നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് കൈവരിക്കുന്ന രാജ്യം ഭാരതമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നു. അമേരിക്ക, ചൈന, ബ്രിട്ടന്, ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്, ജപ്പാന്, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പിന്തള്ളിയാവും ഭാരതം ഈ നേട്ടം കൈവരിക്കുക. ചൈനയുടെതിനേക്കാള്‍ ഇരട്ടിയോളം വളര്‍ച്ചാനിരക്ക് ഭാരത സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാവുമെന്നതാണ് എടുത്തുപറയേണ്ട കാര്യം. 8.2 ശതമാനത്തിന്റെ വളര്‍ച്ച നേടുന്ന ഭാരതത്തിന്റെ തൊട്ടുപിന്നില്‍ സൗദി അറേബ്യയാണ്. വികസിത രാജ്യങ്ങളായി കരുതപ്പെടുന്ന അമേരിക്കയും ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ വളരെ പിന്നിലാണെന്നതാണ് മറ്റൊരു കാര്യം. ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞപ്പോള്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫലപ്രദമായ സാമ്പത്തിക നയങ്ങളാണ് ഇതിനിടയാക്കിയതെന്നും, വരും വര്‍ഷങ്ങളിലും ഭാരതം വളര്‍ച്ചാനിരക്കില്‍ മുന്നേറുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. മികച്ച സാമ്പത്തിക നയം കാരണമാണ് ഭാരതം പ്രതിസന്ധിയുടെ കാലത്തും മുന്നേറുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിയേവ പറയുകയുണ്ടായി. ഭാരതം നടത്തുന്ന വലിയതോതിലുള്ള മൂലധന നിക്ഷേപമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്ന് നിര്‍മല സീതാരാമന് വിശദീകരിച്ചു. ലോകബാങ്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഐഎംഎഫ് മേധാവിയുമായി ഭാരത ധനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയരുന്നതുമൂലം ഇന്ധനവില വര്‍ദ്ധിക്കുന്നതില്‍ ക്രിസ്റ്റലീനയും നിര്‍മലയും ആശങ്ക പ്രകടിപ്പിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ, ആ രാജ്യത്തിന് ഭാരതം നല്കുന്ന പലതരത്തിലുള്ള സഹായങ്ങളെ ഐഎംഎഫ് മേധാവി പ്രശംസിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ആയിരക്കണക്കിനാളുകളാണ് ടയറുകള്‍ കത്തിച്ചും മറ്റും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഇതുവരെ 400,000 ടണ്‍ ഇന്ധനമാണ് ശ്രീലങ്കയില്‍ ഭാരതം എത്തിച്ചിട്ടുള്ളത്. ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിങ്ങനെ രണ്ട് ബില്യണ്‍ ഡോളറിന്റെ സഹായവും എത്തിച്ചുകഴിഞ്ഞു. ഇന്ധനം വാങ്ങുന്നതിനായി 500 ബില്യണ്‍ ഡോളര്‍ കൂടി നല്കാന് ഭാരതം ഒരുങ്ങുകയാണ്. ഐഎംഎഫിന്റെയും മറ്റും സഹായങ്ങള്‍ ശ്രീലങ്കയിലെത്താന്‍ വളരെയധികം സമയമെടുക്കുന്ന സാഹചര്യത്തിലാണ് അയല്‍രാജ്യത്തെ കയ്യയച്ച് സഹായിക്കാന്‍ ഭാരതം മുന്നോട്ടുവന്നത്. ചൈനയുടെ സാമ്പത്തിക ഇടപെടലുകളാണ് ശ്രീലങ്കയെ ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് നയിച്ചതെന്ന വിലയിരുത്തലുണ്ട്. ഇക്കാര്യം കണക്കിലെടുക്കുമ്പോഴും ഭാരതം നല്കുന്ന സഹായത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭാരതത്തിലെ കൊവിഡ് വാക്സിനേഷന് മികച്ച രീതിയില്‍ മുന്നേറുന്നതിലും പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കിയതിലും ഐഎംഎഫ് മേധാവി ആഹ്ളാദം പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥ കരുത്തോടെ നിലനില്‍ക്കുന്നതിനാലാണ് ഇത്തരം സഹായങ്ങള്‍ ഭാരതത്തിന് നല്കാനാവുന്നത്.
ഐഎംഎഫ് അതിന്റെ വാര്‍ഷിക സാമ്പത്തിക വീക്ഷണ രേഖയിലാണ് ഭാരത സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കിനെ പ്രശംസിച്ചിട്ടുള്ളത്. ഉക്രൈന് യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെ വലിയതോതില്‍ ബാധിച്ചിരിക്കുമ്പോഴാണ് അതിന്റെ പ്രത്യാഘാതങ്ങള്‍ ഭാരതത്തില്‍ കാര്യമായൊന്നും പ്രതിഫലിക്കാതിരിക്കുന്നത്. യുദ്ധംമൂലം ഉക്രൈന്റെ സമ്പദ്വ്യവസ്ഥ പാടെ തകര്‍ന്നതായും, ഉപരോധംമൂലം റഷ്യയ്ക്ക് വലിയ തിരിച്ചടി സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടുകളില്‍ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് നിഷേധാത്മകമായ എന്തെങ്കിലും പരാമര്‍ശമുണ്ടാവുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ന്നു, അത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ മൂലമാണെന്നും മുറവിളി കൂട്ടുന്നവരാണ് പ്രതിപക്ഷ കക്ഷികള്‍. കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി. ചിദംബരത്തെപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ ദുഷ്ടലാക്കോടെയുള്ള ആവേശമാണ് കാണിക്കാറുള്ളത്. ഇപ്പോള്‍ ഭാരത സമ്പദ്വ്യവസ്ഥയുടെ കരുത്തിനെ ഐഎംഎഫ് പ്രശംസിക്കുമ്പോള്‍ മോദിവിരുദ്ധരും സര്‍ക്കാരിന്റെ വിമര്‍ശകരും സൗകര്യപൂര്‍വം മൗനം പാലിക്കുകയാണ്. വളര്‍ച്ചാനിരക്കിന്റെ വര്‍ദ്ധനവ് പൊതുഭരണം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളില്‍ വലിയ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കും. 2029 ആവുമ്പോഴേക്കും ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഭാരതത്തെ മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ നിലയ്ക്ക് ആ ലക്ഷ്യം കൈവരിക്കാനാവുമെന്ന പ്രതീക്ഷയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: