാഭാവിക ജൈവ ഘടനയെ തിരികെ എത്തിക്കുക എന്നതാവണം നമ്മുടെ ആത്യന്തിക ലക്ഷ്യം.

Published by

ബി.എസ്. ഭദ്രകുമാര്‍

ഏപ്രില്‍ 22 അന്താരാഷ്‌ട്ര ഭൗമദിനമായി ആചരിക്കുകയാണ്. ഏകദേശം 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് സൗരയൂഥം അതിന്റെ ഇന്നുള്ള രൂപരേഖയില്‍ എത്തപ്പെട്ടപ്പോള്‍ ഗുരുത്വാകര്‍ഷണ ബലം കാരണം കറങ്ങുന്ന വാതകവും പൊടിയും മറ്റും വലിച്ചെടുത്ത് സൂര്യനില്‍ നിന്നുള്ള മൂന്നാമത്തെ ഗ്രഹമായി ഭൂമി രൂപപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്. ഭൂമി ഒഴികെയുള്ള സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിലും നാളിതുവരെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ അന്തരീക്ഷം ഉള്ളതായി കണ്ടെത്തിയിട്ടില്ല. അതുതന്നെയാണ് ഭൂമിയുടെ പ്രാധാന്യവും. അതിനാല്‍ ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ഭൂമി നിലനിന്നേ മതിയാവൂ. ഭൂമിയിലുള്ള സസ്യജാലങ്ങളും ജന്തുജാലങ്ങളും ഉള്‍പ്പെടെ ജീവനുള്ളവയായി നിരവധി വൈവിധ്യങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ ഭൂമിയുടെ നിലനില്പിന് ഭീഷണിയായി പ്രവര്‍ത്തിക്കുന്നത് മനുഷ്യന്‍ മാത്രമാണ്. അതായത് ഭൂമിയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന് വേണ്ടി മനുഷ്യര്‍ മനുഷ്യരുടെ ഇടയില്‍ നടത്തിവരുന്ന നിരവധി പ്രവൃത്തികളുണ്ട്. അതില്‍ ഒന്നാണ് ഭൗമദിനാചരണം.

അമേരിക്കന്‍ സൈനറ്റര്‍ ആയിരുന്ന ഗേലോര്‍ഡ് നെല്‍സണ്‍ എന്നയാളാണ് ഭൗമദിനാചരണ പരിപാടി സംഘടിപ്പിക്കുന്നതിന് ആദ്യമായി മുന്‍കൈ എടുത്തത്. 1970 ഏപ്രില്‍ 22ന് ആദ്യഭൗമദിനാചരണം നടന്നു. മലിനീകരണം, ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരമാവധി കുറച്ച് അതിലൂടെ ഭൂമിയുടെ നിലനില്പിന് നേരെ ഉയരുന്ന ഭീഷണികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൗമദിനാചരണം ആരംഭിച്ചത്. 2010 ഓടെ ആണ് ഇന്ത്യയില്‍ ഏകീകൃത രൂപത്തില്‍ ഭൗമദിനാചരണം ആരംഭിക്കുന്നത്.

മുമ്പത്തേക്കാളും അപകടകരമായ നിലയില്‍ കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും വര്‍ധിച്ചിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഭൗമദിനാചരണത്തിന്റെ പ്രസക്തി ഏറുകയാണ്.  52-ാമത് ഭൗമദിനാചരണം ഈ വര്‍ഷം നടക്കുമ്പോള്‍ തുടങ്ങിയിടത്തുനിന്നും ലക്ഷ്യത്തിലേക്കുള്ള അകലം വര്‍ധിക്കുകയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ‘ഭൂമിയിലെ സുസ്ഥിരമല്ലാത്ത നിക്ഷേപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ എല്ലാവരും ശ്രമിക്കണം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പരിസ്ഥിതി ബോധമുള്ള ബ്രാന്‍ഡുകളേയും ഉത്പന്നങ്ങളേയും പിന്തുണയ്‌ക്കുക, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനും മലിനീകരണത്തോത് കുറച്ചുകൊണ്ടുവരുന്നതിനും വേണ്ടി ഓരോരുത്തരും അവരവരുടെ സ്വന്തം കഴിവും ശബ്ദവും പരമാവധി ഉപയോഗിക്കേണ്ടതുണ്ട്. ഭൂമിക്ക് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. അത്തരം വസ്തുക്കളുടെ പുനരുപയോഗവും പുനര്‍നിര്‍മാണവും പരമാവധി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്.

നമ്മുടെയും കുടുംബങ്ങളുടെ ആരോഗ്യവും ഉപജീവന മാര്‍ഗങ്ങളും ആത്യന്തികമായി സംരക്ഷിക്കപ്പെടണമെന്ന ചിന്ത യാഥാര്‍ത്ഥ്യമാകുവാന്‍ ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല എന്ന ചിന്തകൂടി ഉണ്ടാകണം. അതിനുള്ള മാനസിക നിലയിലേക്ക് നാം മാറിയേ തീരൂ. ഭൂമിയുടെ സ്വാഭാവിക ജൈവ ഘടനയെ തിരികെ എത്തിക്കുക എന്നതാവണം നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള പ്രവര്‍ത്തന പദ്ധതികളും ചിന്തകളും രൂപപ്പെടുത്തുന്നതിനുള്ള അവസരമായി ഭൗമദിനാചരണത്തെ കാണണം. അല്ലാത്തപക്ഷം നമ്മുടെ ഭാവി ഇരുളടയും എന്നതില്‍ തര്‍ക്കം വേണ്ട. മലയാളിയുടെ  എക്കാലത്തേയും ഹരിത കവയിത്രി സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍: ”ഇത് തോല്‍ക്കാന്‍ വേണ്ടിയുള്ള യുദ്ധമാണ്. തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിലേക്ക് പടയാളികളെ കിട്ടുക പ്രയാസമാണ്. അതിനാല്‍ ഉള്ള പടയാളികള്‍ ചാവേറുകള്‍ ആകണം. എങ്കിലേ തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധമാണെങ്കില്‍കൂടി അതിന്റെ ദൈര്‍ഘ്യം നീട്ടിക്കൊണ്ട് പോകാനാവുകയുള്ളൂ.” അത്തരമൊരു ചടുലമായ പ്രവര്‍ത്തനത്തിന് മുന്‍കൈ എടുക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ശ്രമിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by